'ദൈവമേ അങ്ങയുടെ സ്വന്തം നാടിനെ രക്ഷിക്കൂ'; ഇതാവണം പരസ്യം
പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് അമുലിന്റെ വ്യത്യസ്തമായ സാന്ത്വന സന്ദേശം. പ്രളയ ദുരന്തത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു കൊണ്ടിരിക്കുന്ന ജനങ്ങളോട് വിശ്വാസം കൈവിടരുതെന്നാണ് പുത്തൻ മീമീലൂടെ ക്ഷീരോത്പാദന കമ്പനിയായ അമുൽ പറയുന്നത്. പോൾക്ക ഡോട്ട് ഉടുപ്പിട്ട അമുൽ പെൺകുട്ടിയ്ക്കൊപ്പം ഒരു ആൺകുട്ടിയും ഉണ്ട് ഇത്തവണ. ഇവരെ രണ്ട് രക്ഷാപ്രവർത്തകർ ഒരു ബോട്ടിൽ രക്ഷപ്പെടുത്തുന്നതാണ് പുത്തൻ മീമിൽ.
'ദൈവമേ അങ്ങയുടെ സ്വന്തം നാടിനെ രക്ഷിക്കൂ' എന്നെഴുതിയ പരസ്യത്തിൽ ആശ്വാസവും വിശ്വാസവും കൊണ്ട് സഹായിക്കൂ എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. അമുൽ പെണ്‍കുട്ടിയുടെ പുത്തൻ പരസ്യത്തിന് ധാരാളം ആരാധകരുമുണ്ട്. കേരളത്തിന്റെ ഈ വിഷമഘട്ടത്തിൽ പിൻതുണയും പ്രോത്സാഹനവുമാണ് ഈ മീം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്
പോൾക്ക ഡോട്ട് ഉടുപ്പിൽ അമുൽ ബട്ടറും കൈയ്യിൽ പിടിച്ചു നിൾക്കുന്ന ആ കൊച്ചു കുറുമ്പത്തിയുടെ പരസ്യം ഇന്ത്യൻ പരസ്യ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരസ്യങ്ങളിലൊന്നാണ്. സമൂഹത്തിലുണ്ടാകുന്ന പല സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി പരസ്യങ്ങൾ ചെയ്യുകയെന്നത് അമൂലിന്റെ ഒരു പരസ്യ തന്ത്രം തന്നെയാണ്. ഇതുപോലെ ധാരാളം പരസ്യ പരമ്പരകൾ തന്നെ ഇവർ ചെയ്തിട്ടുണ്ട്. ചില പരസ്യങ്ങൾ വിവാദങ്ങളുമുണ്ടാക്കിയിട്ടുണ്ട്.