കുട്ടികളെ സ്മാർട് ആക്കാം, വീട്ടിൽ വേണം ഓമന മൃഗങ്ങൾ,  Anger management, Parenting Tips, Good Parenting, Parents, Parents, Mother,  Manorama Online

കുട്ടികളെ സ്മാർട് ആക്കാം, വീട്ടിൽ വേണം ഓമന മൃഗങ്ങൾ

വീട്ടിൽ ഒരു നായയുണ്ടെങ്കിൽ കാവലിന് മാത്രമല്ല കുട്ടികൾക്ക് കളിക്കാനും കൂട്ടാണ്. പക്ഷേ കുട്ടികളുള്ള വീട്ടിൽ നായയെ വളർത്താൻ മിക്ക മാതാപിതാക്കൾക്കും പേടിയാണ്. നായയിൽ നിന്നു കുട്ടിക്ക് രോഗം പിടിക്കുമോ എന്നാണ് കാരണം. എന്നാൽ ഇനി ആ പേടി ദൂരെ ദൂരെ കളയാം.

കാനഡയിലെ അൽബെർട്ട യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ കുട്ടികൾ അവരുടെ വളർച്ചയുടെ ആദ്യ മാസങ്ങളിൽ ഓമന മൃഗങ്ങൾക്ക് ഒപ്പം ആയിരിക്കുന്നത് അലർജിയും അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നു കണ്ടു. കുട്ടികളുടെ ആമാശയത്തിലെ യും ചെറുകുടലിലെയും ബാക്ടറിയകളെ അരുമ മൃഗങ്ങൾ സ്വാധീനിക്കുന്നതാണ് കാരണം.

അലർജിയും പൊണ്ണത്തടിയും കുറയ്ക്കാൻ സഹായിക്കുന്ന ബാക്ടീരിയകൾ മനുഷ്യരുടെ വയറിലുണ്ട്. ഇതേ ബാക്ടീരിയകൾ നായയുടെയും പൂച്ചയുടെയും ശരീരത്തിലുമുണ്ട്. ഇതു കുട്ടികളുടെ ശരീരത്തിലേക്ക് പകർന്നുകിട്ടാം. 748 കുട്ടികളിൽ നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

രോഗപ്രതിരോധ ശേഷി കൂടുന്നത് മാത്രമല്ല ഓമനകളെ കൊണ്ടുള്ള ഗുണം. വളർത്തു മൃഗങ്ങളെ സ്നേഹിച്ചും പരിപാലിച്ചും ജീവിക്കുമ്പോൾ സഹജീവികളോടുള്ള തന്മയിഭാവം കുട്ടികളിൽ വളരും. ചുമതല ബോധം ഉണ്ടാകും. അവരോടൊപ്പം കളിക്കുമ്പോൾ മനസ്സു ശാന്തമാകും. വളർച്ചാപരമായ വെല്ലുവിളികൾ ഉള്ള കുട്ടികൾക്ക് ഓമനകളുടെ സാമീപ്യം ഗുണം ചെയ്യും.

പക്ഷേ ചില കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കണം. അരുമകൾക്കു കൃത്യമായി പ്രതിരോധ കുത്തിവയ്പ് എടുക്കണം. പേൻ, ചെള്ള് ഇല്ലാതെ വൃത്തിയായി പരിപാലിക്കണം. ഒരിക്കലും കുട്ടിയെ ഓമന മൃഗങ്ങളുടെ അടുത്തു തനിയെ ആക്കി പോകരുത്.