മുട്ടയിടാൻ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്ന ജീവി!

നന്ദകുമാർ ചേർത്തല

ജന്തുക്കളിൽ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണ് കടലാമകൾ. ചിലതിന് നൂറിലേറെ വർഷം ആയുസുണ്ടാവും. വെള്ളത്തിൽ ജീവിക്കുന്ന ആമകളെ കടലാമ (Turtles) എന്നും കരയിൽ വസിക്കുന്നവയെ കരയാമ ( Tortoises) എന്നും വിളിക്കുന്നു. Turtles കൂടുതൽ സമയവും വെള്ളത്തിൽ കഴിയുന്നു. മുട്ടയിടാൻ വേണ്ടി മാത്രം കരയിൽ വരുന്നു. വെള്ളത്തിൽ നീന്താൻ ഉപകരിക്കുന്ന തരത്തിലാണ് കടലാമയുടെ കാലുകൾ രൂപപ്പെട്ടിരിക്കുന്നത്. കാൽവിരലുകൾ ചർമത്താൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്. കടലാമകളിൽ ചില സവിശേഷ ഗ്രന്ഥികൾ ഉണ്ട്. ആമകൾ കടൽ വെള്ളം കുടിക്കുമ്പോൾ ഈ ഗ്രന്ഥികൾ കടൽവെള്ളത്തിലെ ഉപ്പു വേർതിരിച്ച് അത് ശുദ്ധജലമാക്കി ആമകൾക്കു നൽകുന്നു.

കടലാമകൾ മുട്ടയിടാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു. ഇവ സമുദ്രതീരത്തെ മണലിൽ കുഴികളുണ്ടാക്കി അവയിലാണ് മുട്ടയിടുന്നത്.

കടലാമകൾക്ക് ബാഹ്യ കർണമില്ല. അവയുടെ ചർമത്തിൽ ആന്തരിക കർണങ്ങളുടെ അസ്ഥികളുണ്ട്. ഇവ ചുറ്റുപാടുമുള്ള ചലനങ്ങൾ, താഴ്ന്ന തരംഗത്തിലുള്ള ശബ്ദങ്ങൾ എന്നിവ സ്വീകരിച്ച് ആമകൾക്ക് ശ്രവണത്തിനു സഹായിക്കുന്നു. പച്ച കടലാമകൾക്ക് (Green Turtles) വെള്ളത്തിനടിയിൽ മണിക്കൂറുകളോളം അന്തരീക്ഷവായു സമ്പർക്കമില്ലാതെ കഴിയുവാൻ സാധിക്കുമത്രേ. ഇത് സാധ്യമാക്കാൻ ആമകൾ തങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്നു. ഈ അവസരത്തിൽ ഓരോ ഹൃദയമിടിപ്പിന്റെയും ദൈർഘ്യം ഒൻപതു മിനിറ്റുകളായിരിക്കും. ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറയ്ക്കുമ്പോൾ ആമകൾക്ക് ഓക്സിജൻ നിലനിർത്താൻ സാധിക്കും.

കടലാമകളുടെ പുറംതോട് 60 അസ്ഥികൾ ചേർന്ന് രൂപപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ നഖങ്ങൾ രൂപം കൊണ്ടിരിക്കുന്നത് കെരാറ്റിൻ എന്ന പദാർഥം കൊണ്ടാണ്. ആമകളുടെ പുറംതോടും നിർമിക്കപ്പെട്ടിരിക്കുന്നത് കെരാറ്റിൻ കൊണ്ടുതന്നെയാണ്.