നിയന്ത്രണം തെറ്റി അന്തർവാഹിനി ഇടിച്ചു; 12000 അടി ആഴത്തിൽ ഇപ്പോഴും ടൈറ്റാനിക്
1912 ഏപ്രിൽ 15 അർധരാത്രി 1.40. ചരിത്രം ഒരിക്കലും മറക്കില്ല ആ ദിവസവും സമയവും. ലോകത്തിലെ ഏറ്റവും വലിയ യാത്രക്കപ്പലുകളിലൊന്നായ ടൈറ്റാനിക് അന്നാണു കടലിന്റെ ആഴങ്ങളിൽ മറഞ്ഞത്. അതും യാത്ര ആരംഭിച്ച് അഞ്ചാം നാൾ രാത്രിയിൽ. കൊച്ചുകൂട്ടുകാരുടെ പാഠപുസ്തകത്തിൽ മാത്രമല്ല സിനിമയിലും ലോകപ്രശസ്ത നോവലുകളിലുമെല്ലാം ആ കപ്പൽ തകർച്ച ഇന്നും നിറഞ്ഞുനിൽക്കുന്നുണ്ട്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്തുനിന്ന് 350 നോട്ടിക്കൽ മൈൽ മാറിയിട്ടായിരുന്നു മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക് തകർന്നു താഴ്ന്നത്. ഏകദേശം 12,000 അടി ആഴത്തിൽ ആ കപ്പൽ വർഷങ്ങളോളം ആർക്കും പിടികൊടുക്കാതെ കിടന്നു.
73 വർഷത്തിനപ്പുറം 1985 സെപ്റ്റംബർ ഒന്നിന് റോബർട്ട് ബല്ലാർഡ് എന്ന പര്യവേക്ഷകന്റെ നേതൃത്വത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ടു കഷ്ണമായാണ് ടൈറ്റാനിക് കടലിനടിയിലേക്കു താഴ്ന്നതെന്നു കണ്ടെത്തിയതും റോബർട്ടിന്റെ സംഘമാണ്. കടലിന്റെ ആഴങ്ങളിലേക്കു പോകുന്തോറും മർദവ്യതിയാനം വരുന്നതിനാൽ മനുഷ്യജീവന് ഏറെ ഭീഷണിയായിരുന്നു അവശിഷ്ടം തേടിയുള്ള യാത്ര. പക്ഷേ അടുത്തിടെ ഒരു അന്തർവാഹിനി വീണ്ടും ടൈറ്റാനിക്കിന് അടുത്തെത്തി, അതും മനുഷ്യരുമായി. എയോസ് പര്യവേഷണത്തിന്റെ ഭാഗമായി ട്രൈറ്റൻ എന്ന അന്തർവാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയതും. ടൈറ്റാനിക് അവശിഷ്ടത്തിന്റെ ഇത്രയേറെ വ്യക്തമായ ദൃശ്യങ്ങൾ പകർത്തുന്നതും ഇതാദ്യം. നാഷനൽ ജ്യോഗ്രഫിക് ചാനൽ ഈ ദൃശ്യങ്ങളുപയോഗിച്ച് ഒരു ഡോക്യുമെന്ററിയും ഒരുക്കുന്നുണ്ട്.
പക്ഷേ ട്രൈറ്റണിന്റെ ഈ യാത്ര വാർത്തയിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടായിരുന്നു. ടൈറ്റാനിക് അവശിഷ്ടത്തിൽ അന്തർവാഹിനി ചെന്നിടിച്ചതാണു പ്രശ്നമായത്. യുഎസ് സർക്കാരാകട്ടെ ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു. ആർഎംഎസ് ടൈറ്റാനിക് കോർപറേഷൻ എന്ന കമ്പനിക്കാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ എടുക്കാൻ നിയമാനുസൃതമായി അനുമതിയുള്ളത്. കപ്പലിന് എന്തെങ്കിലും കേടുപാടു സംഭവിച്ചാൽ അത് കമ്പനിയെ അറിയിക്കണമെന്നുമുണ്ട്. ആ ഉറപ്പ് ലംഘിച്ചതിനാണ് യുഎസ് സർക്കാരിനെതിരെ കമ്പനി രംഗത്തെത്തിയത്. ടൈറ്റാനിക്കിന്റെ മുൻഭാഗത്തിനു വലതുവശത്ത് ഇടിച്ചതായി ട്രൈറ്റൺ സംഘവും സമ്മതിച്ചു. അവിടെ നിന്ന് ഒരു ഭാഗം ഇളകിമാറുകയും ചെയ്തു. എന്നാൽ അതു വലിയ പരുക്കൊന്നുമല്ലെന്നാണു സംഘം പറയുന്നത്. അതിശക്തമായ അടിയൊഴുക്കും മറ്റും കാരണം നിയന്ത്രണം വിട്ട അന്തർവാഹിനി കപ്പലിൽ ഇടിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.
2019 ജൂലൈയിലായിരുന്നു സംഭവം. പര്യവേക്ഷക സംഘം ഒരു കാര്യം കൂടി പറഞ്ഞു. കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ 40 വർഷത്തിനകം ടൈറ്റാനിക് പൂർണമായും കടലിനടിയിൽ നിന്നു മാഞ്ഞുപോകുമെന്ന്. ലോഹങ്ങൾ തിന്നുതീർക്കുന്ന ബാക്ടീരിയങ്ങൾ കപ്പലിന്റെ മിക്ക ഭാഗങ്ങളും നശിപ്പിച്ചു കഴിഞ്ഞു. കപ്പൽ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂർണമായും അവ തിന്നുതീർത്തു. ഉപ്പുവെള്ളത്തിന്റെ ആധിക്യവും അടിയൊഴുക്കുകളുടെ വേഗം കൂടുന്നതുമെല്ലാം കപ്പൽ തുരുമ്പെടുത്തു നശിക്കാനിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ടൈറ്റാനിക്കിനെ സംരക്ഷിക്കാനുള്ള നടപടിയെടുക്കണമെന്നും പര്യവേക്ഷകസംഘം ആവശ്യപ്പെടുന്നു. ടൈറ്റാനിക്കില്‍ നിന്നുള്ള ഒട്ടേറെ വസ്തുക്കൾ ഇതിനോടകം മുകളിലെത്തിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലെ മ്യൂസിയങ്ങളിൽ ഇവ പ്രദർശനത്തിലുമുണ്ട്. മൂന്നരക്കോടി ഡോളർ ചെലവിട്ട് നിർമിച്ച ട്രൈറ്റൺ അന്തർവാഹിനി കടലിൽ ഏറ്റവും ആഴത്തിൽ എത്തിച്ചേരാൻ കഴിവുള്ളതാണ്– ഏകദേശം 36,000 അടി വരെ.
Summary : Triton submarines explores Titanic wreck