ആസിഡിൽ ഒളിപ്പിച്ചു വച്ച നൊബേൽ മെഡൽ!
സീമ ശ്രീലയം
ആസിഡ് എന്നാൽ പേടിപ്പിക്കുന്ന രാസവസ്തുവാണു പലർക്കും. എന്നാൽ ഇവ വലിയ ഉപകാരികളാണ്. ആസിഡ് കുടുംബത്തിലെ പലരെയും നമ്മൾ ഭക്ഷണത്തിലൂടെ അകത്താക്കുന്നുമുണ്ട്. പുളിരുചിയുള്ളത് എന്നർഥം വരുന്ന അസിഡസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ആസിഡ് എന്ന വാക്കിന്റെ വരവ്. ആസിഡുകൾക്ക് പുളിരുചിയുണ്ടെന്നു കേട്ട് കെമിസ്ട്രി ലാബിലെ ആസിഡ് എടുത്തു നാവിൽ വച്ചു നോക്കുകയൊന്നും ചെയ്യല്ലേ. ഗുരുതരമായ പൊള്ളലുണ്ടാക്കുന്നതും വിഷസ്വഭാവമുള്ളതുമാണു പല ആസിഡുകളും.
ദ് കിങ്
സൾഫ്യൂരിക് ആസിഡ് ആണ് (H2SO4) രാസവ്തുക്കളുട രാജാവ് എന്നറിയപ്പെടുന്നത്. ഓയിൽ ഓഫ് വിട്രിയോൾ എന്നും ഇതിനു പേരുണ്ട്.
വ്യാവസായിക അടിസ്ഥാനത്തിൽ ഇത് നിർമിക്കുന്ന പ്രക്രിയയുടെ പേരാണ് സമ്പർക്ക പ്രക്രിയ(Contact process)
ഇതിൽ ഉൽപ്രേരകമായി വനേഡിയം പെന്റോക്സൈഡ് ഉപയോഗിക്കുന്നു. 1831 ൽ ബ്രിട്ടിഷ് വിനാഗിരി വ്യാപാരിയായ പെരെഗ്രൈൻ ഫില്ലിപ്സ് ആണ് ഈ പ്രക്രിയക്ക് പേറ്റന്റ് എടുത്തത്. ഈ ആസിഡ് ശരീരവുമായി സമ്പർക്കത്തിൽ വന്നാൽ നന്നായി പൊള്ളും. ഒരു രാജ്യത്തിന്റെ രാസവ്യവസായ രംഗത്തെ കുതിപ്പിന്റെ അളവുകോലുകളിൽ ഒന്ന്, അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന സൾഫ്യൂരിക് ആസിഡിന്റെ അളവാണെന്നു പറയാറുണ്ട്.
ഉപയോഗങ്ങൾ
∙രാസവളങ്ങൾ, ചായങ്ങൾ, വർണ വസ്തുക്കൾ, ഔഷധങ്ങൾ, ഫൈബറുകൾ, പെയിന്റുകൾ, ഡിറ്റർജന്റുകൾ, സ്ഫോടക വസ്തുക്കൾ, വിവിധ രാസവസ്തുക്കൾ എന്നിവയുടെ നിർമാണം
∙ലാബിലെ പ്രധാന രാസവസ്തു.
∙സ്റ്റോറേജ് ബാറ്ററികളിൽ
∙ തുകൽ സംസ്കരണം, പെട്രോളിയം ശുദ്ധീകരണം,
ലോഹനിഷ്കർഷണ പ്രക്രിയകൾ
വെള്ളം ചേർത്താൽ !
ഗാഢ സൾഫ്യൂരിക് ആസിഡ് നേർപ്പിക്കുമ്പോൾ, വെള്ളത്തിലേക്ക് അൽപാൽപമായി ആസിഡ് ചേർത്ത് ഇളക്കിക്കൊണ്ടേ നേർപ്പിക്കാവൂ. ആസിഡിലേക്ക് ജലം ചേർത്താൽ അത് പുറത്തേക്ക് തെറിച്ച് നമ്മുടെ ശരീരത്തിൽ വീണു പൊള്ളലുണ്ടാവാൻ സാധ്യതയുണ്ട്. ആസിഡും ജലവും തമ്മിലുള്ള പ്രവർത്തനം ഒരു താപ മോചക പ്രവർത്തനം കൂടിയാണ്.
പുകയുന്ന ആസിഡ്
അക്വാഫോർട്ടിസ് എന്നും സ്പിരിറ്റ് ഓഫ് നൈറ്റർ എന്നുമൊക്കെ വിളിപ്പേരുള്ള ആസിഡാണ് നൈട്രിക് ആസിഡ് (HNO3). വായുവിൽ പുകയുന്ന ഈ ആസിഡിന്റെ വ്യാവസായിക നിർമാണത്തിനു പറയുന്ന പേരാണ് ഓസ്റ്റ്‌വാൾഡ് പ്രക്രിയ.
എന്തിനു കൊള്ളാം..?
നൈട്രിക് ആസിഡിന്റെ പ്രധാന വ്യാവസായിക ഉപയോഗം രാസവളങ്ങളുടെ നിർമാണമാണ്. ടിഎൻടി, നൈട്രോ ഗ്ലിസറിൻ തുടങ്ങിയ സ്ഫോടക വസ്തുക്കളുടെ നിർമാണം, വിവിധ നൈട്രോ സംയുക്തങ്ങളുടെയും നൈട്രേറ്റ് സംയുക്തങ്ങളുടെയും പോളിമറുകളുടെയും നിർമാണം, ചില ലോഹ നിഷ്ക്കർഷണ പ്രക്രിയകൾ, വുഡ് ഫിനിഷിങ്, എച്ചിങ് ഇങ്ങനെ നീളുന്നു ഇതിന്റെ ഉപയോഗങ്ങൾ. ലോഹവ്യവസായത്തിൽ പിക്ക്‌ളിങ്ങിനും ഇലക്ട്രോണിക്സിൽ സിലിക്കണിന്റെ ക്ലീനിങ്ങിനുമൊക്കെ നൈട്രിക് ആസിഡ് ഉപയോഗിക്കുന്നുണ്ട്.
നൈട്രിക് ആസിഡ് തൊലിപ്പുറത്തു വീണാൽ ആ ഭാഗത്തു മഞ്ഞനിറം ഉണ്ടാവുന്നത് കാണാം. നൈട്രിക് ആസിഡ് തൊലിയിലെ പ്രോട്ടീനുകളുമായി പ്രവർത്തിച്ച് സാന്തോപ്രോട്ടിക് ആസിഡ് ഉണ്ടാവുന്നതാണ് കാരണം.
സൂപ്പർ ഡ്യൂപ്പർ കാർബൊറേൻ
100% സൾഫ്യൂരിക് ആസിഡിനെക്കാളും അമ്ലത കൂടിയ ആസിഡുകളെയാണ് ആദ്യമൊക്കെ സൂപ്പർ ആസിഡുകൾ എന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആധുനിക നിർവചനം അനുസരിച്ച് ശുദ്ധമായ സൾഫ്യൂരിക് ആസിഡിലെക്കാളും പ്രോട്ടോണിന്റെ കെമിക്കൽ പൊട്ടൻഷ്യൽ കൂടിയ ആസിഡുകളാണ് സൂപ്പർ ആസിഡുകൾ. ഫ്ലൂറിനേറ്റഡ് കാർബൊറേൻ ആസിഡും ക്ലോറിനേറ്റഡ് കാർബൊറേൻ ആസിഡുമൊക്കെ ഗാഢ സൾഫ്യൂറിക് ആസിഡിനെക്കാളും പത്തു ലക്ഷം മടങ്ങ് കൂടുതൽ അമ്ലതയുള്ളവയാണ്. ട്രൈഫ്ലൂറോ മീഥെയ്‌ൻ സൾഫോണിക് ആസിഡ് (ട്രൈഫ്ലിക് ആസിഡ്), ഫ്ലൂറോ സൾഫ്യൂറിക് ആസിഡ് എന്നിവ സൾഫ്യൂറിക് ആസിഡിനെക്കാളും ഏതാണ്ട് ആയിരം മടങ്ങ് അമ്ലത കൂടിയവയാണ്. ഫ്ലൂറോ ആന്റിമണിക് ആസിഡും ഒരു സൂപ്പർ ആസിഡു തന്നെ.
രാജദ്രാവകം
അക്വാറീജിയ എന്ന ദ്രാവകത്തിന്റെ വിളിപ്പേരാണ് ഇത്. സ്വർണ്ണത്തെയും പ്ലാറ്റിനത്തെയും ലയിപ്പിക്കാനുള്ള ശേഷികൊണ്ടാണ് ഈ പേരുവീണത്. നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും 1:3 എന്ന അനുപാതത്തിൽ ചേർത്താണ് അക്വാറീജിയ നിർമിക്കുന്നത്. ക്ലോറോ ഓറിക് ആസിഡിന്റെ നിർമാണത്തിലും എച്ചിങ്ങിലും കാർബണിക സംയുക്തങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്ലാസ് ഉപകരണങ്ങൾ വൃത്തിയാക്കാനുമൊക്കെ അക്വാറീജിയ ഉപയോഗിക്കുന്നു. അക്വാറീജിയയെ നൈട്രോ മ്യൂറിയാറ്റിക് ആസിഡ് എന്നാണു ലവോസിയെ വിളിച്ചിരുന്നത്.
അക്വാറീജിയയിൽ ഒളിപ്പിച്ച നൊബേൽ മെഡലുകൾ
നൊബേൽ മെഡൽ അക്വാറീജിയയിൽ ലയിപ്പിച്ച് ഒളിപ്പിക്കേണ്ടി വന്ന ശാസ്ത്രജ്ഞരെക്കുറിച്ച് കേട്ടിട്ടുണ്ടോ? രണ്ടാം ലോകയുദ്ധകാലത്ത് നാസി ഭരണകൂടം ജർമൻകാരെ നൊബേൽ സമ്മാനം സ്വീകരിക്കുന്നതിൽ നിന്നും നൊബേൽ മെഡൽ സൂക്ഷിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. നൊബേൽ മെഡലുകൾ ഒളിപ്പിക്കുക എന്നതായിരുന്നു അവ നഷ്ടമാവാതിരിക്കാനുള്ള വഴി. അങ്ങനെ ജർമ്മൻ ഊർജതന്ത്ര നൊബേൽ ജേതാക്കളായ മാക്സ് വോൺ ലോവിന്റെയും(1914) ജയിംസ് ഫ്രാങ്കിന്റെയും ( 1925 ) നൊബേൽ മെഡലുകൾ ജോർജ് ഡെ ഹെവ്‌സീ എന്ന ഹംഗേറിയൻ രസതന്ത്രജ്ഞൻ അക്വാറീജിയയിൽ അങ്ങു ലയിപ്പിക്കുകയും നീൽസ് ബോർ ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയിൽ സൂക്ഷിക്കുകയും ചെയ്തു. നാസികൾ ഇതെന്തോ സാധാരണ രാസവസ്തുവെന്നു കരുതി അതിനെ ശ്രദ്ധിച്ചതുമില്ല. യുദ്ധം കഴിഞ്ഞ് ഹെവ്‌സീ ഇത് ലായനിൽ നിന്ന് അവക്ഷിപ്തപ്പെടുത്തിയെടുക്കുകയും റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിനു തിരിച്ചു നൽകുകയും ചെയ്തു. പിന്നീട് നൊബേൽ ഫൗണ്ടേഷൻ ഇത് മെഡൽ രൂപത്തിലാക്കി ആ രണ്ടു ജർമൻ ശാസ്ത്രജ്ഞർക്കു തന്നെ സമ്മാനിച്ചു.
ക്രോമിക് ആസിഡ്
ഗാഢ സൾഫ്യൂറിക് ആസിഡ് ഒരു ഡൈക്രോമേറ്റ് ലവണവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ആസിഡാണ് ക്രോമിക് ആസിഡ്. കെമിസ്ട്രി ലാബിലെ രാസവസ്തുക്കളുടെ കറ പിടിച്ച ഗ്ലാസ് ഉപകരണങ്ങളൊക്കെ ഈ ആസിഡ് ഒഴിച്ചൊന്നു കുലുക്കിയാൽ ക്ലീൻ ആവും. എന്നാൽ ക്രോമിയം ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ രീതി ഇപ്പോൾ പ്രോൽസാഹിപ്പിക്കാറില്ല. ഒരു ഓക്സീകാരിയായും ക്രോം പ്ലേറ്റിങ്ങിലും നിറമുള്ള ഗ്ലാസ്സിന്റെ നിർമാണത്തിലും പിച്ചള ഉപകരണങ്ങളുടെ തിളക്കം കൂട്ടാനുമൊക്കെ ഇതുപയോഗിക്കുന്നു.
ആമാശയത്തിലെ ആസിഡും അന്റാസിഡുകളും
നമ്മുടെ ആമാശയത്തിൽ ചെറിയ തോതിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ദഹനത്തെ സഹായിക്കുന്നുണ്ടെന്ന് അറിയാമല്ലോ. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആമാശയത്തിൽ അസിഡിറ്റി കൂടാറുണ്ട്. ഫലമോ? വയറെരിച്ചിലും പുളിച്ചു തികട്ടലും ഛർദ്ദിയുമൊക്കെക്കൊണ്ടു വലയും. ആമാശയത്തിലെ ഉയർന്ന അസിഡിറ്റി നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങളെ അന്റാസിഡുകൾ എന്നാണു വിളിക്കുന്നത്. ആസിഡിനെ നിർവീര്യമാക്കാനായി ശരീരത്തിനു വലിയ ദോഷകരമല്ലാത്ത ആൽക്കലികളാണ് ഇവയിൽ ഉപയോഗിക്കുന്നത്.
ഗ്ലാസ് തിന്നും ആസിഡ്
ഹൈഡ്രോഫ്ലൂറിക് ആസിഡ് (HF) ആണ് ഗ്ലാസ് തിന്നുന്നത്. അതുകൊണ്ട് ഈ ആസിഡിനെ ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ല. അപ്പോൾപ്പിന്നെ ഇതു ശരീരത്തിൽ വീണാലുള്ള കാര്യം പറയണ്ടല്ലോ. മാരകമായ പൊള്ളലുണ്ടാക്കും, വിഷസ്വഭാവവും ഉണ്ട്. ഓർഗാനോ ഫ്ലൂറിൻ സംയുക്തങ്ങളുടെയും വിവിധ അകാർബണിക ഫ്ലൂറൈഡുകളുടെയും നിർമാണത്തിൽ ഈ ആസിഡ് ഉപയോഗിക്കുന്നുണ്ട്. ലോഹ നിർമാണത്തിൽ എച്ചിങ്ങിനും ക്ലീനിങ്ങിനും ഉപയോഗിക്കുന്നു. കൂടാതെ എണ്ണക്കിണറുകളിൽ പാറകളെയും മറ്റും ലയിപ്പിച്ചു നീക്കാനും ഉപയോഗിക്കാറുണ്ട്.
കാർബോണിക് ആസിഡും കാർബോളിക് ആസിഡും
H2CO3 എന്നാണ് കാർബോണിക് ആസിഡിന്റെ രാസസൂത്രം. ജലത്തിൽ കാർബൺ ഡൈ ഓക്സൈഡ് ലയിപ്പിക്കുമ്പോൾ കിട്ടുന്ന സോഡാ വാട്ടർ രാസപരമായി ഒരു കാർബോണിക് ആസിഡാണ്. എന്നാൽ കാർബോളിക് ആസിഡ് എന്നറിയപ്പെടുന്നത് ഫിനോൾ എന്ന രാസവസ്തുവാണ്. ഇത് ശരീരത്തിൽ വീണാൽ പൊള്ളലുണ്ടാവും. വിവിധ കാർബണിക സംയുക്തങ്ങളുടെയും പോളിമറുകളുടെയും നിർമാണത്തിലും ചില അണുനാശിനികളിലും ഫിനോൾ ഉപയോഗിക്കുന്നു. രാസസൂത്രം C6H5OH.
ഹൈഡ്രോക്ലോറിക് ആസിഡ്
ജാബിർ ഇബ്‌നു ഹയ്യാൻ എന്ന ആൽകെമിസ്റ്റ് ആണ് എഡി 800ൽ ഹൈഡ്രോക്ലോറിക് ആസിഡ് (HCl) കണ്ടുപിടിച്ചത് എന്നു കരുതപ്പെടുന്നു. ആസിഡം സാലിസ്, മ്യൂറിയാറ്റിക് ആസിഡ്, സ്പിരിറ്റ്സ് ഓഫ് സോൾട്ട് എന്നീ പേരുകളിൽ ഇത് നേരത്തെ അറിയപ്പെട്ടിരുന്നു.
നിർമാണം, ഉപയോഗം
ഹൈഡ്രജൻ ക്ലോറൈഡ് വാതകം ജലത്തിൽ ലയിപ്പിച്ചാണ് HCl തയ്യാറാക്കുന്നത്. ലോഹശുദ്ധീകരണം, ഇരുമ്പിന്റെയും സ്റ്റീലിന്റെയും പിക്ക്‌ളിങ്, പിവിസി നിർമാണത്തിനാവശ്യമായ വിനൈൽ ക്ലോറൈഡ്, ഡൈക്ലോറോ ഈഥെയ്ൻ തുടങ്ങിയ കാർബണിക സംയുക്തങ്ങളുടെ നിർമാണം, വിവിധ അകാർബണിക സംയുക്തങ്ങളുടെ നിർമാണം, ലായനികളുടെ പിഎച്ച് നിയന്ത്രണം, നിർവീര്യമാക്കൽ, അയോൺ എക്സ്ചേഞ്ച് റെസിനുകളുടെ നിർമാണം, തുകൽ സംസ്ക്കരണം, ക്ലീനിങ്, എണ്ണക്കിണറുകളിൽ പാറകളെ ലയിപ്പിക്കൽ, ഭക്ഷ്യ വ്യവസായത്തിൽ ആസ്പർടേം, ഫ്രക്റ്റോസ്, സിട്രിക് ആസിഡ്, ജെലാറ്റിൻ എന്നിവയുടെ നിർമാണം ഇങ്ങനെ നീളുന്നു ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉപയോഗങ്ങൾ.
ബോറിക് ആസിഡ്
ബോറിക് ആസിഡ് എന്നും ഓർത്തോ ബോറിക് ആസിഡ് എന്നും ഹൈഡ്രജൻ ബോറേറ്റ് എന്നുമൊക്കെ അറിയപ്പെടുന്ന ആസിഡാണ് ഇത്. രാസസൂത്രം H3BO3. ശക്തികുറഞ്ഞ ആസിഡാണ് ഇത്. മോണോഫിലമെന്റ് ഫൈബർഗ്ലാസ്, എൽസിഡി ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയിലെ ഗ്ലാസ്സ്, ചില ആന്റിസെപ്റ്റിക്കുകൾ എന്നിവയുടെ നിർമാണത്തിലും ചില ഐ ലോഷനുകളിലും ബോറിക് ആസിഡ് ഉപയോഗിക്കുന്നുണ്ട്.
അകത്താക്കുന്ന ആസിഡുകൾ!
ഭക്ഷണമായി ഉപയോഗിക്കുന്ന ആസിഡുകൾ പലതും കാർബോക്സിലിക് ആസിഡുകളാണ്. ഇവയിൽ -COOH എന്ന ഫങ്ഷനൽ ഗ്രൂപ്പ് ആണ് അടങ്ങിയിട്ടുള്ളത്.
അച്ചാറുകൾ പെട്ടെന്നു കേടാവാതിരിക്കാൻ ചേർക്കുന്ന വിനാഗിരി നേർപ്പിച്ച അസറ്റിക് ആസിഡാണ്. പാൽമിറ്റിക് ആസിഡ്, സ്റ്റിയറിക് ആസിഡ് തുടങ്ങിയ ഫാറ്റി ആസിഡുകൾ ഗ്ലിസറോളുമായി പ്രവർത്തിച്ചു കിട്ടുന്ന എസ്റ്ററുകളാണ് എണ്ണകളും കൊഴുപ്പുകളും. വൈറ്റമിൻ സി രാസപരമായി അസ്കോർബിക് ആസിഡ് ആണു കേട്ടോ. വേദനസംഹാരിയായി ഉപയോഗിക്കുന്ന ആസ്പിരിൻ ആണെങ്കിൽ അസറ്റൈൽ സാലിസിലിക് ആസിഡ് ആണ്. ഇനി ഉറുമ്പു കടിക്കുമ്പോൾ ചെറിയൊരു വേദന അനുഭവപ്പെടാനുള്ള കാരണം ഫോർമിക് ആസിഡ് ആണ്.
സിട്രിക് ആസിഡ്– ചെറുനാരങ്ങ
ടാർട്ടാറിക് ആസിഡ്– വാളൻ പുളി, മുന്തിരി
മാലിക് ആസിഡ്– ആപ്പിൾ
ലാക്റ്റിക് ആസിഡ്– മോര്, തൈര്
സിട്രിക് ആസിഡ്, ഓക്സാലിക് ആസിഡ്– തക്കാളി
സൾഫീനിക് ആസിഡ് – ഉള്ളി
അമ്ല മഴ
അന്തരീക്ഷത്തിൽ സൾഫർ ഡൈ ഓക്സൈഡ്, നൈട്രജന്റെ ഓക്സൈഡുകൾ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും അമ്ല മഴയ്ക്ക് കാരണം. സൾഫർ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് സൾഫർ ട്രൈ ഓക്സൈഡായി മാറും. ഇത് അന്തരീക്ഷത്തിലെ ജലാംശവുമായി പ്രവർത്തിച്ച് സൾഫ്യൂരിക് ആസിഡ് ആകും. നൈട്രജൻ ഓക്സൈഡുകളാണെങ്കിൽ നൈട്രിക് ആസിഡായി മാറും. ഇവ മഴവെള്ളത്തോടൊപ്പം പെയ്തിറങ്ങുന്നതാണ് അമ്ലമഴ. ഇത് മണ്ണിനും ജലത്തിനും ജീവജാലങ്ങൾക്കും ആവാസ വ്യവസ്ഥകൾക്കും കെട്ടിടങ്ങൾക്കുമൊക്കെ ഭീഷണിയാണ്. അമ്ലമഴ ദുരിതം വിതച്ച സ്വീഡനിലെയും അമേരിക്കയിലെ ആഡിറോൻഡേക്കിലെയും ഒട്ടേറെ തടാകങ്ങൾ മൽസ്യങ്ങളുടെ ശ്മശാനം എന്നാണറിയപ്പെടുന്നത്. മഥുരയിലെ എണ്ണശുദ്ധീകരണ ശാലകളിൽ നിന്നു പുറന്തള്ളുന്ന പുകയിലെ സൾഫർ ഡൈ ഓക്സൈഡ് താജ്മഹലിനു ഭീഷണിയാണ്.