വമ്പൻ കേബിൾ മുറിഞ്ഞ നിലയിൽ; കടലിനടിയിലെ രഹസ്യ ലബോറട്ടറി കാണാതായി!, Underwater observatory, Ocean, Padhippura, Manorama Online

വമ്പൻ കേബിൾ മുറിഞ്ഞ നിലയിൽ; കടലിനടിയിലെ രഹസ്യ ലബോറട്ടറി കാണാതായി!

കൂട്ടുകാർക്കറിയാമോ, ലോകത്തിന്റെ പല ഭാഗങ്ങളിലും പല രഹസ്യ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമൊക്കെ നടക്കുന്നുണ്ട്. ചില രാജ്യങ്ങൾ ബഹിരാകാശത്തു പോലും രഹസ്യ നിരീക്ഷണത്തിന് പ്രത്യേക പേടകങ്ങളെ വിന്യസിച്ചിട്ടുണ്ട്. കടലിനടിയിലുമുണ്ട് അത്തരം ഒബ്സർവേറ്ററികള്‍. ബാൾട്ടിക് കടലിലുള്ള അത്തരമൊരു രഹസ്യ കേന്ദ്രമാണ് ജർമൻ തീരത്തുള്ള എക്കെൻഫോഡ കടലിടുക്ക്. അവിടേക്ക് സാധാരണക്കാർക്കൊന്നും പ്രവേശനമില്ല. കടലിനടിയിലെ കാര്യങ്ങൾ നിരീക്ഷിക്കാനായി 2016ലാണ് അവിടെ ഒരു ഒബ്സര്‍വേറ്ററി സ്ഥാപിക്കുന്നത്. ശരിക്കുമൊരു അണ്ടർവാട്ടർ ലബോറട്ടറി എന്നു തന്നെ പറയാം. പക്ഷേ അടുത്തിടെ ഞെട്ടിക്കുന്ന ഒരു സംഭവം നടന്നു. ഓഗസ്റ്റ് 21നാണ് ഈ കേന്ദ്രത്തിൽ നിന്ന് അവസാനമായി സിഗ്നൽ വന്നത്. പിന്നീട് അനക്കമൊന്നുമില്ലാതായതോടെ മുങ്ങൽ വിദഗ്ധർ താഴേക്കു ചെന്നു നോക്കി. ഒബ്സര്‍വേറ്ററിയുമായി ബന്ധപ്പെട്ടു കിടന്നിരുന്ന ഒരു കേബിൾ ഒഴികെ ബാക്കിയെന്നും കാണാനില്ലായിരുന്നു.

ജർമൻ ഗവേഷണ കമ്പനികളായ ജിയോമാറും എച്ച്ഇസഡ്ജിയുമാണു മൂന്നു വർഷം മുൻപ് ഡിസംബറിൽ കടലിനടിയിൽ ഒബ്സർവേറ്ററി സ്ഥാപിക്കുന്നത്. കരയിലെ പരീക്ഷണ ശാല പോലെയാണെന്നൊന്നും കരുതരുത്. ഡെസ്കിന്റെ അത്രയും പോന്ന രണ്ട് ഷെൽഫുകളായിരുന്നു ഈ ഒബ്സർവേറ്ററി. ഇവ പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്. ഒരെണ്ണം ഒബ്സര്‍വേറ്ററിക്കാവശ്യമായ വൈദ്യുതി നൽകുന്നതായിരുന്നു. രണ്ടാമത്തേതിൽ നിന്നായിരുന്നു ഡേറ്റ പുറത്തേക്ക് അയച്ചിരുന്നത്. പലതരം നിരീക്ഷണ ഉപകരണങ്ങളുമായി ഏകദേശം 1631 പൗണ്ട് ഭാരമുണ്ടായിരുന്നു രണ്ട് ‘ഷെൽഫുകള്‍ക്കും’. ഇത്രയേറെ ഭാരമുള്ളതിനാൽ മനുഷ്യർക്ക് കെട്ടിവലിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. കടലിനടിയിലെ ശക്തമായ അടിയൊഴുക്കോ കൊടുങ്കാറ്റോ ഏതെങ്കിലും വമ്പൻ സമുദ്രജീവിയോ മറ്റോ ആണോ ഒബ്സർവേറ്ററിയുടെ ഈ കാണാതാകലിനു കാരണമെന്നും മനസ്സിലാക്കാനായിട്ടില്ല.

ഒബ്സർവേറ്ററിയിൽ നിന്നു ജർമനിയിലെ ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു വമ്പന്‍ കേബിൾ വഴിയായിരുന്നു ബന്ധിപ്പിച്ചിരുന്നത്. ‘ബലം’ പ്രയോഗിച്ചാണ് സ്റ്റേഷൻ അവിടെ നിന്നു മാറ്റിയതെന്നും വ്യക്തമായിട്ടുണ്ട്. മേഖലയാകെ അരിച്ചുപെറുക്കി നോക്കി. പക്ഷേ കാണാതായ ഉപകരണങ്ങളെപ്പറ്റി മാത്രം ഒരറിവും ഇല്ല. തീരപ്രദേശത്തു താമസിക്കുന്നവരോടും അന്വേഷിച്ചു. അവർക്കാകട്ടെ ഇത്തരമൊരു കേന്ദ്രം അവിടെ ഉണ്ടായിരുന്നോ എന്നും പോലും അറിവില്ലായിരുന്നു. പക്ഷേ അന്വേഷണ സംഘം അതൊന്നും വിശ്വസിക്കുന്നില്ല. തീരത്തു നിന്നോ അല്ലെങ്കിൽ കടലിൽ നിന്നോ എന്തെങ്കിലും ‘ക്ലൂ’ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. പ്രാദേശിക പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്.

പരീക്ഷണ ഉപകരണമെന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. കോടികൾ ചെലവിട്ടാണ് മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിച്ചത്. അതായത് ഏകദേശം 2.3 കോടി രൂപ! ബാൾട്ടിക് കടലിനടിയിലുണ്ടാകുന്ന മാറ്റങ്ങളുടെ വിലമതിക്കാനാകാത്ത ഡേറ്റയും ഉപകരണങ്ങളിലുണ്ട്. കടലിലെ ഉപ്പിന്റെ അളവ്, മീഥെയ്ൻ, ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, താപനില എന്നിവയിൽ വരുന്ന മാറ്റം തുടങ്ങിയ പരിശോധിക്കുകയാണ് പ്രധാന ജോലി. അതിനാൽത്തന്നെ സ്റ്റേഷൻ എത്രയും പെട്ടെന്നു കണ്ടെത്തി പുനഃസ്ഥാപിക്കാനാണു ഗവേഷകരുടെ ശ്രമം. എന്നാൽ ശാസ്ത്ര പരീക്ഷണങ്ങളുടേതല്ലാതെ മറ്റു പല രഹസ്യങ്ങളും ഒബ്സർവേറ്ററിയിലെ ഡേറ്റയിലുണ്ടെന്നാണു പലരും പറയുന്നത്. അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും അതു കണ്ടെത്തിയേ മതിയാകൂ എന്ന നിലയിലാണ് ജർമൻ പൊലീസും.