കരിങ്കൽ ക്വാറി ‘ചന്ദ്രനാക്കി’; അങ്ങനെ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി !
നവീൻ മോഹൻ
‘ഫസ്റ്റ് മാൻ’ എന്ന സിനിമയ്ക്ക് മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കർ ലഭിച്ച കഥ
ആദ്യമായി ചന്ദ്രനിലിറങ്ങിയ മനുഷ്യൻ– ഏതു പാതിരാത്രി വിളിച്ചെണീപ്പിച്ചു ചോദിച്ചാലും കുട്ടികൾ ഉത്തരം പറയും നീൽ ആംസ്ട്രോങ്ങെന്ന്. അത്രയ്ക്കു പ്രശസ്തനാണ് കക്ഷി. ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയ കഥയുമായി ഒരു സിനിമ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങി– ഫസ്റ്റ് മാൻ. ഇത്തവണ ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച വിഷ്വൽ എഫക്ട്സിനുള്ള അംഗീകാരം ഫസ്റ്റ് മാനായിരുന്നു. 1969ലാണ് അപ്പോളോ 11 ദൗത്യം വഴി നാസ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും ചന്ദ്രനിലിറക്കിയത്. അന്ന് അതിന്റെ ഒട്ടേറെ ചിത്രങ്ങളും നാസ പുറത്തുവിട്ടിരുന്നു.
ഇന്നും ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യരെപ്പറ്റി ആലോചിക്കുമ്പോൾ പലരുടെയും മനസ്സിൽ വരുന്നതും ആ ചിത്രങ്ങളായിരിക്കും. അത്തരമൊരു ‘നൊസ്റ്റാൾജിയ’ സിനിമയിലും എത്തിക്കുകയെന്നതായിരുന്നു സംവിധായകൻ ഡേമിയൻ ഷസാലിന്റെ ലക്ഷ്യം. പക്ഷേ ഈ മുപ്പത്തിമൂന്നുകാരൻ ഇന്നേവരെ കാര്യമായ വിഷ്വൽ എഫക്ട്സുകളൊന്നും തന്റെ മുൻകാല ചിത്രങ്ങളിൽ പ്രയോഗിച്ചിട്ടില്ല. അങ്ങനെയാണ് പോൾ ലാംബെർട്ടിന്റെ നേതൃത്വത്തിൽ ഡിഎൻഇജി എന്ന കമ്പനി ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സ് ഏറ്റെടുക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികതയും പഴയകാല രീതികളും ഒരുമിപ്പിച്ചായിരുന്നു ലാംബെർട്ടിന്റെ പരീക്ഷണങ്ങൾ.
സാധാരണ ഗതിയിൽ കഥാപാത്രങ്ങളുടെ പിന്നിൽ പച്ചനിറത്തിലുള്ള സ്ക്രീൻ വച്ച് അതിനു മുന്നിൽ അവർ അഭിനയിക്കുകയാണു പതിവ്. പിന്നീട് ആ പച്ച സ്ക്രീനിന്റെ സ്ഥാനത്ത് ആവശ്യമനുസരിച്ചു ചന്ദ്രനെയും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമൊക്കെ വിഷ്വൽ എഫക്ട്സിലൂടെ ചേർക്കും. എന്നാൽ ഫസ്റ്റ് മാനിൽ ലാംബെർട്ട് ചെയ്തത് മറ്റൊരു പരീക്ഷണമായിരുന്നു. അദ്ദേഹവും സംഘവും 35 അടി ഉയരവും 65 അടി വീതിയുമുള്ള ഒരു എൽഇഡി സ്ക്രീൻ നിർമിച്ചു. അതിൽ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. ആംസ്ട്രോങ്ങിനെയും സംഘത്തെയും വഹിച്ച ബഹിരാകാശ പേടകത്തിന്റെ ഒരു മാതൃകയും തയാറാക്കിയിരുന്നു. സ്ക്രീനിലെ ദൃശ്യങ്ങൾക്കനുസരിച്ച് ഈ പേടകവും നീങ്ങിക്കൊണ്ടിരിക്കും. അങ്ങനെ ശരിക്കും ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന പോലെത്തന്നെ ക്യാമറാമാനു കാണാനും സാധിച്ചു.
സ്ക്രീനിൽ കാണിച്ച ദൃശ്യങ്ങൾക്കുമുണ്ടായിരുന്നു പ്രത്യേകത. ഇത്രയും നാളും പുറംലോകം കാണാതെ സൂക്ഷിച്ചിരുന്ന അപ്പോളോ 11 ദൗത്യത്തിലെ ചിത്രങ്ങളായിരുന്നു ഡിഎൻഇജി കമ്പനി ഉപയോഗിച്ചത്. ഇതു കണ്ടെത്തിയതാകട്ടെ അലബാമയിലെ മാർഷൽ സ്പെയ്സ് സെന്ററിൽ നിന്നും. 200 കാനുകളിലായിട്ടായിരുന്നു ഫിലിം സൂക്ഷിച്ചിരുന്നത്. അതു പ്രദർശിപ്പിച്ചു കാണുന്നതിനുള്ള ഉപകരണം എവിടെയും ലഭിക്കാനുമുണ്ടായിരുന്നില്ല. 50 വർഷം പഴക്കമുള്ള ആ 70 എംഎം ചിത്രങ്ങൾ വിഷ്വൽ എഫക്ട്സ് ടീം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധിച്ചു. അതീവ വ്യക്തതയോടെയായിരുന്നു അതിലെ ദൃശ്യങ്ങൾ. റോക്കറ്റ് എൻജിൻ ജ്വലിക്കുന്നതുൾപ്പെടെയുള്ള കാഴ്ചകൾ എൽഇഡി സ്ക്രീനിലെ ദൃശ്യത്തോടൊപ്പം ചേർക്കുകയും ചെയ്തു. അങ്ങനെ ബഹിരാകാശ യാത്രയുടെ പഴയകാല ‘ഫീലും’ പ്രേക്ഷകർക്കു ലഭിച്ചു. ഫസ്റ്റ്മാൻ ചിത്രത്തിന് ഇത്രയേറെ ‘ഒറിജിനാലിറ്റി’ ലഭിക്കാനും കാരണം അതായിരുന്നു.
ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയ രംഗം ചിത്രീകരിച്ചത് ഭൂമിയിലാണെന്ന കാര്യം കൂട്ടുകാർക്ക് അറിയാമോ? ചന്ദ്രനിൽ സീ ഓഫ് ട്രാൻക്വിലിറ്റി (പ്രശാന്തതയുടെ സമുദ്രം) എന്നറിയപ്പെടുന്നയിടത്തായിരുന്നു ആംസ്ട്രോങ്ങും സംഘവും കാലുകുത്തിയത്. യുഎസിലെ അറ്റ്‌ലാന്റയിലെ ‘വൾക്കൻ’ എന്ന കരിങ്കൽ ക്വാറിയിൽ ഈ പ്രദേശത്തിന്റെ സെറ്റിടുകയായിരുന്നു. അങ്ങനെ പ്രൊഡക്‌ഷൻ ഡിസൈനർ നഥാൻ ക്രൗലിയുടെ നേതൃത്വത്തിൽ അഞ്ച് ഏക്കറോളം വരുന്ന പ്രദേശം ‘ചന്ദ്രനാക്കി’ മാറ്റി. ചന്ദ്രന്റെ ഉപരിതലത്തിന് അനുയോജ്യമായ അതേ നിറത്തിലുള്ള മണ്ണായിരുന്നു ക്വാറിയിലും.
ചന്ദ്രനിൽ സൂര്യപ്രകാശം പതിക്കുന്നത് പുനഃസൃഷ്ടിക്കുകയെന്നതും വെല്ലുവിളിയായിരുന്നു. അതിനു വേണ്ടി ഉപയോഗിച്ചത് 15 അടി നീളമുള്ള 20,000 വാട്ടിന്റെ ലൈറ്റായിരുന്നു. സാധാരണ ഒരു ഫിലിം സെറ്റിൽ ഉപയോഗിക്കുന്ന ലൈറ്റിനേക്കാൾ രണ്ടിരട്ടിയായിരുന്നു അതിന്റെ പ്രകാശം. ഇത് സെറ്റിന് 500 അടി മുകളിലായി തൂക്കിയിട്ടു. അതിനിടെ രാത്രി തണുപ്പു ശക്തമായതോടെ ഒരു ലൈറ്റ് പൊട്ടിത്തെറിച്ചു. രണ്ടാമത്തെ ലൈറ്റ് ഉപയോഗിച്ചെങ്കിലും പലർക്കും തീവ്രപ്രകാശം കാരണം ശരീരം വരണ്ടു പോയ അവസ്ഥയായിരുന്നു. ഇങ്ങനെ പഴയതും പുതിയതുമായ ഒട്ടേറെ രീതികളിലായിരുന്നു ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സ്– ഫസ്റ്റ് മാനിൽ 619 ഡിജിറ്റൽ എഫക്ട്സ് ഷോട്ടുകളാണ് ആകെ ഉപയോഗിച്ചത്. ഓർക്കണം, സാധാരണ ഒരു സ്പെയ്സ് മൂവിയിൽ കുറഞ്ഞത് 3000 ഡിജിറ്റൽ ഷോട്ടുകളെങ്കിലും ഉണ്ടാകും!