31,500 കോടി ടൺ ഭാരമുള്ള മലയടർന്നു ! വിഡിയോ, Vast iceberg, Breaks off, Antarctica Padhippura, Manorama Online

31,500 കോടി ടൺ ഭാരമുള്ള മലയടർന്നു ! വിഡിയോ

നവീൻ മോഹൻ

ഒക്ടോബർ രണ്ടാം വാരത്തിലാണ് യൂറോപ്യൻ യൂണിയൻ ഏർത്ത് ഒബ്സർവേഷൻ പ്രോഗ്രാമായ ‘കോപ്പർ നിക്കസ്’ അമ്പരപ്പിക്കുന്ന ചില ചിത്രങ്ങൾ പുറത്തുവിട്ടത്. അന്റാർട്ടിക്കിൽ നിന്ന് ഏകദേശം 31,500 കോടി ടൺ ഭാരമുള്ള ഒരു മഞ്ഞുമല പൊട്ടിയടർന്നു പോകുന്നതായിരുന്നു അത്. ഡി–28 എന്നു പേരിട്ട ആ മഞ്ഞുമല അടർന്നു പോയതിൽ പക്ഷേ കാലാവസ്ഥാപരമായ ആശങ്കകളൊന്നും വേണ്ടെന്നാണു ഗവേഷകർ പറയുന്നത്. അന്റാർട്ടിക്കിൽ ആയിരക്കണക്കിനു വർഷങ്ങളായി തുടരുന്ന സ്വാഭാവിക പ്രക്രിയയുടെ ഭാഗം മാത്രമാണിത്. എന്നാൽ അന്റാർട്ടിക്കിലൂടെ പോകുന്ന കപ്പലുകൾ ഭയക്കേണ്ടതുണ്ട്. അവർക്കുള്ള മുന്നറിയിപ്പായാണ് ‘കോപ്പര്‍ നിക്കസ്’ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. സത്യത്തിൽ എന്താണു സംഭവിച്ചത്?

ആന്റാർട്ടിക്കിലെ എമെറി ഐസ് ഷെൽഫ് എന്നറിയപ്പെടുന്ന മേഖലയിൽ നിന്നാണ് സെപ്റ്റംബർ 25ന് കൂറ്റൻ മഞ്ഞുമല അടർന്നു മാറിയത്. യുഎസിലെ നാഷനൽ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനാണ് (എൻഒഎഎ) ഇതിന് ഔദ്യോഗികമായി ഡി–28 എന്ന പേരിട്ടത്. അന്റാർ‍‍‍‍ട്ടിക്കിലെ ഏതെങ്കിലും ഒരു മഞ്ഞുപാളിയിൽ നിന്ന് അരനൂറ്റാണ്ടിനിടെ വിട്ടുപോന്നവയി‌ൽ ഏറ്റവും വലിയ മഞ്ഞുമലയാണിതെന്നാണു ഗവേഷകർ പറയുന്നത്. രൂപത്തിലെ പ്രത്യേകത കൊണ്ട് ഇതിനൊരു ഓമനപ്പേരുമിട്ടു– ‘മോളാർ’ ബെർഗ് അഥവാ അണപ്പല്ല് പോലുള്ള മഞ്ഞുമല. ഇളകിനിന്ന അണപ്പല്ല് പറിഞ്ഞു പോരുന്നതു പോലെയായിരുന്നത്രേ ബഹിരാകാശത്തു നിന്ന് ഈ മഞ്ഞുമല വിട്ടുപോകുന്ന കാഴ്ച! അതുകൊണ്ടാണ് ഇത്തരമൊരു വിളിപ്പേരിട്ടതും.

യുഎസ് നാഷനൽ ഐസ് സെന്ററിന്റെ കണക്കു പ്രകാരം ഏകദേശം 30 നോട്ടിക്കൽ മൈൽ നീളവും 19 നോട്ടിക്കൽ മൈൽ ഉയരവുമുണ്ട് മഞ്ഞുമലയ്ക്ക്. മാതൃമഞ്ഞുപാളിയിൽ നിന്ന് അടർന്നുമാറി ഇപ്പോൾ അമേരിക്കൻ സീയുടെ ഭാഗമായ പ്രിഡ്ജ് ബേ എന്ന ഭാഗത്ത് എത്തിയിരിക്കുകയാണ് ഡി–28. അന്റാർട്ടിക് തീരത്തു നിന്ന് വടക്കുപടിഞ്ഞാറു ദിശയിലേക്കാണു സഞ്ചാരം. സെന്റിനെൽ–1 സാറ്റലൈറ്റാണ് ഈ കൂറ്റൻ മഞ്ഞുമല വിട്ടുമാറുന്നതിന്റെ ചിത്രം വ്യക്തമായി പകർത്തിയത്. യൂറോപ്യൻ സ്പേസ് എൻ‍‍‍‍‍‍‍‍ജൻസി(ഇഎസ്എ) ബഹിരാകാശത്തു നിയോഗിച്ചിരിക്കുന്ന 6 സുപ്രധാന സാറ്റലൈറ്റുകളിലൊന്നാണിത്. കോപ്പര്‍നിക്കസ് സർവീസസ് എന്നറിയപ്പെടുന്ന ഇഎസ്എയുടെ സുപ്രധാന ദൗത്യത്തിനു വേണ്ടി ഡേറ്റ ശേഖരിക്കലാണ് ഇവയുടെ ജോലി. കപ്പലുകൾക്കു വഴികാട്ടുന്നതിനും മറ്റു പരീക്ഷണ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഈ ഡേറ്റ ശേഖരണം. ഇതിന്റെ ഭാഗമായി ധ്രുവപ്രദേശമൊന്നാകെ രാവും പകലുമെന്നില്ലാതെ ഈ ആറ് കൃത്രിമ ഉപഗ്രഹങ്ങളുടെയും നിരീക്ഷണവലയത്തിലാണ്.