കൂടുന്നു, ആപ്പ് നോക്കി കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാർ
കുഞ്ഞുങ്ങള്‍ക്ക് ഒരു കാരണവശാലും സ്മാർട് ഫോണ്‍ കളിക്കാൻ നൽകരുത്. പല തവണ പറഞ്ഞു കേട്ടതാണെങ്കിലും മിക്ക മാതാപിതാക്കളും സൗകര്യപൂർവം ഇത് അവഗണിക്കുകയാണ് പതിവ്. എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽ ഫോണും ടാബ്‌ലറ്റുമൊക്കെ ആവശ്യമാണ്. കുട്ടികളുടെ കയ്യിൽ സ്മാർട്ഫോൺ നൽകുമ്പോൾ ലഹരിയുടെ ആദ്യപാഠമാണ് നാം അവരെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് നമുക്കെല്ലാം അറിയാം. എങ്കിലും എങ്ങനെയെങ്കിലും അൽപസമയം അടങ്ങിയിരിക്കട്ടെ എന്ന മനോഭാവമാണ് മിക്കവർക്കും.
മൊബൈൽ ഉപയോഗം കുട്ടികളെ പലതരത്തിൽ ബാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ചെറിയ കുട്ടികളുടെ കൈയിൽപോലും ഇപ്പോൾ സ്മാർട് ഫോണുകൾ കളിക്കാൻ കൊടുക്കാറുണ്ട്. വിഡിയോ കാണാനും പാട്ടുകേൾക്കാനും ഗെയിം കളിക്കാനുമൊക്കയായി മാതാപിതാക്കൾ തന്നെയാണ് ഇവ കുഞ്ഞുങ്ങൾക്കു കൊടുക്കുന്നത്. എന്നാൽ ഇതെത്രമാത്രം ദോഷകരമാണെന്ന് പലർക്കും അറിയില്ല. ഇപ്പോഴിതാ അമ്മമാരുെട മൊബൈൽ ഉപയോഗത്തെക്കുറിച്ചു പുറത്തുവന്ന ഒരു പഠനം ചർച്ചയാകുകയാണ്.
കുട്ടികളെ വളർത്താൻ ഇന്ത്യയിലെ 70% അമ്മമാരും മൊബൈൽ ഫോണിന്റെ സഹായം തേടുന്നുവെന്ന് കണക്കുകൾ പറയുന്നു. പത്ത് അമ്മമാരെ എടുത്താൽ എട്ടുപേരും കരുതുന്നത് മൊബൈൽഫോൺ പേരന്റിങ് കൂടുതൽ എളുപ്പമാക്കുന്നു എന്നാണ്. എന്നാൽ ഇതിൽ 38% അമ്മമാർ മാത്രമാണ് ഇങ്ങനെ ചെയ്യാൻ മറ്റുള്ളവർക്ക് ഉപദേശം നൽകുന്നത്. പേരന്റിങ്ങിന് ഇന്ത്യയിൽ മൊബൈൽ ഉപയോഗം കൂടിവരുന്നതായി യുഗവ് എന്ന സംഘടന നടത്തിയ പഠനം കണ്ടെത്തിയിരുന്നു. അമ്മമാർ കൂടുതലായി പേരന്റിങ് ആപ്പുകളെ ആശ്രയിക്കുന്നതായും ഇവർ കണ്ടെത്തി. സാധാരണ അമ്മമാർ കുട്ടികളെ നോക്കാൻ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടേയോ സഹായം തേടാറുണ്ട്. എന്നാൽ ഇപ്പോൾ പല അമ്മമാരും ഇതിന് ആപ്പുകളേയും ബ്ലോഗുകളേയും ഇതിനായി ആശ്രയിക്കുന്നത്രേ. 700 അമ്മമാരിലാണ് ഇവർ പഠനം നടത്തിയത്.
ടെക്നോളജിയുടെ സഹായം തേടുന്നുണ്ടെങ്കിലും സൈബർ ലോകത്ത് തങ്ങളുടെ കുട്ടികൾ വഴിതെറ്റുമോയെന്ന് പല അമ്മമാരും ഭയപ്പെടുന്നുമുണ്ട്.