കുട്ടികളെ കാർട്ടൂണിന് മുന്നിൽ ഇരുത്തിപോകുന്ന മാതാപിതാക്കൾ ഇതറിയുന്നുണ്ടോ?

കാർട്ടൂണ്‍ ഇട്ടുകൊടുത്താൽ കുറച്ചുനേരം അലമ്പൊന്നുമില്ലാതെ അടങ്ങിയിരുന്നോളും, നമ്മുടെ കാര്യങ്ങളും നടക്കും എന്നാണ് പല മാതാപിതാക്കളുടേയും വിചാരം. എന്നാൽ കുഞ്ഞുങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കാർട്ടൂൺ വച്ചുകൊടുക്കുന്ന മാതാപിതാക്കൾ ആതിര എന്ന അമ്മയുടെ കുറിപ്പ് വായിക്കേണ്ടത് തന്നെയാണ്. ഒരു ഞെട്ടലോടെയാല്ലാതെ ഈ അമ്മയുടെ കുറിപ്പ് വായിച്ചുതീരാനാവില്ല. കുട്ടികൾക്ക് വേണ്ടിയുള്ള കാർട്ടൂണുകളിൽ കാണിക്കുന്ന അപകടകരമായ പലതും മാതാപിതാക്കൾക്ക് അറിയില്ല. അതിലുള്ള അശ്ലീല ചിത്രങ്ങളും ആംഗ്യങ്ങളും ഭൂരിഭാഗം മാതാപിതാക്കളും കണ്ടുകാണാനിടയില്ല. കാർട്ടൂൺ കാണുന്ന കുട്ടികളുള്ള പോകുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ് ആതിരയുടെ ഫെയ്സ്ബുക് പോസ്റ്റ്.

ആതിരയുടെ കുറിപ്പ് വായിക്കാം;

"ഒരു തരം മരവിപ്പോടെ ആണ് ഞാൻ ഇത് എഴുതുവാൻ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മൾ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്. ഒരുപാട് നാളുകളായി എഴുതണം എന്ന് വിചാരിക്കുന്ന ഒന്ന്. കുഞ്ഞുവിന് വെറും 5 മാസം പ്രായം ഉള്ളപ്പോൾ അവളെക്കൊണ്ട് ഞാൻ ഇവിടെ വരുന്നത്. തീരെ എളുപ്പം ആയിരുന്നില്ല കുഞ്ഞും, വീടും, സന്ദീപേട്ടൻ ഓഫീസിന്ന് വരുന്ന വരെ ഒറ്റയ്‌ക്കെല്ലാം മാനേജ് ചെയ്യലും. അന്നൊക്കെ ഞാൻ ആളെ engage ചെയ്തിരുന്നത് പാട്ടു വച്ചിട്ടാണ്. പാട്ട് കാണുവാൻ ആൾക്ക് ഒത്തിരി ഇഷ്ടമുണ്ട്. വലുതായപ്പോൾ പതുക്കെ cartoons താല്പര്യം വന്നു.

എന്നാലും എന്റെ mobile തൊടുന്നതിനു ആൾക്ക് അന്നും ഇന്നും "strict no" ആണ്. പിന്നെ ആൾടെ ആശ്രയം വല്ലപ്പോഴും സന്ദീപേട്ടന്റെ മൊബൈലോ ഐപാടോ ടീവീയോ ഒക്കെ ആണ്. എന്നാൽ അതുപോലും കാർട്ടൂണിനു strict monitoring വന്നതിന്റെ സാഹചര്യം ആണ് ഈ കുറിപ്പ്. കുട്ടികൾ ഇതിലൊക്കെ കാണുന്നത് ആവശ്യമില്ലാത്തതാണോ എന്ന് നമ്മൾ എപ്പോഴും ഉറപ്പിക്കുവാറുണ്ട്. എന്നാൽ, അത് cartoon ആണേൽ പിന്നെ നമ്മൾ അധികം മൈൻഡ് ചെയ്യാറില്ല എന്നതാണ് വാസ്ഥവം. പക്ഷേ ഇന്ന്, ആ കാർട്ടൂണുകൾ പലതും വലിയ അപകടം പിടിച്ച നീചവും ഭീകരവുമായ ചതിക്കുഴികൾ ആണ്. ഒരിക്കൽ micky mouse, minny mouse നെ ഉമ്മ വയ്ക്കുന്നത് കണ്ടാണ് ഞാൻ ഇത് ആദ്യം ശ്രദ്ധിക്കുന്നത്. അത് കുഞ്ഞു അറിയാതെ മാറ്റി എങ്കിലും, പിന്നീട്‌ അതേക്കുറിച്ചു search ചെയ്യുവാൻ എനിക്കു തോന്നി. ഭയപ്പെടുത്തുന്നതായിരുന്നു result. Micky, Minny, Little Pony, Tom and Jerry തൊട്ട് ഇന്ന് YouTube ലുള്ള പല തലക്കെട്ടുകളുടെയും താഴെയും purely വൃത്തികേടുകളാണ്.

Violence, Pregnancy, Sex മുതൽ കുഞ്ഞുങ്ങളിൽ അപകടകരമാം വിധം impact ഉണ്ടാക്കുന്ന പലതും indirect ആയും direct ആയും ഈ കാർട്ടൂണുകളിൽ ഒക്കെ കാണിക്കുന്നു. അർദ്ധ നഗ്നർ തൊട്ട് പൂർണ്ണ നഗ്നർ വരെ ആണ് ഈ cartoon characters പലരും. അവർ സംസാരിക്കുന്നത് ചിലപ്പോൾ എതിരാളികളെ ക്രൂരമായി കൊല്ലുന്നതിനെ കുറിച്ചൊ, girl friend നോടുള്ള love ഉം, അവളോടൊത്ത് ബിക്കിനി ഇട്ട് ബീച്ചിൽ കെട്ടിപ്പിടിച്ചു കിടക്കുന്നതും, baby വരുന്നതും, belly വലുതാവുന്നതും, അങ്ങനെ നമ്മൾ കേട്ടാൽ അറയ്ക്കുന്ന പലതും ആണ്. നമ്മൾ അത്രയധികം note ചെയ്യാത്ത കാർട്ടൂണിലെ peppa pig, caillou പോലുള്ള cute characters ഉം അനുസരണക്കേടുകളും ആവശ്യമില്ലായ്മകളും ആണ് naughty kids എന്ന ഓമനപ്പേരിൽ കാണിക്കുന്നത്. ഇതിന്റെയൊക്കെ പരിണിതഫലം പലതാണ്. കുട്ടികളിൽ ദേഷ്യം depression അനുസരണക്കേട് ഒറ്റയ്ക്കിരിക്കുവാനുള്ള താല്പര്യം പ്രായത്തിന് ചേരാത്ത curiosities.. അങ്ങനെ പലതുമാണ്. 10 Million മുതൽ 50 Million വരെ ഒക്കെ ആണ് പല കാർട്ടൂണുകളുടെയും views എന്നത് എന്നിൽ വല്ലാത്തെ ഒരു ഞെട്ടൽ ഉണ്ടാക്കി.

ഈ കാർട്ടൂൺസ് ഇറക്കുന്ന ചാനലുകളുടെ ലക്‌ഷ്യം പണം മാത്രമാണ്. ഓരോ view നും അവർ പണം ഉണ്ടാക്കുകയാണ്. അതിനവർ ചൂഷണം ചെയ്യുന്നത് കുരുന്നുകളുടെ ബുദ്ധിയും മനസ്സും. ഇന്നത്തെ കാലത്തു കുട്ടികൾ cartoon കാണുന്നത് തടയാനാകുമോ എന്ന് എനിക്കറിയില്ല. എന്നാൽ, ശ്രദ്ധിക്കണം നമ്മൾ. അവർ കാണുന്നതിലെ വിഷയം എന്തെന്നും അറിയണം. ഇതിനെതിരെ എന്തു ചെയ്യണം എന്നൊന്നും എനിക്കറിയില്ല. ആകെ ചെയ്യുവാൻ ആവുന്നത് പരമാവധി ആളുകളുടെ ശ്രദ്ധയിൽ ഇതെത്തിക്കുക എന്നതാണ്. ഇന്നേവരെ ഞാൻ എഴുതുന്നതൊന്നും ആരോടും വായിക്കുവാൻ ആവശ്യപ്പെടുകയോ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ പറയുകയോ ചെയ്തിട്ടില്ല. എന്നാൽ, ഇത് അപേക്ഷയാണ്. എല്ലാവരുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാൻ എല്ലാപേരും ശ്രമിക്കണം. -ആതിര