എന്തുകൊണ്ടാണ് മൊബൈലിൽ സംസാരിക്കുമ്പോൾ ഓവർ പറയാത്തത്?
ഡോ. വൈശാഖൻ തമ്പി
മൊബൈൽ ഫോണിലും വയർലെസിലും സന്ദേശങ്ങൾ കൈമാറുന്നത് എങ്ങനെ...?
പൊലീസിനെക്കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കയ്യിലിരിക്കുന്ന വയർലസ് സെറ്റും ‘ഓവർ ഓവർ’ എന്ന പറച്ചിലും. എന്തിനാണ് ഇങ്ങനെ ഓവർ പറയുന്നത്..? നമ്മൾ എന്തുകൊണ്ടാണ് മൊബൈലിൽ സംസാരിക്കുമ്പോൾ ഓവർ പറയാത്തത്..?
പൊലീസിന്റെ കയ്യിലെ വയർലെസ് ഉപകരണം മൊബൈൽ ഫോൺ അല്ല പ്രവർത്തിക്കുന്നത് എന്നിടത്താണ് ഈ ഓവറിന്റെ സീക്രട്ട്.
ടൂ-വേ റേഡിയോ എന്നാണ് പൊലീസുകാർ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര്
ടൂ–വേ, വൺ വേ
ഒരു ടൂ-വേ റേഡിയോയും മൊബൈൽ ഫോണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതിൽ ഉപയോഗിക്കുന്ന കമ്യൂണിക്കേഷൻ മോഡ് ആണ്. മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത് full-duplex മോഡിലും ടൂ-വേ റേഡിയോ പ്രവർത്തിക്കുന്നത് half-duplex മോഡിലും ആണെന്നു പറയാം. എങ്ങനെയാണ് സന്ദേശങ്ങൾ ഈ ഉപകരണങ്ങൾ വഴി കൈമാറുന്നത് എന്ന് നോക്കാം.
ദുർബല തരംഗത്തിനു പോകാൻ വണ്ടി
നമ്മുടെ ശബ്ദം സ്വീകരിച്ച് സമാനമായ ഒരു വൈദ്യുത തരംഗമാക്കി മാറ്റുകയാണ് ഇവ ആദ്യം ചെയ്യുക. ഈ തരംഗം വളരെ ഊർജനില കുറഞ്ഞത് ആയതിനാൽ ഇതിനെ നേരിട്ട് പ്രേഷണം (transmit) ചെയ്യാൻ കഴിയില്ല. വായുവിലും മറ്റു തടസ്സങ്ങളിലും തട്ടി അവ പെട്ടെന്നു ചിതറിപ്പോകും. വാഹകതരംഗം (carrier wave) എന്ന് വിളിക്കുന്ന ഊർജനില കൂടിയ തരംഗങ്ങളുടെ മേലെ ഈ സന്ദേശതരംഗത്തെ പതിപ്പിച്ച് ആ തരംഗത്തെയാണ് transmit ചെയ്യുന്നത്. ഇങ്ങനെ സന്ദേശത്തെ കാരിയർ തരംഗത്തിനു മേലെ പതിപ്പിക്കുന്ന പ്രക്രിയയെ modulation എന്നു വിളിക്കും. ഈ കാരിയർ തരംഗങ്ങളുടെ frequency-യെ കമ്യൂണിക്കേഷൻ ഭാഷയിൽ ഒരു ചാനൽ എന്നാണ് വിളിക്കുക.
വയർലെസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനം കാരിയർ തരംഗങ്ങളുടെ സഹായത്തോടെയാണ്.
ഓരോ ഉപകരണവും ഒരു പ്രത്യേക പരിധിക്കുള്ളിൽ വരുന്ന ഫ്രീക്വൻസികളാണ് ഉപയോഗിക്കുന്നത്. അതിനെ ഒരു ഫ്രീക്വൻസി ബാൻഡ് എന്നു വിളിക്കാം. മൊബൈൽ ഫോണും, റേഡിയോയും, ടെലിവിഷനും എല്ലാം വെവ്വേറെ ഫ്രീക്വൻസി ബാൻഡുകളിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവ തമ്മിൽ കൂടിപ്പിണഞ്ഞ് പ്രശ്നമാകാറില്ല.
ഓവറിന്റെ കൂട്ടുകാർ
റേഡിയോ വാർത്താവിനിമയങ്ങളിൽ വ്യക്തത കൂട്ടുന്നതിനായി Military, Police, Civil Aviation, Fire safety തുടങ്ങിയ രംഗങ്ങളിൽ ‘ഓവർ’ കുറെയേറെ വാക്കുകൾ ഉപയോഗിക്കാറുണ്ട്. അതിനെ Standard Voice procedure എന്നുപറയും. (ഹോളിവുഡ് മിലിറ്ററി സിനിമകൾ കാണുന്നവർക്ക് Roger that, Copy that, Affirmative തുടങ്ങിയ വാക്കുകൾ പരിചയമുണ്ടാകും. അവയെല്ലാം Voice procedure കോഡുകൾ ആണ്)
മൊബൈൽ ഫോണുകൾ ഇത്രയും സർവസാധാരണമായ സമയത്തും ഈ 'പഴഞ്ചൻ' സാധനം ഉപയോഗിക്കുന്നതിന്റെ ആവശ്യമെന്താണ് എന്ന് സംശയം തോന്നുന്നുണ്ടോ? ഇന്നത്തെ മൊബൈൽ ഫോണിന് പകരമാകാൻ പല കാര്യങ്ങളിലും ടൂ-വേ റേഡിയോയ്ക്ക് സാധിക്കില്ല. പക്ഷേ, പ്രകൃതിദുരന്തങ്ങളൊക്കെ ഉണ്ടാകുമ്പോൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും, യുദ്ധസമയത്തെ സൈനികരുടെ സന്ദേശകൈമാറ്റവും ഒക്കെ പോലെ ഇന്നും ടൂ-വേ റേഡിയോ ഉപയോഗിക്കപ്പെടുന്ന ആവശ്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധ്യമല്ല. ഏറ്റവും പ്രധാനം, ടൂ-വേ റേഡിയോ വളരെ പെട്ടെന്ന് കമ്യൂണിക്കേഷൻ സാധ്യമാക്കും. നമ്പർ ഡയൽ ചെയ്യേണ്ട, ഒരു ബട്ടൺ അമർത്തി നേരിട്ടു സംസാരം തുടങ്ങാം. അതേ ചാനലിൽ (frequency-യിൽ) പ്രവർത്തിക്കുന്ന എല്ലാ ടൂ-വേ ഹാൻഡ്സെറ്റുകളിലും ഒരേസമയം സെക്കൻഡുകൾക്കുള്ളിൽ ആ സന്ദേശം എത്തും. 'line-busy' എന്നൊരു കാര്യമില്ല. സെൽഫോണുകൾ ടവറുകളോ വൈഫൈ റൂട്ടറുകളോ ഒക്കെ നൽകുന്ന School ovr ovr) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ എത്ര മികച്ച മൊബൈൽ ഫോണായാലും മറ്റൊരു ഉപകരണം നൽകുന്ന നെറ്റ്‌വർക്ക് കവറേജ്’ ഇല്ലെങ്കിൽ ആശയവിനിമയത്തിന് ഉപയോഗിക്കാനാകില്ല. എന്നാൽ ടൂ-വേ റേഡിയോയ്ക്ക് ആശയവിനിമയത്തിന് പുറത്തുനിന്നൊരു നെറ്റ്‌വർക്ക് ആവശ്യമില്ല. അതുകൊണ്ടാണ് പൊലീസും പട്ടാളവും ഫയർഫോഴ്സും ഒക്കെപ്പോലെ ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അതിനോട് ഇത്ര താൽപര്യം. ചെലവും വളരെ കുറവ്. സ്വന്തം നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിനാൽ, മാസാമാസം ബില്ല് അടയ്ക്കേണ്ട ചെലവുമില്ല.