ചുവന്ന വിളക്കുകളാൽ അലങ്കരിക്കുന്ന ആ ദിനം!

ഒരു കുഞ്ഞ് രൂപപ്പെട്ട്, അമ്മയുടെ വയറ്റിനുള്ളിൽ നാലാഴ്ച പ്രായമാകുമ്പോൾ മുതൽ, മരണം സംഭവിക്കുന്ന സമയംവരെ ഇടതടവില്ലാതെ പ്രവർത്തിച്ചു പോരുന്ന ‌അദ്ഭുത അവയവമാണ് ഹൃദയം. സെപ്റ്റമ്പർ 29 നാണ് ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. 2000 ത്തിൽ തുടങ്ങിയ ഹൃദയ ദിനാചരണത്തിന് നേതൃത്വം നൾകുന്നത് വേൾഡ് ഹാർട്ട് ഫെഡറേഷനാണ്. My heart, your heart എന്നതാണ് ഇക്കൊല്ലത്തെ ചിന്താവിഷയം.
∙ ചുരുട്ടിപ്പിടിച്ച മുഷ്ടിയുടെ വലുപ്പവും, ഏകദേശം 300 ഗ്രാം ഭാരവും വരുന്ന ഈ അവയവം നമ്മുടെ നെഞ്ചിൻകൂടിനുള്ളിൽ ഇരു ശ്വാസകോശങ്ങൾക്കും മധ്യത്തിലായി ഇടതു വശത്തേക്ക് അൽപം ചരിഞ്ഞ് സ്ഥിതിചെയ്യുന്നു.
∙ഒരുദിവസം ഒരു ലക്ഷത്തിലധികം തവണ മിടിക്കും.
∙ഏകദേശം 350 ലീറ്റർ രക്തമാണു പ്രതിദിനം കൈകാര്യം ചെയ്യുന്നത്. ഭാരപ്പെട്ട പണികൾ ചെയ്യുമ്പോഴും വ്യായാമങ്ങളിൽ ഏർപ്പെടുമ്പോഴും ഇതു നാലിരട്ടിയോളമാകും.

ഹൃദയദിനം ആചരിക്കാൻ

∙ ബോധവൽക്കരണ റാലികൾ, ക്ലാസുകൾ
∙സ്ലൈഡ് ഷോകൾ
∙മാരത്തൺ
∙വ്യായാമ പരിശീലനം
∙ പ്രദർശനങ്ങൾ
∙ഹൃദയദിനം ആചരിക്കാൻ പ്രദേശത്തെ ഒരു പ്രധാന കെട്ടിടമോ സ്മാരകമോ അന്നേദിവസം ചുവന്ന വിളക്കുകളാൽ അലങ്കരിക്കുന്ന ഒരു പതിവുണ്ട്.

നാല് അറകൾ
∙ ഹൃദയത്തിൽ നാല് അറകളും നാല് വാൽവുകളും. മുകൾഭാഗത്തെ അറകൾ 'ഏട്രിയം' എന്നും താഴെയുള്ള അറകൾ 'വെൻട്രിക്കിൾ' എന്നും അറിയപ്പെടുന്നു.
∙താഴത്തെയും മുകളിലെയും അറകൾക്കിടയിലുള്ള രക്തചംക്രമണം നിയന്ത്രിക്കുന്ന വാതിലുകളാണ് 'ഏട്രിയോ വെൻട്രിക്കുലാർ' വാൽവുകൾ. വലതുവശത്തേതു 'ട്രൈക്കസ്പിഡ്' വാൽവ് (മൂന്നു ദളങ്ങൾ ഉള്ളത്) എന്നും ഇടതുവശത്തേതു 'മൈട്രൽ' വാൽവ് (രണ്ട് ദളങ്ങൾ ഉള്ളത്) എന്നും അറിയപ്പെടുന്നു.
∙ഓരോ വെൻട്രിക്കിളും അതിൽ നിറയുന്ന രക്തം പ്രധാനപ്പെട്ട രണ്ടു രക്തക്കുഴലുകളിലേക്കു പമ്പു ചെയ്യുന്നു.
∙ഇടതു വെൻട്രിക്കിൾ ശുദ്ധരക്തം 'അയോർട്ട' (മഹാധമനി) യിലേക്കും, വലതു വെൻട്രിക്കിൾ അശുദ്ധരക്തം 'പൾമണറി ആർട്ടറി' (മഹാസിര) യിലേക്കും. ഇതിൽ വെൻട്രിക്കിളും ഈ പ്രധാന രക്തക്കുഴലുകളും തമ്മിലുള്ള വാതിലുകളാണു 'സെമി ലൂണാർ വാൽവുകൾ'. വലതുവശത്ത് 'പൾമണറി'വാൽവ്, ഇടതു വശത്ത് 'അയോർട്ടിക്'വാൽവ്.

പമ്പിങ്
വലതുവശത്തെ ഏട്രിയം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിരിച്ചുവരുന്ന, ഓക്സിജന്റെ അളവു കുറഞ്ഞ 'അശുദ്ധ' രക്തം സ്വീകരിക്കുന്നു. ഈ അറ നിറഞ്ഞ്, അകത്തെ സമ്മർദം ഉയരുമ്പോൾ ട്രൈക്കസ്പിഡ് വാൽവ് തുറന്ന് ആ രക്തം താഴെ വലതു വെൻട്രിക്കിളിൽ എത്തും. തുടർന്നു വെൻട്രിക്കിൾ അതിശക്തമായി സങ്കോചിക്കും. ആ സമ്മർദത്തിൽ ട്രൈക്കസ്പിഡ് വാൽവ് അടയുന്നതുമൂലം വെൻട്രിക്കിളിൽനിന്നു തിരിച്ച് ഏട്രിയത്തിലേക്ക് രക്തം ഒഴുകില്ല. പകരം, പൾമണറി വാൽവ് തുറന്ന് ആ രക്തം നേരെ പൾമണറി ആർട്ടറി വഴി ശ്വാസകോശത്തിലെത്തി കാർബൺ ഡൈ ഓക്സൈഡ് ഉപേക്ഷിച്ച്, ഓക്സിജൻ സ്വീകരിച്ച് 'ശുദ്ധ രക്തം' ആയി മാറും.

പൾമണറി വാൽവ് രക്തത്തിന്റെ തിരിച്ചൊഴുക്കു തടയുകയും ചെയ്യും. ഈ ശുദ്ധ രക്തം നേരേ ഒഴുകി ഇടത് ഏട്രിയത്തിലേക്ക് എത്തും, അവിടെനിന്നു മൈട്രൽ വാൽവിലൂടെ ഇടതു വെൻട്രിക്കിളിൽ എത്തും. വെൻട്രിക്കിൾ അതിശക്തമായി സങ്കോചിക്കുമ്പോൾ അയോർട്ടിക് വാൽവ് തുറന്ന് ശുദ്ധരക്തം അയോർട്ടയിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തും.

ഹൃദയധമനികൾ
ഹൃദയത്തിന്റെ ഭിത്തികളിലെ മാംസപേശികൾക്കു പ്രവർത്തിക്കുന്നതിനാവശ്യമായ ശുദ്ധരക്തം എത്തിക്കുന്നത് അയോർട്ടയുടെ ആദ്യത്തെ രണ്ടു ശാഖകൾ ആണ്, 'കൊറോണറി'ധമനികൾ. മഹാധമനിയുടെ വലതുവശത്തുനിന്ന് ഉദ്ഭവിക്കുന്നതു വലതു കൊറോണറിയും (RCA) ഇടതുവശത്തുനിന്നു ഉദ്ഭവിക്കുന്നത് ഇടതു കൊറോണറിയും (LCA) എന്നറിയപ്പെടുന്നു.

ഹാർട്ട് അറ്റാക്ക്
ഹൃദയഭിത്തിയിലെ കോശങ്ങളിലേക്കു ശുദ്ധരക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ എവിടെയെങ്കിലും തടസ്സം ഉണ്ടാകുന്നതുമൂലം ഹൃദയഭിത്തിയുടെ ആ ഭാഗം പ്രവർത്തനരഹിതം ആയേക്കാം. അപ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിനുള്ള ശുദ്ധ രക്തം എത്തിക്കുക എന്ന അടിസ്ഥാന കടമ നിറവേറ്റാൻ ഹൃദയത്തിനു കഴിയാതെ പോകുന്നു. ഒപ്പം പമ്പിങ് നടക്കാത്തതുമൂലം ശ്വാസകോശത്തിൽ രക്തം കെട്ടിക്കിടക്കുന്നതു വഴി ശ്വാസതടസ്സം അനുഭവപ്പെടുന്നു. ഇതാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്.

ആൻജിയോഗ്രാം
ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കൊറോണറി ധമനികളിലേക്ക് എക്സ് റേ കിരണങ്ങൾ കടത്തിവിടാത്ത തരം 'മരുന്നുകൾ' കടത്തിവിട്ട് എടുക്കുന്ന ചിത്രങ്ങളാണ് ആൻജിയോഗ്രാം. ധമനികളിൽ തടസ്സം ഉണ്ടെങ്കിൽ ഈ'മരുന്നുകൾ' ആ തടസ്സത്തിനപ്പുറത്തേക്കു കടന്നു ചെന്നിട്ടില്ല എന്നത് ആൻജിയോഗ്രാം ചിത്രങ്ങളിൽനിന്നു ഡോക്ടർമാർക്കു മനസ്സിലാകും.

ആൻജിയോപ്ലാസ്റ്റി
രോഗിയുടെ കൈത്തണ്ടയിലെയോ തുടയിലെയോ രക്തക്കുഴലിലൂടെ കടത്തിവിടുന്ന "കത്തീറ്റർ" എന്ന നാളിയിലൂടെ ബലൂണിന്റെ സഹായത്തോടെ ആ തടസ്സം നീക്കം ചെയ്യുന്നു. ഒപ്പം രക്തക്കട്ട വലിച്ചുകളയുന്നതിനു 'ത്രോംബോസക്‌ഷൻ' എന്ന സങ്കേതവും ഉപയോഗിച്ചുപോരുന്നു.

സ്റ്റെന്റ്
ആൻജിയോപ്ലാസ്റ്റിയിൽ ബലൂൺ ചികിത്സയോടൊപ്പംതന്നെ ആ രക്തധമനി വീണ്ടും അടഞ്ഞുപോകാതിരിക്കുന്നതിനായി ലോഹനിർമിതമായ ഒരു ചുരുൾ (സ്റ്റെന്റ്) നിലനിർത്താറുണ്ട്. തുടർന്നങ്ങോട്ട് അതേ സ്ഥലത്തു രക്തം വീണ്ടും കട്ടപിടിക്കുന്നതു തടയിടുന്നതിനുള്ള മരുന്നുകൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ള സ്റ്റെന്റുകൾ വരെ ഇക്കാലത്തു ലഭ്യമാണ്.

ത്രോംബോലിറ്റിക് തെറപ്പി
മരുന്നുകൾ ഉപയോഗിച്ച് ബ്ലോക്ക് അലിയിച്ചു കളയുന്ന ചികിത്സാരീതിയാണ് ത്രോംബോലിറ്റിക് തെറപ്പി.

ബൈപാസ്
റോഡിൽ ഒരു അപകടം സംഭവിച്ചാൽ സാധാരണട്രാഫിക് പൊലീസ് എന്തു ചെയ്യും? തൊട്ടടുത്തു യാത്രായോഗ്യമായ ഒരു വഴി (ബൈപാസ്) കണ്ടെത്തി, ബ്ലോക്കിൽ പെട്ടിരിക്കുന്ന വാഹനങ്ങളെ ആ വഴിയിലേക്കു തിരിച്ചുവിട്ടു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടരാൻ അനുവദിക്കും. കൊറോണറി ധമനിയിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ എല്ലാ രോഗികളിലും ബലൂൺ– സ്റ്റെന്റ് ചികിൽസ സാധ്യമാകണമെന്നില്ല.അവരിൽ നെഞ്ചു തുറന്നുള്ള ഒരു ശസ്ത്രക്രിയയിലൂടെ, ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്ന് എടുത്ത ഒരു രക്തക്കുഴൽ ഉപയോഗിച്ച്, മഹാധമനിയിൽനിന്നു ശുദ്ധരക്തം കൊറോണറിയിലെ ബ്ലോക്കിനും അപ്പുറത്തേക്ക് എത്തിക്കാനുള്ള ഒരു ‘ബൈപാസ്’ തുന്നിപ്പിടിപ്പിക്കും. അങ്ങനെ ഹൃദയപേശികളിലേക്കുള്ള രക്തചംക്രമണം പുനഃസ്ഥാപിക്കും.

പേസ്മേക്കർ
ഹൃദയത്തിന്റെ നൈസർഗികമായ തുടിപ്പുകൾ ഉദ്ഭവിക്കപ്പെടുന്നതു വലത് ഏട്രിയത്തിന്റെ ഭിത്തിയിൽ സ്ഥിതിചെയ്യുന്ന 'എസ്.എ. നോഡ്' എന്ന സവിശേഷ കലകളിൽനിന്നാണ്. എന്നാൽ ചില രോഗാവസ്ഥകളിൽ ഈ സംവിധാനത്തിന്റെ പ്രവർത്തനങ്ങളിൽ താളപ്പിഴകൾ ഉണ്ടാകുകയും ഹൃദയത്തിന്റെ പമ്പിങ് കൃത്യമായി നടക്കാതെവരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കംപ്യൂട്ടർ നിയന്ത്രിത സംവിധാനം ഉൾക്കൊള്ളുന്ന ഒരു ഉപകരണം രോഗിയുടെ ഹൃദയവുമായി ഘടിപ്പിക്കുന്നു. ഇതാണു 'പേസ്മേക്കർ' എന്നറിയപ്പെടുന്നത്. ലോകത്ത് ആദ്യമായി കൃത്രിമ പേസ്മേക്കർ ഘടിപ്പിച്ചത് 1958ൽ ‘ആർന് ലാഴ്സൻ’ എന്നയാൾക്കാണ്.

ഹൃദയത്തിൽ കാൻസർ?
ഹൃദയകോശങ്ങൾ പൊതുവേ സ്വയം പെരുകുന്നതിനുള്ള കഴിവു കുറഞ്ഞ കലകളാണ്. എങ്കിലും അപൂർവമായി ഹൃദയത്തിലും ചില വളർച്ചകൾ സംഭവിക്കാം. അതിൽ തന്നെ ഭൂരിഭാഗവും പടരുന്ന സ്വഭാവം ഇല്ലാത്ത (benign) ട്യൂമറുകളാണ്. പക്ഷേ, മറ്റു പേശികളിൽ വരാറുള്ള 'സാർക്കോമ' എന്ന കാൻസർ അപൂർവമായി, ഒരു കോടിയിൽ ഒരാൾക്ക് എന്ന തോതിൽ,ഹൃദയഭിത്തികളിലും കണ്ടുവരുന്നു. ലിംഫോമ, ലുക്കീമിയ എന്നീ രക്താർബുദങ്ങളും അത്യപൂർവമായി ഹൃദയത്തെ ബാധിക്കാം.

കൃത്രിമ ഹൃദയം
ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കാൻ യോജിച്ച ഒരു ഹൃദയം ലഭിക്കുന്നതുവരെയുള്ള ഇടവേളയിൽ രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം താൽക്കാലികമായി ഏറ്റെടുക്കുന്ന ഉപകരണമാണു കൃത്രിമ ഹൃദയം. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ രോഗിക്കു കഴിവില്ലെങ്കിൽ, തുടർന്നങ്ങോട്ടു ജീവൻ നിലനിർത്തുന്നതിനുള്ള ഒരു ഉപാധിയായും ഇത് ഉപയോഗിക്കുന്നു. ലോകത്ത് ആദ്യമായി കൃത്രിമ ഹൃദയം ഘടിപ്പിച്ചത് ഒരു നായയിൽ ആയിരുന്നു. 1937 ൽ വ്ലാദിമിർ ഡെമിഖോവ് എന്ന സോവിയറ്റ് യൂണിയൻ ശാസ്ത്രജ്ഞനാണ് ഇതിനു നേതൃത്വം നൽകിയത്.

1982 ലാണ് മനുഷ്യരിൽ കൃത്രിമ ഹൃദയം മാറ്റിവയ്ക്കാനുള്ള ശ്രമം വിജയകരമായത്. വില്ലെം ജൊവാൻ കോഫ്, റോബർട്ട് ജാർവിക് എന്നിവരുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത 'ജാർവിക് 7 ' എന്ന ഉപകരണമാണ് അന്ന് ഉപയോഗിച്ചത്. സിയാറ്റിലിൽ താമസമാക്കിയ ബാർനി ബെയ്‌ലി ക്ലാർക്ക് എന്ന ദന്തഡോക്ടറിൽ ആണ് ആ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ നടന്നത്.
∙ആദ്യത്തെ കൃത്രിമ ഹൃദയങ്ങളെല്ലാം ശരീരത്തിനു വെളിയിൽ വയ്ക്കുന്ന കൂറ്റൻ യന്ത്രസംവിധാനങ്ങൾ ആയിരുന്നു. രോഗിയുടെ നെഞ്ചിനുള്ളിൽ ഉറപ്പിക്കാവുന്ന കൃത്രിമഹൃദയം ഇന്നു ലഭ്യമാണ്. ഹൃദയം മാറ്റിവയ്ക്കൽ
∙മനുഷ്യരിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തത് 1967 ൽ ദക്ഷിണാഫ്രിക്കയിൽ ഡോ. ക്രിസ്റ്റ്യൻ ബർണാഡ്
∙ ഇന്ത്യയിൽ ‘അവയവം മാറ്റിവയ്ക്കൽ നിയമം’ പാസായ 1994ൽ തന്നെ, ഡൽഹി എയിംസിൽ ഡോ.പി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു.