ഈ കുഞ്ഞൻകിളി ഇത്ര സെലിബ്രിറ്റിയായതെങ്ങനെ?
നവീൻ മോഹൻ
ഏതാനും ദിവസങ്ങളായി ആ പൂന്തോട്ടത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു ഡഗ്ലസ് ക്രോഫ്റ്റ് എന്ന ഫൊട്ടോഗ്രാഫർ. കലിഫോർണിയയിലാണ് അദ്ദേഹത്തിന്റെ വീട്. ഇപ്പോൾ ചുറ്റിക്കറങ്ങുന്നതാകട്ടെ സാന്താ ക്രൂസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ പരീക്ഷാണാവശ്യങ്ങൾക്കും മറ്റുമായി വളർത്തിയെടുത്ത ഒരു പൂന്തോട്ടത്തിലും. ഒരു ദിവസത്തെ കറക്കം മുഴുവൻ മതിയാക്കി തിരികെ പോകാനൊരുങ്ങുകയായിരുന്നു അദ്ദേഹം. ക്യാമറ തിരികെ ബാഗിലേക്കു വയ്ക്കാനൊരുങ്ങുമ്പോഴായിരുന്നു ആ അമ്മയും മകളും അരികിലെത്തിയത്. അമ്മ ചോദിച്ചു: ‘താങ്കൾ കണ്ടെത്തിയോ അതിനെ..?’ ഇല്ലെന്നായിരുന്നു ഡഗ്ലസിന്റെ മറുപടി. ‘അടുത്ത ദിവസം വന്നു നോക്കാം’ എന്നു പറഞ്ഞതും പെട്ടെന്നാണു വെടിയുണ്ട പോലെ എന്തോ ഒന്ന് അരികിലൂടെ പാഞ്ഞു പോയത്. ഒരു വെളുത്ത വസ്തു. ഞെട്ടലോടെ ഡഗ്ലസ് തിരിച്ചറിഞ്ഞു– താൻ ഇത്രയും നാൾ അന്വേഷിച്ചു നടന്ന ‘കക്ഷി’യാണു മുന്നിൽ! ഒന്നും ആലോചിച്ചില്ല, ക്യാമറയെടുത്ത് ചറപറ ക്ലിക്കി.
പിന്നെ ആ വെളുത്ത പക്ഷിക്കു പിന്നാലെ ശ്രദ്ധയോടെ നടന്നു. ഓരോ പൂവിൽ നിന്ന് അത് തേനെടുക്കുമ്പോൾ പിന്നാലെ ഡഗ്ലസിന്റെ ക്യാമറയുമെത്തി. ഒടുവിൽ എങ്ങോട്ടോ അതു പറന്നു പോയി. ക്യാമറ പരിശോധിച്ച ഡഗ്ലസ് അന്തംവിട്ടു പോയി. അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയാണു ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. ഒരു വെളുത്ത ഹമ്മിങ് ബേഡായിരുന്നു അത്. അന്നാസ് ഹമ്മിങ് ബേഡ് എന്നറിയപ്പെടുന്ന അവയുടെ യഥാർത്ഥ നിറം പക്ഷേ വെളുപ്പമല്ല. തിളങ്ങുന്ന ബ്രൗണും പച്ചയും ഗ്രേയുമൊക്കെ കലർന്നതാണ്. ഹമ്മിങ് ബേഡുകൾക്കൊന്നും പൂർണമായും വെളുപ്പു നിറവുമില്ല. പിന്നെങ്ങനെ ഇതു സംഭവിച്ചു? ആ ഹമ്മിങ് ബേഡിന് ‘ല്യൂക്കിസം’ എന്ന പ്രശ്നമായിരുന്നു.
ജനിതക തകരാറു കൊണ്ടു സംഭവിക്കുന്നതാണ്. പക്ഷികളിൽ വളരെ അപൂര്‍വമായേ ഇതു സംഭവിക്കാറുള്ളൂ. കണ്ണുകളൊഴികെ ബാക്കിയെല്ലാ ഭാഗങ്ങളും വെളുപ്പായി മാറുന്നതാണിത്. ചില പക്ഷികൾക്ക് പൂർണമായും വെളുപ്പായിരിക്കും. മറ്റു ചിലതിന് കറുപ്പും വെളുപ്പുമൊക്കെയായും. ഏകദേശം മുഴുവനായിത്തന്നെ വെളുത്ത ഹമ്മിങ് ബേഡായിരുന്നു കലിഫോർണിയയിൽ കണ്ടെത്തിയത്. അത്തരത്തിലൊന്നിനെ ഇന്നേവരെ കണ്ടെത്താനുമായിട്ടില്ല. അതിനാലാണ് ഡഗ്ലസിന്റെ ഫോട്ടോകൾ കണ്ടു ലോകം അന്തംവിട്ടു നിൽക്കുന്നതും.
വളരെ ചെറുതാണ് അന്നാസ് ഹമ്മിങ് ബേഡുകൾ, വലുപ്പം ഏകദേശം 9.9 മുതൽ 10.9 സെ.മീ. വരെ മാത്രം. നീളൻ ചുണ്ടുകളാണു മറ്റൊരു പ്രത്യേകത. ഇത് പൂക്കൾക്കുള്ളിലേക്കു കടത്തിയാണു തേൻ കുടിക്കുന്നത്. കുഞ്ഞൻ പ്രാണികളെയും ഭക്ഷണമാക്കും ഇവ. ലോകത്തിൽ കലിഫോർണിയയിലെ ചിലയിടങ്ങളില്‍ മാത്രമേ അന്നാസ് ഹമ്മിങ് ബേഡുകളെ കാണാറുള്ളൂ.
ഡഗ്ലസ് ക്യാമറയിൽ പകർത്തിയ വെളുത്ത ഹമ്മിങ് ബേഡിനെ കാണാൻ പല രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ പക്ഷിപ്രേമികൾ കലിഫോർണിയയിലേക്ക് എത്തുന്നത്. ശരിക്കും ഒരു സെലിബ്രിറ്റി ആയിരിക്കുന്നു ഈ കുഞ്ഞൻ പക്ഷി. പക്ഷേ ഇപ്പോഴും അധികസമയമൊന്നും ഇവയെ പുറത്തു കാണാനാകില്ല. ഭാഗ്യം തേടി പലരും കലിഫോർണിയ സർവകലാശാലയിലെ പൂന്തോട്ടത്തിലൂടെ കറങ്ങുമ്പോൾ ഡഗ്ലസിന്റെ ചിത്രങ്ങൾ ലോകപ്രശസ്തമാവുകയാണ്.