ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ് വിക്രം സാരാഭായ്‌യുടെ ജന്മശതാബ്ദി
തയാറാക്കിയത്: നിന്നി മേരി ബേബി
ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ് വിക്രം സാരാഭായ്‌യുടെ ജന്മശതാബ്ദി ഇന്ന്
∙ വിദ്യാഭ്യാസം: പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിൽ. ഉപരിപഠനം ഇംഗ്ലണ്ടിൽ. തിരിച്ച് ഇന്ത്യയിലെത്തി സി.വി.രാമൻ നേതൃത്വം നൽകിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്നു കോസ്മിക് രശ്മികളെക്കുറിച്ച് ഗവേഷണം തുടങ്ങി. രണ്ടു വർഷത്തിനകം ആദ്യ റിസർച് പേപ്പർ പ്രസിദ്ധീകരിച്ചു. 1945ൽ ഉന്നത ഗവേഷണത്തിനായി കേംബ്രിജ് സർവകലാശാലയിൽ ചേർന്നു. കോസ്മിക് രശ്മികളെക്കുറിച്ചുള്ള പഠനത്തിന് അവിടെനിന്ന് പിഎച്ച്ഡി.
∙ അവിടെ നിന്നു തിരിച്ചെത്തിയത് സ്വതന്ത്ര ഇന്ത്യയിലേക്ക്. പുതിയ ഇന്ത്യയിൽ മികച്ച ഗവേഷണ കേന്ദ്രങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ അദ്ദേഹം 1947 നവംബർ 11ന് അഹമ്മദാബാദിൽ ഫിസിക്കൽ റിസർച് ലബോറട്ടറി(പിആർഎൽ) തുറന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊക്കെ ചോദിച്ചുവാങ്ങിയ പണമുപയോഗിച്ചാണ് അദ്ദേഹം ലാബ് സ്ഥാപിച്ചത്. ശാസ്ത്രജ്ഞനായ കെ.ആർ. രാമനാഥനായിരുന്നു ആദ്യ ഡയറക്ടർ. കോസ്മിക് രശ്മികളെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തിലും രാജ്യത്തെ അറിയപ്പെടുന്ന ഗവേഷണ കേന്ദ്രമായി പിആർഎല്ലിനെ ഇരുവരും ചേർന്നു വളർത്തിയെടുത്തു.
∙ഫിസിക്കൽ റിസർച് ലാബ് തുടക്കം മാത്രമായിരുന്നു. പിന്നാലെ പത്തോളം സ്ഥാപനങ്ങളാണ് വിക്രം സാരാഭായ് സ്ഥാപിച്ചത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം), സെന്റർ ഫോർ എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി(സിഇപിടി) യൂണിവേഴ്സിറ്റി, കമ്യൂണിറ്റി സയൻസ് സെന്റർ, ദർപ്പൺ അക്കാദമി ഫോർ പെർഫോമിങ് ആർട്സ്(ഭാര്യ മൃണാളിനി സാരാഭായിക്കൊപ്പം), തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ, അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ, കൽപാക്കം ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ, കൊൽക്കത്തയിലെ വേരിയബിൾ എനർജി സൈക്ലോട്രോൺ പ്രോജക്ട്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്(ഇസിഐഎൽ), ബിഹാറിലെ ജഡുഗുണ്ടയിൽ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ...
∙1966 മുതൽ 1971 പിആർഎല്ലിൽ സേവനമനുഷ്ഠിച്ചു. ഇതിനിടെ ഇന്ത്യൻ അണുശക്തി കമ്മിഷൻ അധ്യക്ഷനായി നിയമിതനായി.
∙അതുവരെ ബഹിരാകാശ യാത്രകളിൽ മാത്രം ശ്രദ്ധയൂന്നിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ കാലാവസ്ഥാ നിരീക്ഷണത്തിനും വാർത്താവിനിമയത്തിനും ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയത് വിക്രം സാരാഭായിയുടെ ഇടപെടലിലാണ്.
∙1962ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണത്തോടെയാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികൾ ആരംഭിക്കുന്നത്. അറ്റോമിക് എനർജി വകുപ്പ് മേധാവിയായിരുന്ന ഹോമി ജെ.ഭാഭയും ഡോ. വിക്രം സാരാഭായിയും ചേർന്നാണു മൽസ്യബന്ധന ഗ്രാമമായിരുന്ന തുമ്പ വിക്ഷേപണ കേന്ദ്രമായി തിരഞ്ഞെടുത്തത്. ഭൂമധ്യരേഖയോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലം എന്ന ഘടകമാണു തുമ്പ തിരഞ്ഞെടുക്കാൻ കാരണം.
∙വിക്രം സാരാഭായിയുടെ സാന്നിധ്യത്തിൽ 1963 നവംബർ 21ന് തുമ്പയിൽ നിന്നു വിക്ഷേപിച്ച ‘നൈക്ക്–അപ്പാഷെ’ എന്ന ചെറു റോക്കറ്റ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികക്കല്ലായി. അദ്ദേഹത്തോടുള്ള ബഹുമാനാർഥം റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് ‘വിക്രം സാരാഭായ് സ്പേസ് സെന്റർ’ എന്നു പേരുനൽകി.
∙1966ൽ വിക്രം സാരാഭായ് നാസയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് 1975ൽ രാജ്യത്ത് ഉപഗ്രഹ സഹായത്തോടെ ടെലിവിഷൻ പ്രക്ഷേപണം വിജയകരമായി പരീക്ഷിച്ചത്. 2400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനിക വിദ്യാഭ്യാസം എത്തിക്കാൻ അദ്ദേഹം ആവിഷ്കരിച്ച സ്വപ്ന പദ്ധതിയായിരുന്നു അത്. നാസയുടെ ഉപഗ്രഹത്തിന്റെ സഹായത്തോടെ വിക്ഷേപിച്ച സൈറ്റ്(സാറ്റലൈറ്റ് ഇൻസ്ട്രക്‌ഷനൽ ടെലിവിഷൻ എക്സ്പിരിമെന്റ്) സംവിധാനം യാഥാർഥ്യമാകുന്നതു കാണാൻ പക്ഷേ, അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല.
∙ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ പിന്നിലെ മാസ്റ്റർമൈൻഡ് സാരാഭായിയുടേതായിരുന്നു. 1975 ഏപ്രിൽ 19ന് ആര്യഭട്ട വിജയകരമായി വിക്ഷേപിക്കുന്നതും കാണാൻ അദ്ദേഹം കാത്തിരുന്നില്ല. 1971 ഡിസംബർ 30ന് 52ാം വയസ്സിൽ കോവളത്ത് വിക്രം സാരാഭായ് അന്തരിച്ചു.
വിക്രം അംബാലാൽ സാരാഭായ്
∙ ജനനം 1919 ഓഗസ്റ്റ് 12ന് ഗുജറാത്തിലെ അഹമ്മദാബാദിൽ
∙ മാതാപിതാക്കൾ: അംബാലാൽ സാരാഭായി(വ്യവസായി), സരളാദേവി
∙ ഭാര്യ മൃണാളിനി സാരാഭായ് അറിയപ്പെടുന്ന നർത്തകി. മകൾ മല്ലിക സാരാഭായിയും നർത്തകി. മകൻ കാർത്തികേയ.
∙ സ്വാതന്ത്ര്യ സമര സേനാനി മൃദുല സാരാഭായ് സഹോദരി
∙ കലാപ്രേമി, ശാസ്ത്രവും ഗണിതവും പ്രചരിപ്പിക്കുന്നതിൽ ഉൽസാഹം
∙ പത്മഭൂഷൺ(1966), പത്മവിഭൂഷൻ(1972, മരണാനന്തരം)