കുട്ടിയ്ക്ക്

കുട്ടിയ്ക്ക് ഗാർഡനിങ് ഇഷ്ടമാണോ? അവൻ മിടുക്കനാകും: പഠനം

ലക്ഷ്മി നാരായണൻ

വീടായാൽ ഒരു പൂന്തോട്ടം ഉള്ളത് നല്ലതാണ്. പണ്ട് കാലത്തെ വീടുകളിൽ ഇത് അവിഭാജ്യഘടകമായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. വീടുകളിൽ നിന്നും ഫ്ളാറ്റുകളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ പൂന്തോട്ടം എന്ന സങ്കല്പം അപ്രസക്തമായി. എന്നാൽ അതുകൊണ്ട് പരോക്ഷത്തിൽ പ്രശ്നമുണ്ടായിരിക്കുന്നത് കുട്ടികൾക്കാണ്. കാരണം പൂന്തോട്ടവും കുട്ടികളുടെ സ്ഥിരോത്സാഹവും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് യേൽ സർവകലാശാലയിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.

വളർത്തുമൃഗങ്ങളെ പരിപാലിക്കുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന ബുദ്ധിവളർച്ച, സ്ഥിരോത്സാഹം, അനുകമ്പ തുടങ്ങിയ ഘടകങ്ങൾക്ക് ചേർന്ന രീതിയിൽ തന്നെയാണ് പൂന്തോട്ട പരിപാലനത്തിൽ നിന്നും ലഭിക്കുന്ന എനർജിയും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പൂന്തോട്ടം ഉണ്ടാക്കുന്നതോടെ കുട്ടി സ്വയം ചില തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാൻ പര്യാപ്തമാകുന്നു. മാത്രമല്ല, പൂന്തോട്ട പരിപാലനം എന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ഉത്തരവാദിത്വമാണ്. അത് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തി ആത്മവിശ്വാസമായി മാറുന്നു.

സ്വന്തം അധ്യാനഫലമായി വളരുന്ന ചെടി, അതിലുണ്ടാകുന്ന പൂക്കൾ എന്നിവ കുട്ടികൾക്ക് അമിതമായ ഉത്സാഹം പ്രദാനം ചെയ്യുന്നു. പൂന്തോട്ട നിറമാണത്തിലേർപ്പെടുമ്പോൾ ശുദ്ധവായു ശ്വസിക്കാനും ശാരീരികമായി അധ്വാനിക്കാനുമുള്ള അവസരവും ലഭിക്കുന്നു. നിറങ്ങളെയും പരിചരണ രീതിയെയും വളപ്രയോഗത്തെയുമൊക്കെ പറ്റിയുള്ള കാര്യങ്ങൾ കുട്ടികൾ പഠിക്കുന്നത് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ സഹായകമാകുന്നത് മറ്റൊരു തലത്തിലാണ്.

തന്റെ സമാന പ്രായത്തിലുള്ള കുട്ടികളിൽനിന്നും വിഭിന്നമായി തനിക്ക് ഒരു പ്രത്യേക വിഷയത്തിൽ അറിവുണ്ട് എന്നത് കുട്ടികളെ കൂടുതൽ മിടുക്കരാക്കുന്നു. എന്നാൽ കുട്ടികൾക്കും അവരവരുടേതായ താല്പര്യങ്ങൾ ഉണ്ടെന്നു മനസിലാക്കണം. അതിനാൽ പൂന്തോട്ട നിർമാണത്തിലേക്ക് കടക്കും മുൻപ് അവർക്കിഷ്ടപ്പെട്ട നിറം , പൂക്കൾ എന്നിവ മനസിലാക്കണം. അവർക്ക് ഇഷ്ടമുള്ള നിറത്തിലുള്ള പൂക്കൾ കൂടുതലായി വളർത്തുക, ഒപ്പം ഇഷ്ടമുള്ള ചെടികളും. ഇത് കുട്ടികളിൽ സംരക്ഷണ ചുമതല വർധിപ്പിക്കും.

വളർത്തുന്ന ചെടികൾക്ക് പേരുകൾ നൽകുന്നത് ചെടികളോടുള്ള കുട്ടികളുടെ ആത്മബന്ധം വർധിപ്പിക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ചെയ്യുന്ന കുട്ടികളിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഉത്സാഹവും കാര്യങ്ങളെ വിവേചിച്ചറിയാനുള്ള കഴിവും കണ്ടുവരുന്നു. അതിനാൽ തോട്ടത്തിൽ നിന്നും പൂക്കൾ പറിച്ചെടുക്കാനല്ല, നട്ട് സംരക്ഷിക്കാൻ മക്കളെ ഇനി പ്രാപ്തരാക്കാം.

Summary : Benefits of gardening in children