ആമസോൺ പോരാളിയുടെ മൃതദേഹത്തിൽ തെളിഞ്ഞു, ‘വണ്ടർ വുമൺ’ കഥയല്ല, സത്യമാണ്
വില്ലന്മാരോടു പടവെട്ടിയും അമ്പെയ്തും വെടിവച്ചും ഇടിച്ചുമൊക്കെ മുന്നേറുന്ന വണ്ടർ വുമണിനെ സിനിമയിൽ കണ്ടപ്പോൾ ആരാണു കയ്യടിച്ചു പോകാത്തത്? ഗ്രീക്ക് പുരാണം പ്രകാരം ആമസോണുകൾ എന്നറിയപ്പെടുന്ന വനിതാ പോരാളി വിഭാഗത്തിൽ ഉൾപ്പെട്ടതാണ് വണ്ടർ വുമൺ. ആമസോൺ പോരാളികൾക്ക് വിവാഹത്തേക്കാളും കുടുംബജീവിതത്തേക്കാളും പ്രധാനപ്പെട്ടതായിരുന്നു യുദ്ധം. വിവാഹം വരെ അവർ പോർക്കളത്തിൽതന്നെയായിരിക്കും. വിവാഹത്തിനു ശേഷം യുദ്ധം അവസാനിപ്പിക്കുമെങ്കിലും അവശ്യഘട്ടത്തിൽ രാജ്യ തലവന്റെ നിർദേശ പ്രകാരം വീണ്ടും പോരാട്ടത്തിനിറങ്ങാനും അവർക്ക് അവകാശമുണ്ട്.
ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസും വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസുമെല്ലാം ആമസോൺ വനിതകളെപ്പറ്റി കുറിച്ചിട്ടുണ്ട്. അതെല്ലാം പക്ഷേ കഥയാണെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ ആമസോൺ പോരാളികൾ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കുന്ന പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ഇന്നുമുണ്ട്. അവരുടെ വിശ്വാസത്തിനു ബലം പകരുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ സിതിയൻ വിഭാഗക്കാര്‍ക്കിടയിലുണ്ടായിരുന്ന വനിതാ പോരാളികള്‍ ആമസോണുകളായിരുന്നുവെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. അടുത്തിടെ അക്കാര്യത്തിൽ ഒരുഗ്രൻ സ്ഥിരീകരണവും ലഭിച്ചു. അതും ആമസോൺ പോരാളിയുടെ മൃതദേഹാവശിഷ്ടം ലഭിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം!
റഷ്യൻ പുരാവസ്തു ഗവേഷകരായ ഡോ.മറീന കിലുനോവ്സ്കയും ഡോ.വ്ളാദിമിര്‍ സെമ്യുനോവുമാണ് 1988ൽ മമ്മിഫിക്കേഷനു വിധേയമാക്കപ്പെട്ട നിലയിൽ ഈ പോരാളിയുടെ മൃതദേഹം കണ്ടെത്തുന്നത്. സൈബീരിയയിൽനിന്നായിരുന്നു അത്. കൃത്യമായി സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. വയറിന്റെ ഭാഗത്ത് തുന്നലിട്ട അടയാളമുണ്ടായിരുന്നു. എന്നാൽ ഇത്തരം മമ്മിഫിക്കേഷനുകൾക്കിടെ തലയോട്ടിയിൽ ദ്വാരമിടുന്ന രീതി ഒഴിവാക്കിയത് ഗവേഷകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ കണ്ടെത്തിയ സമയത്ത് ഗവേഷകർ കരുതിയിരുന്നത് അതൊരു പുരുഷന്റെ മൃതദേഹമാണെന്നായിരുന്നു. മുത്തുമാല കണ്ണാടി തുടങ്ങി സാധാരണ വനിതകളുടെ ശവപ്പെട്ടിയില്‍ വയ്ക്കുന്ന യാതൊന്നും ഒപ്പമുണ്ടായിരുന്നില്ല. മരം കൊണ്ടുള്ള പെട്ടിയിലായിരുന്നു അടക്കം ചെയ്തത്. പ്രത്യേകരീതിയിൽ വസ്ത്രങ്ങളും ധരിപ്പിച്ചിരുന്നു. മഴു, ഒരു മീറ്റര്‍ നീളമുള്ള വില്ല്, 70 സെ.മീ. നീളമുള്ള 10 അമ്പുകൾ എന്നിവയും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ബിർച്ച് മരം കൊണ്ടുള്ളതായിരുന്നു രണ്ട് അമ്പുകൾ. ഒന്നിന്റെ മൂർച്ചയേറിയ അറ്റത്ത് മൃഗത്തിന്റെ അസ്ഥി ഉപയോഗിച്ചിരുന്നു. ബാക്കിയെല്ലാ പോർമുനകളും വെങ്കലം കൊണ്ടുള്ളതും.
അങ്ങനെ യുവ പുരുഷ പോരാളിയുടെ മമ്മിയെന്ന പേരിൽ മൂന്നു പതിറ്റാണ്ടോളം ആ മൃതദേഹമിരുന്നു. അടുത്തിടെ മമ്മിയുടെ ജനിതക ടെസ്റ്റ് നടത്തിയപ്പോഴായിരുന്നു അതു പെൺകുട്ടിയുടേതാണെന്നു തിരിച്ചറിഞ്ഞത്. ഏകദേഷം 2600 വർഷത്തെ പഴക്കമുണ്ടായിരുന്നു. 12–13 വയസ്സുള്ളപ്പോഴായിരുന്നു ഈ പെൺകുട്ടി മരിച്ചത്. 14 വയസ്സാകുമ്പോഴേക്കും ആമസോൺ വനിതാ പോരാളികൾ യുദ്ധത്തിനു സജ്ജരായിരുന്നുവെന്ന കണ്ടെത്തൽ ഏറെ സന്തോഷവും ആത്മവിശ്വാസവും പകരുന്നതാണെന്നു പറയുന്നു ഗവേഷകർ. മാത്രവുമല്ല വെറും മിത്താണെന്നു കരുതി അവഗണിക്കപ്പെടേണ്ടിയിരുന്ന ആമസോൺ പോരാളികൾ യാഥാർഥ്യമാണെന്നു തെളിഞ്ഞതിന്റെ സന്തോഷവും ഗവേഷകർ പങ്കുവയ്ക്കുന്നു. വണ്ടർ വുമണും സത്യമായിരിക്കാം എന്നു തെളിയിക്കാനുള്ള കൂടുതൽ ഗവേഷണത്തിലാണ് അവരിപ്പോൾ.