അദ്ഭുതങ്ങള്‍ അവസാനിക്കാതെ തുത്തൻഖാമൻ മമ്മി; ഇത്തവണ കല്ലറയ്ക്കുള്ളിലെ ‘കപ്പല്‍’, Tutankhamun, Mummy, Ship, Padhippura, Manorama Online

അദ്ഭുതങ്ങള്‍ അവസാനിക്കാതെ തുത്തൻഖാമൻ മമ്മി; ഇത്തവണ കല്ലറയ്ക്കുള്ളിലെ ‘കപ്പല്‍’

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ശവക്കല്ലറ? ഈജിപ്തിലെ മമ്മി എന്നു പറഞ്ഞാൽ കുട്ടികളുടെ പോലും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഫറവോയുടെയാണ് ആ കല്ലറ-തുത്തൻഖാമന്റെ. ഈജിപ്തിലെ ഏറ്റവും ‘ധനികനായ’ മമ്മി എന്നാണ് തുത്തൻഖാമൻ രാജാവിനുള്ള വിശേഷണം തന്നെ. ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടർ 1922ൽ കല്ലറ തുറന്ന അന്നു മുതലുണ്ട് അതിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ. തന്റെ ‘ഉറക്കം’ തടസ്സപ്പെടുത്തിയവരെ തുത്തൻഖാമന്റെ ആത്മാവ് പിന്തുടർന്നു കൊലപ്പെടുത്തിയെന്നാണു പലരും ഇന്നും വിശ്വസിക്കുന്നത്. പക്ഷേ വാർധക്യസഹജമായ അസുഖം ബാധിച്ചാണ് കാർട്ടർ മരിച്ചതെന്നു മാത്രം.

‘ദ് മമ്മി’ സീരീസിലുള്ള ഒട്ടേറെ സിനിമകളും ഇതിനിടെ പേടിപ്പിക്കാനെത്തി. ഈജിപ്തിലെ ടൂറിസം വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് ഈ യുവരാജാവും അദ്ദേഹത്തിന്റെ നിഗൂഢ കല്ലറയും. അടുത്തിടെ കല്ലറയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതേയുള്ളൂ. പത്തു കൊല്ലത്തിലേറെയെടുത്താണ് കല്ലറയിലേക്ക് വായു കടക്കാനുള്ള സംവിധാനവും മറ്റും ഒരുക്കുകയും ചുമർ ചിത്രങ്ങൾ മിനുക്കിയെടുക്കുകയും ചെയ്തത്.
ഈജിപ്‌ത് ഭരിച്ചിരുന്ന 18-ാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തുത്തൻഖാമൻ എന്നാണു കരുതുന്നത്. ബിസി 134നും 1322നും ഇടയ്ക്കായിരുന്നു ഭരണം. പക്ഷേ 19-ാം വയസ്സിൽ ദുരൂഹസാഹചര്യങ്ങളിൽ അദ്ദേഹം മരണമടഞ്ഞു. ഇന്നും അതിന്റെ കാരണം വ്യക്തമല്ല. കാർട്ടറുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോൾ പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും അനുബിസ് രാജാവിന്റെ തലയും ഉൾപ്പെടെ വിലമതിക്കാനാകാത്ത രൂപങ്ങളാണു കണ്ടെടുത്തത്. ഒപ്പം ഒട്ടേറെ ആഡംബര വസ്തുക്കളും കരകൗശല വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും.

രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്തെ മറ്റു കല്ലറകളെല്ലാം പലപ്പോഴായി കൊള്ളയടിക്കപ്പെട്ടപ്പോൾ തുത്തൻഖാമന്റെ അറയിലേക്കു കടക്കാൻ ആരും തയാറായില്ലെന്നതും ഗവേഷകർക്കു മുന്നിൽ ചോദ്യചിഹ്നമായി. എന്തായാലും അത്യപൂർവമായ കാഴ്ചയാണ് തുത്തൻഖാമൻ ആർക്കിയോളജിസ്റ്റുകൾക്കു മുന്നിലൊരുക്കിയത്. വർഷമിത്രയായിട്ടും കല്ലറയുമായി ബന്ധപ്പെട്ട അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല. കല്ലറയിൽ ചെറുകപ്പലിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മരിച്ചു പരലോകത്തെത്തുന്ന രാജാവിനു കടൽയാത്രയ്ക്കായാണ് കപ്പലിന്റെ മാതൃകകളും മറ്റും നിർമിക്കുന്നത്. ഇതുൾപ്പെടെ കല്ലറയില്‍ നിന്നു നൈൽ നദീതീരത്തെ ലക്സോൽ മ്യൂസിയത്തിലേക്കു മാറ്റിയിരുന്നു. എന്നാൽ കപ്പൽരൂപത്തിന്റെ അവശിഷ്ടങ്ങളടങ്ങിയ ഒരു പെട്ടി 1973 മുതൽ കാണാതായി. നഷ്ടപ്പെട്ടെന്നു കരുതിയ ആ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം മ്യൂസിയത്തിലെ സ്റ്റോറേജ് മുറിയിൽ നിന്നു കണ്ടെത്തി.
1933 നവംബർ അഞ്ചിലെ ഒരു പത്രത്താളിൽ പൊതിഞ്ഞ നിലയിലായിരുന്നു കപ്പലിന്റെ അവശിഷ്ടങ്ങൾ. കാർട്ടറുടെ നേതൃത്വത്തിൽ മ്യൂസിയത്തിലേക്കു കൊണ്ടുവന്ന ഇവ അറിയാതെ ഉപേക്ഷിക്കപ്പെട്ടതാണെന്നാണു കരുതുന്നത്. കപ്പലിന്റെ പായ്മരവും കയറുകളും സ്വർണത്തിൽ പൊതിഞ്ഞ ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്. തന്റെ ജോലിക്കിടയിലെ ഏറ്റവും കിടിലൻ കണ്ടെത്തലെന്നാണ് ഇതിനെ മ്യൂസിയം ഡയറക്ടർ മുഹമ്മദ് അത്‌വ വിശേഷിപ്പിച്ചത്. ‘ഗോൾഡൻ കിങ്’ തുത്തൻഖാമന്റെ അദ്ഭുതങ്ങൾ അങ്ങനെയൊന്നും അവസാനിക്കില്ലെന്നും അദ്ദേഹം പറയുന്നു. തുത്തൻഖാമനുമായി ബന്ധപ്പെട്ട വസ്തുക്കൾ അടുത്ത വർഷം ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഗീസയിലെ പിരമിഡിനു സമീപമായാണ് ഈ പുത്തൻ മ്യൂസിയം. അതിലേക്ക് പുരാവസ്തുക്കൾ മാറ്റുന്നതിനിടെയാണ് പായ്ക്കപ്പലുകളുടെ ഭാഗങ്ങളും മറ്റും കണ്ടെത്തുന്നത്. നാഷനൽ ജ്യോഗ്രഫിക് ചാനലിൽ ‘ലോസ്റ്റ് ട്രഷേഴ്സ് ഓഫ് ഈജിപ്ത്’ എന്ന പേരില്‍ ഇതിന്റെ ഡോക്യുമെന്ററിയും സംപ്രേക്ഷണം ചെയ്തിരുന്നു.

Summary : Tutankhamun, Mummy, Ship