കൂട്ടക്കൊലയും കൊടുംക്രൂരതകളും; കൊളംബസ് നാടുകൾ വെട്ടിപ്പിടിച്ചത് ഇങ്ങനെ...
ക്രിസ്‌റ്റഫർ കൊളംബസിന്റെ സാഹസികസഞ്ചാരങ്ങൾ ലോകഗതിയെ മാറ്റിമറിച്ചു. തദ്ദേശീയരെ ഉൻമൂലനം ചെയ്‌തും വിഭവങ്ങൾ കൊള്ളയടിച്ചും അത് കോളനിവൽക്കരണത്തിന്
ആക്കം കൂട്ടി. ചരിത്രത്തിന്റെ ആ കപ്പൽചാലുകളിലൂടെ...
അച്‌ഛനെയും മുത്തച്‌ഛനെയും പോലെ നെയ്‌ത്തുശാലയിൽ പണിയെടുത്ത്, അജ്‌ഞാതനായി മരിച്ചുപോകേണ്ടവനായിരുന്നു ക്രിസ്‌റ്റഫർ കൊളംബസ്. ആർത്തിരമ്പുന്ന കടലിനോടും കപ്പലുകളോടുമുള്ള തീവ്രാവേശം കൊളംബസിന്റെ മാത്രമല്ല ലോകത്തിന്റെയും ഭൂപടത്തെ മാറ്റിമറിച്ചു. അതിസാഹസികനായ ഈ സഞ്ചാരി 1451ൽ, ഇന്ന് ഇറ്റലിയുടെ ഭാഗമായ ജനോവയിലാണ് ജനിച്ചത്. നെയ്‌ത്തുകാരനായിരുന്ന ഡൊമനികോ കൊളംബോയുടെയും സൂസന്ന ഫൊണ്ടാനറോസ്സയുടെയും മകൻ. പാരമ്പര്യമായി നെയ്‌ത്തിലേർപ്പെട്ടിരുന്ന കുടുംബമായിരുന്നു അത്.
കപ്പൽ കൗതുകം ബാല്യം മുതൽ
കുട്ടിയായിരിക്കുമ്പോഴേ കൊളംബസിന്റെ മനസ്സ് കപ്പലുകൾക്കൊപ്പമായിരുന്നു. സമുദ്രവ്യാപാരത്തിനു കീർത്തികേട്ടതായിരുന്നു ആ നാട്. കപ്പലേറിപ്പോകുന്ന സഞ്ചാരികൾ അളവറ്റ സ്വത്തുമായി തിരികെ വരുന്ന കാഴ്‌ച കൊളംബസിനെ കൊതിപ്പിച്ചുകൊണ്ടിരുന്നു. 1470ൽ കുടുംബം സവോനയിലേക്കു താമസം മാറ്റി. കൗമാരത്തിലേ ഒരു കപ്പൽവ്യാപാരിയുടെ കീഴിൽ കൊളംബസ് ജോലി ചെയ്‌തിരുന്നു. ഒരിക്കൽ പോർച്ചുഗലിലേക്കുള്ള യാത്രയ്‌ക്കിടെ കടൽകൊള്ളക്കാർ ആക്രമിച്ചു. ഒരുപാടുപേർക്കു ജീവൻ നഷ്‌ടപ്പെട്ടു. മരണത്തിൽ നിന്നു തലനാരിഴയ്‌ക്കാണ് കൊളംബസ് രക്ഷപ്പെട്ടത്. ലിസ്‌ബനിൽ തങ്ങിയ നാളുകളിലാണ് ഗണിതവും ജ്യോതിശാസ്‌ത്രവും ഭൂപടനിർമാണവുമെല്ലാം പഠിച്ചെടുത്തത്. പോർട്ടോ സാന്റോയിലെ ഗവർണറുടെ മകളായിരുന്ന ഫിലിപ്പ മോണിസ് പെരെസ്‌ട്രെല്ലോയെ കൊളംബസ് ജീവിതസഖിയാക്കി. കടൽ വഴിയുള്ള കച്ചവടം കൊടിക്കൂറ പാറിച്ചുനിന്ന കാലമായിരുന്നു അത്. നാവികർക്കു പൊന്നിനെക്കാൾ വിലയുണ്ടായിരുന്ന കാലം.
ഗവർണറാക്കാം സ്വത്തും തരാം
സ്‌പെയിനിൽ നിന്നു നിരാശപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായപ്പോൾ ഇംഗ്ലണ്ടിൽ നിന്ന് പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിച്ചു. ഒടുവിൽ സ്‌പെയിനിനു വേണ്ടിത്തന്നെ കൊളംബസ് നാവികദൗത്യമേറ്റെടുത്തു. ജറുസലമിലേക്ക് കുരിശുയുദ്ധം നടത്താനാവശ്യമായ സ്വർണം യാത്രകളിൽ നിന്നു സ്വരുക്കൂട്ടാമെന്ന കൊളംബസിന്റെ വാഗ്‌ദാനമാകണം ഫെർഡിനൻഡ് രാജാവിനെയും ഇസബെല്ല രാജ്‌ഞിയെയും ആകർഷിച്ചത്. ഓരോ വർഷവും നല്ലൊരു തുക കൊളംബസിനു ലഭിക്കാൻ തുടങ്ങി. യാത്രയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. രാജ്യത്തെ പ്രധാന പട്ടണങ്ങളിലെല്ലാം താമസവും ആഹാരവും അദ്ദേഹത്തിനു സൗജന്യമായി. സമ്പത്തിനു പുറമേ മതപരിവർത്തനം കൂടി ലക്ഷ്യം വച്ചാണ് സ്‌പാനിഷ് രാജാവും രാജ്‌ഞിയും യാത്രികരെ പ്രോത്സാഹിപ്പിച്ചത്. കണ്ടെത്തുന്ന ദേശത്തിലെ ഗവർണർ പദവിയും വാരിക്കൂട്ടുന്ന സമ്പത്തിന്റെ 10 ശതമാനവുമായിരുന്നു കൊളംബസിനു ലഭിച്ച വാഗ്‌ദാനം.
ഏഷ്യയിലേക്ക് വഴി തേടി
15–ാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പിൽ നിന്നു കരമാർഗം ഏഷ്യയിലെത്തുക അത്യധികം ദുഷ്‌കരമായിരുന്നു. സൈന്യങ്ങളും കൊള്ളസംഘങ്ങളും വെല്ലുവിളിയായി. കടലിലൂടെ ഏഷ്യയിലെത്താൻ ആദ്യം ശ്രമിച്ചത് പോർച്ചുഗീസ് പര്യവേക്ഷകരാണ്. പശ്‌ചിമാഫ്രിക്കൻ തീരത്തു കൂടി കേപ് ഓഫ് ഗുഡ് ഹോപ് ചുറ്റി സഞ്ചരിക്കാനായിരുന്നു അവർ ഇഷ്‌ടപ്പെട്ടത്. എന്നാൽ, ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റിക്കറങ്ങാതെ, അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലെന്തെന്നായിരുന്നു കൊളംബസിന്റെ ചിന്ത.
ഏഷ്യയിലേക്ക് എളുപ്പവഴി തുറന്നെടുക്കാൻ കൊളംബസിനെ പ്രചോദിപ്പിച്ചത് ഇവിടെയുണ്ടായിരുന്ന സുഗന്ധദ്രവ്യങ്ങളും പട്ടുമായിരുന്നു. അറ്റ്‌ലാന്റിക്കിലൂടെ ഏഷ്യയിലെത്തിച്ചേരാനായി അദ്ദേഹം സമർപ്പിച്ച നാവിക പദ്ധതി പോർച്ചുഗൽ രാജാവ് നിരസിച്ചു. തുടർന്നു മറ്റു ചില ശ്രമങ്ങൾ കൂടി നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
കൊളംബസ് കണ്ട ‘ഇന്ത്യ’
1492 ഓഗസ്‌റ്റ് 3ന് നീന, പിന്റ, സാന്റാമരിയ എന്നീ കപ്പലുകളിൽ കൊളംബസും കൂട്ടരും യാത്ര തുടങ്ങി. ഒക്‌ടോബർ പന്ത്രണ്ടിന് കര കണ്ണിൽപെട്ടു. ബഹാമസ് ദ്വീപുകളിൽ ഒന്നായിരുന്നു അത്. മാസങ്ങളോളം കരീബിയൻ ദ്വീപുകളിൽ സഞ്ചരിച്ച കൊളംബസിനു സ്വർണമോ സുഗന്ധദ്രവ്യമോ കണ്ടെത്താനായില്ല. തെക്കേ അമേരിക്കയിലെത്തിയ കൊളംബസ് മരണം വരെ കരുതിയത് ഇന്ത്യയിലാണ് എത്തിയതെന്നായിരുന്നു. 1493 മാർച്ചിൽ കൂടെയുണ്ടായിരുന്ന നാൽപതോളം യാത്രികരെ അവിടെ വിട്ട്(ഇന്നത്തെ ഹെയ്‌തിയും ഡൊമിനിക്കൻ റിപ്പബ്ലിക്കും) കൊളംബസ് സ്‌പെയിനിലേക്കു തിരിച്ചു.
1493 മാർച്ച് 15ന് കൊളംബസ് സ്‌പെയിനിന്റെ മണ്ണിൽ മടങ്ങിയെത്തി
തദ്ദേശീയരെ അടിമകളായി പിടിച്ച് കൂടെക്കൊണ്ടുവന്നിരുന്നു. കൊളംബസിന്റെ യാത്രകളുടെ ഖ്യാതി എങ്ങും പരന്നു. മൂന്നുതവണ കൂടി കൊളംബസ് യാത്ര ചെയ്‌തു. 1502 മേയിലാണ് അവസാന യാത്രയ്‌ക്കിറങ്ങിയത്. കൊടുങ്കാറ്റ് വരുമെന്ന കൊളംബസിന്റെ മുന്നറിയിപ്പുകളെ പുതിയ ഗവർണർ വിലയ്‌ക്കെടുത്തില്ല. ഒടുവിൽ കൊടുങ്കാറ്റ് കപ്പലുകളെ പിടിച്ചുകുലുക്കി. കൊളംബസിന്റെ കപ്പലിനു ചെറിയ നാശമേ ഉണ്ടായുള്ളൂ. ഗവർണറുടെ മുപ്പതു കപ്പലുകളിൽ 29 എണ്ണവും തകർന്നു.
ക്രൂരതയുടെ പര്യായം
ഓഗസ്‌റ്റ് 4ന് അമേരിക്കയുടെ പ്രധാന തീരത്തെത്തി. നിക്കരാഗ്വ, കോസ്‌റ്ററീക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തി. 1504 നവംബറിൽ സ്‌പെയിനിൽ തിരിച്ചെത്തി. ക്രൂരമായിരുന്നു ഈ സഞ്ചാരിയുടെ ചെയ്‌തികൾ. തദ്ദേശീയരെ കൂട്ടക്കൊല ചെയ്‌തും അംഗച്‌ഛേദം വരുത്തിയുമാണു കൊളംബസ് സ്‌ഥലങ്ങൾ കീഴടക്കിയത്. കൊടുംക്രൂരതകളാണ് തദ്ദേശവാസികൾക്കു മേൽ അഴിച്ചുവിട്ടത്. മൂന്നാംയാത്ര കഴിഞ്ഞ് സ്‌പെയിനിൽ തിരിച്ചെത്തിയ കൊളംബസിനെയും രണ്ടു സഹോദരൻമാരെയും രാജാവിന്റെ നിർദേശപ്രകാരം അറസ്‌റ്റ് ചെയ്‌ത് ജയിലിൽ അടച്ചു. പിന്നീടു തടങ്കലിൽ നിന്നു മോചിപ്പിക്കുകയും സമ്പത്ത് തിരികെക്കിട്ടുകയും ചെയ്‌തെങ്കിലും ഗവർണർ പദവി എന്നേക്കുമായി നഷ്‌ടമായിരുന്നു. ജീവിതത്തിന്റെ സായന്തനത്തിൽ കൊളംബസ് രാജാവിനു നിവേദനം സമർപ്പിച്ചു. താൻ നേടിക്കൊടുത്ത സമ്പത്തിന്റെ പത്തു ശതമാനം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ നിവേദനം രാജാവ് അംഗീകരിച്ചില്ല. 1506 മേയ് 20ന് ക്രിസ്‌റ്റഫർ കൊളംബസെന്ന സാഹസികസഞ്ചാരി മരിച്ചു.