ജലത്തിന് ചൂടേറുന്നു, കടലിൽ നിറയുന്നു മനുഷ്യമാംസം ‘തിന്നുന്ന’ സൂക്ഷ്മജീവി
കണ്ണുകൊണ്ടു പോലും കാണാനാകാത്തത്ര സൂക്ഷ്മ ജീവികൾ–അവയെയാണു ബാക്ടീരിയ എന്നു വിളിക്കുന്നത്. കുഞ്ഞനാണെന്നു കരുതി ഇവ പാവമാണെന്നു കരുതരുത്. മനുഷ്യരെ പലവിധ രോഗങ്ങളാൽ കൊന്നൊടുക്കാൻ വരെ ശേഷിയുള്ളവയാണ് ബാക്ടീരിയങ്ങൾ. ഇവയില്‍ ഏറ്റവും ഭീകരന്മാരായ ഒരു കൂട്ടരുണ്ട്, വിബ്രിയോ വൊൾനിഫിക്കസ് എന്നാണു പേര്. മനുഷ്യമാംസം ‘തിന്നുതീർക്കാൻ’ ശേഷിയുള്ളവയാണ് ഇവ. അതും ഒരു മനുഷ്യനു സഹിക്കാവുന്നതിലും അധികം വേദന നൽകിക്കൊണ്ട്.
ചൂടേറിയ ജലത്തിലാണ് സാധാരണ ഇവയുടെ സാന്നിധ്യമുണ്ടാകാറുള്ളത്, അതും വളരെ അപൂർവമായി മാത്രം. എന്നാൽ ലോകത്ത് ആഗോളതാപനം കാരണം സമുദ്രജലത്തിനു ചൂടേറിയതോടെ ഇവയെ കാണപ്പെടുന്നത് സാധാരണമായിത്തുടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. യുഎസിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നതും. മെക്സിക്കോ ഉൾക്കടലിലെ ചില മേഖലകൾ പോലെ കടലിലെ താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊൾനിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാൽ ഇന്നവ കടലിന്റെ കിഴക്കൻ തീരത്തേക്കും മാറിയതായാണു തിരിച്ചറിഞ്ഞിരിക്കുന്നത്. വടക്കൻ മേഖലയിലാകട്ടെ ഇവയുടെ ഭീഷണിയില്ല താനും!
ഒന്നുകിൽ ഉപ്പുരസമേറിയ കടലിൽ അല്ലെങ്കിൽ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിൽ...അവിടങ്ങളിലാണ് വൊൾനിഫിക്കസിനെ പലപ്പോഴും കണ്ടെത്തുന്നത്. എന്നാൽ ഇത്തവണ യുഎസിൽ വേനൽക്കാലം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ജലാശയങ്ങളിലെ താപനിലയും ഉയർന്നു. അപ്പോഴും ആരും ഈ ബാക്ടീരിയത്തെപ്പറ്റി ചിന്തിച്ചതു പോലുമില്ല. അങ്ങനെയിരിക്കെയാണ് ന്യൂജഴ്സിയിലെ കൂപ്പർ സർവകലാശാല ആശുപത്രിയിലെ ഡോക്ടർമാർ ഒരു കാര്യം ശ്രദ്ധിക്കുന്നത്. ഡെലവെയർ ബേ മേഖലയിൽ നിന്ന് പലപ്പോഴായി അഞ്ചു പേരെ മാംസഭോജി ബാക്ടീരിയ ബാധയേറ്റ് ചികിത്സയ്ക്കു കൊണ്ടു വന്നിരുന്നു. 2017നും 2018നും ഇടയ്ക്കായിരുന്നു ഇത്.
വെറും അഞ്ചെണ്ണമല്ലേയുള്ളൂ എന്നു കരുതാൻ വരട്ടെ. 2010നും 2018നും ഇടയ്ക്ക് ആകെ ഒരൊറ്റ സംഭവം മാത്രമേ വൊൾനിഫിക്കസിന്റെ ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. ഇക്കാര്യം അവർ ഒരു മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച അഞ്ചിൽ ഒരാൾ മരിച്ചു. ബാക്കി നാലു പേരിൽ ഒരാളുടെ രണ്ടു കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണു തുടക്കം, വളരെപെട്ടെന്ന് അതു വലുതാകും, പിന്നെ മാംസം അഴുകുന്നതിനു സമാനമാകും. പെട്ടെന്നു ചികിത്സ തേടിയാൽ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയാണ്. അത്രമാത്രം ഗുരുതരമാണിത്, ഒപ്പം അതികഠിനമായ വേദനയും പനിയും.
വെള്ളത്തിലേക്കിറങ്ങുമ്പോൾ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ബാക്ടീരിയ അകത്തെത്തുന്നത്. ബാക്ടീരീയ ബാധയേറ്റ ഷെൽ ഫിഷിനെ കഴിക്കുന്നതും പ്രശ്നമാണ്. യുഎസിൽ ഓരോ വർഷവും കുറഞ്ഞത് 250 പേരെയെങ്കിലും ഈ ബാക്ടീരിയ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയ ഏറ്റവും ഗുരുതരമാകുന്നത്. പരമ്പരാഗതമായി കണ്ടുകൊണ്ടിരുന്ന മേഖലയിൽ നിന്നു മാറി വൊൾനിഫിക്കസ് പുതിയ ഇടങ്ങളിലേക്കെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ച് ഡോക്ടർമാർക്കും ബോധവൽക്കരണം നൽകിക്കഴിഞ്ഞു യുഎസ്.