ആകാശത്തൊരു 360 ഡിഗ്രി കുളം; എങ്ങനെ ഇറങ്ങും ഇതിൽ?
നവീൻ മോഹൻ
ആറേഴു തെങ്ങിന്റെ ഉയരമുള്ള ഒരു കെട്ടിടം. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായി ഒരു സ്വിമ്മിങ് പൂൾ. അതിൽ നീന്താൻ തയാറാണോ? ആണെങ്കിൽ ഒരുങ്ങിക്കോളൂ, അത്തരമൊരു നീന്തൽക്കുളം വരികയാണ് ലണ്ടനിൽ. ലോകത്തിലെ ആദ്യത്തെ ‘360 ഡിഗ്രി’ പൂൾ എന്നാണ് നിർമാതാക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നീന്തൽക്കുളം ഡിസൈനിങ് രംഗത്തെ പ്രമുഖരായ കോംപസ് പൂൾസ് ആണു ലണ്ടൻ നഗരത്തിന്റെ മധ്യത്തിലായി, ബഹുനില കെട്ടിടത്തിനു മുകളിൽ ഈ ‘അമ്പമ്പോക്കുളം’ നിർമിക്കുന്നത്. കുളത്തിലേക്കിറങ്ങിയാൽ 4 വശത്തെയും മുകളിലെയും താഴത്തെയുമെല്ലാം കാഴ്ചകൾ കാണാമെന്നതാണു പ്രത്യേകത.
കുളത്തിന്റെ നാലതിരുകളും അടിത്തട്ടും ചില്ലുപാകി സുതാര്യമായിരിക്കും. കുളത്തിൽ നീന്തുന്നവരെ കെട്ടിടത്തിനു താഴെ നിന്നു നോക്കിയാൽ കാണാമെന്നു ചുരുക്കം. അതു മാത്രമല്ല വെള്ളത്തിനിടയിലൂടെ ആകാശവും കാണാം. 55 നില കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് നീന്തൽക്കുളം. ഏകദേശം 220 മീറ്റർ ഉയരത്തിൽ. ഇൻഫിനിറ്റി ലണ്ടൻ എന്നു പേരിട്ട ഈ കുളത്തിൽ ആറു ലക്ഷം ലീറ്റർ വെള്ളം കൊള്ളും. സാധാരണ നീന്തൽക്കുളത്തിലേക്ക് ഇറങ്ങാൻ പടികളുണ്ടാകും. എന്നാൽ ചുറ്റിലും ആകാശം മാത്രമായിരിക്കുകയും പടികളില്ലാതിരിക്കുകയും ചെയ്താൽ ഇതിലേക്ക് എങ്ങനെ ഇറങ്ങും? ഹെലികോപ്ടറിൽ കൊണ്ടിറക്കുമോ? സ്വിമ്മിങ് പൂളിനെപ്പറ്റിയുള്ള വാർത്തകൾ വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെല്ലാം ഈ ചോദ്യങ്ങളായിരുന്നു ഒഴുകി നടന്നിരുന്നത്. പക്ഷേ, ലോകസഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്നതിന് ഏതറ്റം വരെയും പോകാന്‍ തയാറാണു കുളത്തിന്റെ നിർമാതാക്കൾ. കുളത്തിലേക്ക് ആളെയിറക്കാനും തിരിച്ചു കയറാനും ഒരു ‘അന്തർവാഹിനി’ സാങ്കേതികതയാണ് കോംപസ് പൂൾസ് ഉപയോഗപ്പെടുത്തുക.
വെള്ളത്തിനു മുകളിലും താഴെയുമുള്ള കാഴ്ചകൾ യാതൊരു തടസ്സവുമില്ലാതെ കാണാനാവുകയെന്നതായിരുന്നു കുളം ഡിസൈൻ ചെയ്യുമ്പോൾ നിർമാതാക്കളുടെ മനസ്സിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പടികൾ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. അങ്ങനെയാണ് ഒരു അന്തർവാഹിനിയുടെ വാതിലിനോടു ചേർന്ന് പിരിയൻ ഗോവണി പോലൊരു സംവിധാനം തയാറാക്കി കുളത്തിന്റെ അടിയിൽ ഘടിപ്പിക്കാൻ തീരുമാനിച്ചത്. വെള്ളത്തിലേക്കിറങ്ങാനും തിരികെ കയറാനും ആഗ്രഹിക്കുമ്പോഴെല്ലാം ഈ പടികൾ ഉയർന്നു വരും. കറങ്ങിക്കൊണ്ടിരിക്കുന്ന ഈ പടികളാകട്ടെ നീന്തൽക്കുളത്തിന്റെ പ്രവർത്തനത്തിനു യാതൊരു തടസ്സവുമുണ്ടാക്കില്ല.
വെള്ളം താഴത്തെ നിലകളിലേക്ക് ഒലിച്ചിറങ്ങുമെന്ന പേടിയും വേണ്ട. അപ്പോഴും വായനക്കാർക്കു സംശയം ബാക്കിയാകുമെന്നത് ഉറപ്പ്. അതിനുള്ള ഉത്തരം ഒരു വർഷത്തിനപ്പുറം ലഭിക്കുമെന്ന് കോംപസ് പൂൾസ് ടെക്നിക്കൽ ഡയറക്ടർ അലക്സ് കെംസ്‍ലി പറയുന്നു. ‘സാധാരണ കെട്ടിടങ്ങളിൽ എങ്ങിനെ കുളം നിർമിക്കാമെന്നാണ് എല്ലാവരും ചിന്തിക്കുക. പക്ഷേ ഞങ്ങൾ കുളത്തിനു താഴെ എങ്ങിനെ കെട്ടിടം നിർമിക്കാമെന്നാണ് ആലോലിച്ചത്– അലക്സ് പറയുന്നു. 2020ൽ കുളത്തിന്റെ നിർമാണം ആരംഭിക്കും.
ഇതിലെ വെള്ളം ചൂടാക്കാനും സംവിധാനമുണ്ട്. കെട്ടിടത്തിലെ എയർ കണ്ടിഷനറുകളിൽ നിന്നു പാഴാകുന്ന ഊർജമാണg വെള്ളം ചൂടാക്കാൻ ഉപയോഗിക്കുക. ലണ്ടനിലെ ഏതു കെട്ടിടത്തിലായിരിക്കും 360 ഡിഗ്രി പൂൾ വരിക? അതിനുത്തരമായി ചില ചിത്രങ്ങൾ മാത്രമേ കമ്പനി പുറത്തു വിട്ടിട്ടുള്ളൂ. കാത്തിരിക്കുക തന്നെ...