കഥ

കഥ പറഞ്ഞുകൊടുക്കുന്നത് ഉറക്കാൻ വേണ്ടിയല്ല, 'ഉണർത്താൻ വേണ്ടി' !

ലക്ഷ്മി നാരായണൻ

ബാല്യത്തിൽ കഥകേട്ട് ഉറങ്ങാൻ കിടക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയുമെല്ലാം ഇത്തരത്തിൽ കഥപറഞ്ഞ് ഉറക്കുന്നതിന്റെ ഓർമകൾ ഒന്നു വേറെതന്നെയാണ്. ഇത്തരത്തിൽ കഥ കേട്ട് വളർന്ന ഓരോ വ്യക്തികളും വലുതാകുമ്പോൾ തങ്ങളുടെ മക്കൾക്കായും കഥകൾ പറഞ്ഞു നൽകുന്നു. കുട്ടികളെ രാത്രി ഉറക്കാൻ വേണ്ടിയാണ് കഥ പറയുന്നത് എങ്കിലും യഥാർത്ഥത്തിൽ കഥ കേട്ട് കുട്ടികൾ 'ഉണരുകയാണ് ചെയ്യുന്നത്'.

ശ്രദ്ധ ശക്തിയിലും , ഓർമശക്തിയിലുമാണ് പ്രധാനമായും ഈ ഉണർവ് വ്യക്തമാകുന്നത്. പലവിധത്തിലുള്ള ജീവിതത്തിരക്കുകൾ മൂലം കഥപറയുന്ന രീതിക്ക് അവധി നൽകി മൊബൈൽ ഫോണിൽ പാട്ട് കേൾപ്പിച്ച് കുട്ടികളെ ഉറക്കാൻ മാതാപിതാകകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ പണ്ട് കാലത്തെ കഥപറച്ചിലിലൂടെ ലഭിക്കുന്ന ഗുണം ഇതിലൂടെ ലഭിക്കുകയില്ല. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുമ്പോൾ താഴെ പറയുന്ന മാറ്റങ്ങൾ അവർക്കുണ്ടാകുന്നു...

1 ഭാഷാശുദ്ധി വർധിക്കുന്നു
കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികൾക്ക് ധാരാളം പദസമ്പത്ത് ലഭ്യമാകുന്നു. കഥ കേൾക്കുന്നതിനിടക്ക് കുട്ടികൾ പല വാക്കുകളുടെയും അർത്ഥം ചോദിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്നു. ഇതിലൂടെ കുട്ടികളുടെ ഭാഷാശുദ്ധി വർധിക്കുകയാണ് ചെയ്യുന്നത്. ധാരാളം കഥകൾ കേട്ട് വളരുന്ന ഒരു കുട്ടി, വളരെ പെട്ടന്ന് തന്നെ മികച്ച ഉച്ഛാരണ ശുദ്ധിയോടെ സംസാരിക്കാൻ ആരംഭിക്കുന്നു.

2 ഓർമശക്തി വർധിപ്പിക്കുന്നു
സ്‌കൂളിൽ പോയി തുടങ്ങുന്നതിനും ഏറെ മുൻപ് തന്നെ തുടങ്ങുന്നതാണ് കഥ കേൾക്കൽ. ഇത് കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നു. കഥയിലെ കഥാപാത്രങ്ങളുടെ പേരുകൾ, കഥാസന്ദർഭങ്ങൾ എന്നിവ ഇടക്കിടയ്ക്ക് ആവർത്തിച്ചു പറയുകയും അതേപ്പറ്റി ചോദിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ അവ ഓർത്തിരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ കുട്ടികളുടെ ഓര്മ ശക്തി വർധിപ്പിക്കുന്നു.

3 ചിന്താശക്തി വർധിപ്പിക്കുന്നു
ഒരു കാർട്ടൂൺ കാണുന്നതിനേക്കാൾ ഗുണപ്രദമാണ് ഒരു കഥ കേൾക്കുന്നത്. കാരണം ഒരു കഥ ഒരു വ്യക്തിയിൽ നിന്നും കേൾക്കുമ്പോൾ കുട്ടിയുടെ മനസും ചിന്തയും പ്രസ്തുത കഥാപശ്ചാത്തലത്തിലൂടെയും സന്ദർഭങ്ങളിലൂടെയും സഞ്ചരിക്കുന്നു. വർണിച്ചു പറയുന്ന ഒരു കഥയിലൂടെ കുട്ടികൾ അതിലെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ വരെ മനസ്സിൽ ചിന്തിച്ചെടുക്കുന്നു. ഇത് കുട്ടികളുടെ ക്രിയാത്മകമായ ചിന്താശേഷി വർധിപ്പിക്കുന്നു.

4 സാംസ്‌കാരിക പഠനത്തിന് സഹായിക്കുന്നു
പലപ്പോഴും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പുരാണങ്ങളിലെയും മറ്റും കഥകളായിരിക്കും. ഇത്തരത്തിൽ വ്യത്യസ്തമായ കഥകൾ കേൾക്കുന്നതും കഥാ പശ്ചാത്തലം ചിന്തിച്ചെടുക്കുന്നതും കുട്ടികളിൽ സാംസ്‌കാരിക പഠനത്തിന് സഹായിക്കുന്നു .മാത്രമല്ല കൂട്ടമായിരുന്നു കഥകൾ കേൾക്കുന്നത് സാമൂഹികമായ ഇടപെടലുകൾ വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.