ആകാശത്ത് അന്യഗ്രഹജീവികളുടെ ‘ലേസർ’ പ്രയോഗം; കണ്ടെത്താൻ വാസ്കോ!, Vasco project, Flashlight from, Alien, Space, Padhippura,, Manorama Online

ആകാശത്ത് അന്യഗ്രഹജീവികളുടെ ‘ലേസർ’ പ്രയോഗം; കണ്ടെത്താൻ വാസ്കോ!

വർഷങ്ങളായി ഗവേഷകരെ അമ്പരപ്പിക്കുന്ന ഒരു കാഴ്ച രാത്രി സംഭവിക്കാറുണ്ട്. നിശ്ചമായിരിക്കുന്ന ആകാശത്ത് എവിടെ നിന്നെന്നറിയാതെ ഒരു പ്രകാശപ്പൊട്ട് വരും. കണ്ണടച്ചു തുറക്കുമ്പോഴേക്കും അതു കാണാതാകും. ആരാണ് ആകാശത്ത് ഈ ‘ഫ്ലാഷ് ലൈറ്റ്’ അടിക്കുന്നതെന്ന് ഇക്കാലമത്രയായിട്ടും ജ്യോതിശാസ്ത്രജ്ഞർക്കു മനസ്സിലായിട്ടില്ല. കണ്ണുചിമ്മിത്തുറക്കും പോലെയാണ് അതിനെ കാണാതാകുന്നത്. കൂട്ടത്തിൽ ഏറ്റവും ശക്തമായ വാദം ഈ ‘ഫ്ലാഷ് ലൈറ്റ്’ വിദൂര ഗ്രഹങ്ങളിൽ നിന്നുള്ള അന്യഗ്രഹ ജീവികൾ പ്രയോഗിക്കുന്നതായിരിക്കാം എന്നതാണ്. ഭൂമിയിലുള്ളവരുമായി അവർ ആശയവിനിമയത്തിനു ശ്രമിക്കുന്നതാണത്രേ!

പ്രത്യേകതരത്തിലുള്ള ലേസർ രശ്മികളായിരിക്കാം അവർ ഉപയോഗിക്കുന്നതെന്നും കരുതപ്പെടുന്നു. സംഗതി സൗരയൂഥത്തിനപ്പുറത്തു നിന്നു വരുന്നതു തന്നെയായിരിക്കുമെന്നാണ് സ്റ്റോക്കോ സർവകലാശാല ഗവേഷകർ പറയുന്നത്. പക്ഷേ അത് അന്യഗ്രഹജീവികളായിരിക്കില്ല, ഏതെങ്കിലും സ്വാഭാവിക ഉറവിടത്തിൽ നിന്നായിരിക്കാം ‘ലേസറിന്റെ’ വരവെന്നും ഗവേഷകർ പറയുന്നു. എന്തായാലും ആകാശത്തെ ഈ അദ്ഭുത ‘മിന്നാമിന്നികളെ’ വെറുതെ വിടാൻ ഉദ്ദേശമില്ല ശാസ്ത്രലോകത്തിന്. അവയുടെ രഹസ്യ കണ്ടെത്താൻ 1950–കൾ മുതൽ ലഭ്യമായിട്ടുള്ള എല്ലാ ഡേറ്റയും പരിശോധിക്കാൻ ഒരുങ്ങുകയാണവർ. ഈ പ്രോജക്ടിനൊരു പേരുമിട്ടിട്ടുണ്ട്– വാസ്കോ. അതായത് വാനിഷിങ് ആൻഡ് അപിയറിങ് സോഴ്‌സസ് ഡ്യൂരിങ് എ സെഞ്ചുറി ഓഫ് ഒബ്സർവേഷൻസ് എന്നതിന്റെ ചുരുക്കപ്പേര്.


ഇതിനോടകം 1.5 ലക്ഷത്തിലേറെ വരുന്ന ഫ്ലാഷ് ലൈറ്റുകളെ പഠനവിധേയമാക്കിക്കഴിഞ്ഞു ഗവേഷകർ. അതിൽത്തന്നെ നൂറെണ്ണമെങ്കിലും ആകാശത്ത് അസാധാരണ സ്വഭാവം പ്രകടിപ്പിച്ചവയായിരുന്നു. മിന്നിത്തിളങ്ങുന്നതിന്റെ വേഗതയിലുള്ള മാറ്റവും അസാധാരണമായ തിളക്കവുമൊക്കെയാണ് ഈ പ്രകാശപ്പൊട്ടുകളെ അസാധാരണമാക്കുന്നത്. ഇവ എവിടെ നിന്നു വരുന്നവയാണെന്നതാണു ഗവേഷകരെ കുഴക്കുന്നത്. ഒരു സാധ്യതയായി കാണുന്നത് ആകാശത്തെ ഒരു നക്ഷത്രം അപ്പാടെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതാണ്. അല്ലെങ്കിൽ എവിടെ നിന്നെന്നറിയാതെ ഒരു നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുന്നത്. രണ്ടാണെങ്കിലും ജ്യോതിശാസ്ത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്താത്ത വമ്പൻ സംഭവമായിരിക്കും അത്. ആ വഴിക്കും ഗവേഷകർ അന്വേഷിക്കുന്നുണ്ട്.

മനുഷ്യരേക്കാൾ സാങ്കേതികപരമായി മുന്നേറിയിട്ടുള്ള അന്യഗ്രഹജീവികൾ സൗരയൂഥത്തിനപ്പുറം ഏതെങ്കിലും ഗ്രഹത്തിലുണ്ടാകുമെന്നു തന്നെയാണ് ഗവേഷകരും വിശ്വസിക്കുന്നത്. അവയെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും പര്യവേക്ഷണങ്ങളും വേണമെന്നും ഫ്ലാഷ് ലൈറ്റുകളെപ്പറ്റിയുള്ള ആസ്ട്രണോമിക്കൽ ജേണലിലെ പഠനത്തിൽ പറയുന്നു.

Summary : Vasco project and flashlight from alien