കുട്ടികളും

കുട്ടികളും ആയോധനകലയും; ചില ചെറിയ വലിയ കാര്യങ്ങൾ !

'ഇവൻ മഹാ വികൃതിയാണ്. ഒരിടത്തും അടങ്ങിയിരിക്കില്ല. എപ്പോഴും ഓട്ടവും ചാട്ടവും ഒക്കെ തന്നെ.കോണിപ്പടിയുടെ മുകളിൽ നിന്നെല്ലാം ഒരു കുഴപ്പവും ഇല്ലാതെ എടുത്ത് ചാടുന്നത് കാണുമ്പോൾ പേടി തോന്നും' പല മാതാപിതാക്കളും മക്കളെ പറ്റിയുള്ള സംസാരത്തിനിടയ്ക്ക് ഇത്തരത്തിൽ പറഞ്ഞു പോകുന്നത് നമ്മൾ കേട്ടിട്ടുണ്ടാകാം. ഇത്തരം കുട്ടികളെ ഹൈപ്പർ ആക്റ്റിവ് കുട്ടികളായാണ് പല മാതാപിതാക്കളും കാണുന്നത്. എന്നാൽ ആയോധനകലകളോടുള്ള അവരുടെ താല്പര്യം പറയാതെ പറയുകയാണ് അവർ ചെയ്യുന്നത്.

കുട്ടികളെ ആയോധന കല പഠിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞാൽ, ഇപ്പോഴും നല്ലൊരു ശതമാനം മാതാപിതാക്കൾക്കും എതിർപ്പാണ്. അതിലൂടെ സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ചാണ് അവരുടെ ചിന്ത ആദ്യം സഞ്ചരിക്കുന്നത്. ഇതു ഒരുവിധത്തിൽ പറഞ്ഞാൽ കുട്ടികളെ അമിതമായി നിയന്ത്രിച്ചു വളർത്തുന്നതിന് സമമാണ്. ആയോധനകലകളിൽ കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിൽ തീർച്ചയായും അത് പഠിക്കുന്നതിനായുള്ള അവസരം ഒരുക്കണം. കാരണം ഇത്തരം കലകൾ കുട്ടികളുടെ സമൂലമായ വളർച്ചയ്ക്ക് ആക്കം കൂട്ടും. ആയോധനകലാ പഠനത്തിന് ചെറുപ്പം മുതൽക്ക് പ്രാധാന്യം നൽകുന്ന ചൈന, ജപ്പാൻ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ ആരോഗ്യ സ്ഥിതിയും ഇത്തരം കാര്യങ്ങളോട് വലിയ താല്പര്യം കാണിക്കാത്ത നമ്മുടെ നാട്ടിലെ കുട്ടികളുടെ ആരോഗ്യസ്ഥിതിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ആരോഗ്യവാനായിരിക്കുക എന്നത് മാത്രമല്ല ആയോധനകലാ പഠനത്തിന്റെ ഗുണം.

1 പ്രതിരോധത്തിന് സഹായിക്കുന്നു
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ എപ്പോഴും കുട്ടികളുടെ കൂടെ ഉണ്ടായിരിക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് അസാധ്യമായ കാര്യവുമാണ്. ഈ അവസരത്തിൽ കുട്ടികളെ ആയോധനകലകൾ അഭ്യസിപ്പിക്കുന്നത് സ്വയം പ്രതിരോധം സ്വീകരിക്കുന്നതിന് അവരെ സഹായിക്കും.

2 ശ്രദ്ധ വർധിപ്പിക്കുന്നു
ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസുണ്ടാകുകയുള്ളൂ. ആയോധനകലാ പഠനം ഒരു വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ആരോഗ്യത്തെ വർധിപ്പിക്കുന്നു. ഇതിലൂടെ തികഞ്ഞ ശ്രദ്ധയും ശ്രവണ ശേഷിയും വർധിക്കുന്നു. ഇത് പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും കുട്ടിക്ക് സഹായകമാകുന്നു.

3 ടീം വർക്ക് വർധിപ്പിക്കുന്നു
ആയോധനകലാ പഠനം ഒരു ടീം ആക്റ്റിവിറ്റിയാണ്. ഇത് അന്തർമുഖരായ കുട്ടികളെ പുറത്തേക്ക് കൊണ്ട് വരുന്നതിനും സാമൂഹികമായി ഇടപെടുന്നതിനും അവസരമൊരുക്കുന്നു. ഇത് എത്ര ചെറുപ്പത്തിലേ ചെയ്യുന്നുവോ അത്രയും വേഗത്തിൽ മാനസികമായ പിന്തിരിയലുകൾക്ക് ഇട നൽകാതെ കുട്ടികളെ സംരക്ഷിക്കുന്നു.

4 തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ്
സ്വയം തീരുമാനം എടുക്കുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്ന ഒന്നാണ് ആയോധനകലാ പരിശീലനം. കാരണം പെട്ടെന്ന് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാതെ പോകുന്ന പക്ഷം എതിരാളികൾ എളുപ്പത്തിൽ നമ്മെ പരാജയപ്പെടുത്തും. പരാജയത്തിൽ നിന്നും രക്ഷപ്പെടേണ്ടത് സ്വന്തം ചുമതലയാണ്. ഇത് ശരിയായ തീരുമെന്നാണ് ശരിയയായ സമയത്ത് എടുക്കുന്നതിനു സഹായിക്കും.

5 അച്ചടക്കവും ആരോഗ്യവും
എല്ലാ ആയോധനകലകളുടെയും അടിസ്ഥാന തത്വം അച്ചടക്കമാണ്. അതിനാൽ ശരിയായ രീതിയിൽ ആയോധനകലകൾ അഭ്യസിച്ച ഒരു കുട്ടിക്ക് ജീവിതത്തിൽ മികച്ച അച്ചടക്കവും ആരോഗ്യവും ഉണ്ടാകും. ഇത് പിന്നീടുള്ള ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനുള്ള കാരണമാകുകയും ചെയ്യും.