അടിയും അനുസരണയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?
അൽപം കുസൃതികളായ കുട്ടികളുള്ള ഏതൊരു വീട്ടിലും കേൾക്കുന്ന സ്ഥിരം വാചകമാണ് ''അനുസരണക്കേടിന് നല്ല ചുട്ട അടി കൊടുക്കണം'' എന്നത്. യഥാർത്ഥത്തിൽ ഈ അടിയും അനുസരക്കേടുമായി എന്തെങ്കിലും ബന്ധമുണ്ടോ? പഠനങ്ങൾ വ്യക്തമാക്കുന്നത് അമിതമായി ശിക്ഷിച്ചു വളർത്തുന്ന കുട്ടികളിൽ നിഷേധാത്മക മനോഭാവം കൂടുതലായിരിക്കും എന്നാണ്. ഒരു നിശ്ചിത കാലത്തേക്കോ സമയത്തേക്കോ കുട്ടികളെ അടിയുടെ പേരിൽ അനുസരണ പഠിപ്പിക്കാമെങ്കിലും കാലാന്തരത്തിൽ ഈ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അകലാനാണ് സാധ്യത കൂടുതൽ.
അധ്യാപനത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. അമിതമായി ശിക്ഷിക്കുന്ന മാതാപിതാക്കളോടും അധ്യാപകരോടും കുട്ടികൾക്ക് വളരുമ്പോൾ അതൃപ്തിയുമാണുണ്ടാകുക. വീട്ടിൽ നിന്നും അടി വാങ്ങിക്കൂട്ടുന്ന കുട്ടികൾ പ്രധാനമായും മൂന്നു തരത്തിലാണുള്ളത്. ആദ്യത്തെ വിഭാഗം അടി തരുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ തന്നെ അനുസരിക്കും. രണ്ടാമത്തെ വിഭാഗമാകട്ടെ അൽപം ചെറുത്തുനിൽപ്പൊക്കെ കഴിഞ്ഞ് അടി കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ പറഞ്ഞ കാര്യം അനുസരിക്കുകയുള്ളു. ഇനി മൂന്നാമത്തെ വിഭാഗം, അടി കിട്ടുന്തോറും വാശി പിടിക്കുകയും പറഞ്ഞ കാര്യം ചെയ്യാതിരിക്കുകയും ചെയ്യും. ഇവരെയാണ് കൂട്ടത്തിൽ ഏറ്റവും പേടിക്കേണ്ടത്.
അടിച്ചുകൊണ്ടിക്കുന്ന വടി വാങ്ങി തിരിച്ചടിക്കുകയോ, കൈകൊണ്ട് പ്രത്യാക്രമണം നടത്തുകയോ ചെയ്യുന്നവരാണ് മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടവർ. കുറ്റവാസനയുള്ളവരാണ് പൊതുവെ ഈ കുട്ടികൾ. എന്നാൽ ശരിയായ പ്രായത്തിൽ അത് മനസിലാക്കാൻ സാധിച്ചാൽ ഇവരെ ശരിയായ രീതിയിൽ വളർത്തിയെടുക്കാനാകും. ഇത്തരം വാശിക്കുടുക്കളുടെ അടുത്ത് വീണ്ടും അടി പ്രയോഗത്തിന് ഒരുങ്ങരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. കാര്യങ്ങൾ ഇവർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക.
അമിതമായി ശിക്ഷിച്ചു വളർത്തുന്ന കുട്ടികളില്‍ ആത്മവിശ്വാസക്കുറവ്, ഉത്ക്കണ്ഠ എന്നിവയുണ്ടാകും. സ്‌കൂളിലോ സമൂഹത്തിന്റെ ഇക്കൂട്ടരോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇവർ പിന്നോട്ട് പോകും. അനുസരണ കൂടുതലുകൊണ്ടാണ് ഇതെന്നും എന്തും മാതാപിതാക്കളോട് ചോദിച്ചിട്ട് മാത്രമേ ചെയ്യൂ എന്നുമെല്ലാം ഇതിനുള്ള മറുപടിയായി മാതാപിതാക്കൾ പറഞ്ഞേക്കാം. എന്നാൽ കുട്ടികളുടെ ആത്മവിശ്വാസം നശിച്ചു തുടങ്ങി എന്നതാണ് ഇതിനർത്ഥം.
സ്വഭാവവൈകൃതങ്ങളുമായി വരുന്ന കുട്ടികളുടെ കുടുംബാന്തരീക്ഷം വിശകലനം ചെയ്യുമ്പോള്‍ അമിതമായ ശിക്ഷാ മനോഭാവത്തോടെ വീടുകളിൽ വളർത്തിയവരാണെന്ന് മനസിലാകും. കുട്ടികൾ വീടിനോ സമൂഹത്തിനോ ചേരാത്തവരായി ഒറ്റപ്പെട്ട് വളരുകയാണെങ്കിൽ അതിനുള്ള കാരണം ഒരു പരിധിവരെ അടി കൊണ്ടുള്ള ശിക്ഷ തന്നെയാവാം.
മാതാപിതാക്കൾക്ക് കുട്ടികളെ തല്ലാനോ ശിക്ഷിക്കാനോ അവകാശമില്ല എന്നല്ല ഇതിനർത്ഥം. എന്നാൽ ചെയ്യുന്ന ഓരോ തെറ്റിനും തല്ലാതെ, നല്ല ഭാഷയിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. അവരുടെ തെറ്റെന്താണെന്ന് ബോധ്യപ്പെടുത്തുക. ഇതൊന്നും നടന്നില്ലെങ്കിൽ മാത്രം അടി എന്ന ആയുധം പ്രയോഗിക്കുക. കുട്ടികളാണെങ്കിലും അവരുടെ മനസിലും അഭിമാനബോധം ഉണ്ടെന്നു മനസിലാക്കുക. മറ്റുള്ളവരുടെ മുന്നിൽ വച്ച് കുറ്റപ്പെടുത്തുന്നതു ശിക്ഷിക്കുന്നതും അവരുടെ മനസ്സിൽ നിന്നും എളുപ്പത്തിൽ മായില്ല.
Summary : Beating, Effects, Parents