പരിഹാസച്ചിരികളെ മറികടന്ന് ജീവിതവിജയം നേടിയവർ !
അശ്വിൻ നായർ
കുറവുകളുടെ പേരിൽ മാറ്റിനിർത്തേണ്ടവരല്ല ആരും. ഏതെങ്കിലുമൊക്കെ മേഖലയിൽ മികവുള്ളവരാണ് ഓരോരുത്തരും.
കുറവുകളുടെ പേരിൽ കളിയാക്കിയവർക്കു ജീവിതം കൊണ്ടു മറുപടി നൽകിയ ചിലരെ പരിചയപ്പെടാം. കുത്തുവാക്കുകളെ, പരിഹാസച്ചിരികളെ മറികടന്ന് ജീവിതവിജയം നേടിയവരാകട്ടെ മാതൃക
പീറ്റർ ഡിംഗ്ലേജ്
‘ഗെയിം ഓഫ് ത്രോൺസ്’ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രം ടൈറിയോൺ ലാനിസ്റ്ററെ അവതരിപ്പിച്ച പീറ്റർ ഡിംഗ്ലേജ് നാലടി ഉയരക്കാരനാണ്. കുള്ളൻ എന്നു പലരും കളിയാക്കി വിളിച്ച ഡിംഗ്ലേജാണ് എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയ താരമായത്.
ലയണൽ മെസ്സി
വളർച്ചകുറവു മൂലം ഹോർമോൺ കുത്തിവയ്പ്പു വരെ എടുത്തിട്ടുണ്ട് ചെറുപ്പത്തിൽ. ആ കുട്ടിയാണ് ലോകത്തെ ഏറ്റവും മികച്ച ഫുഡ്ബോൾ താരങ്ങളിരൊളായി പിന്നീട് മാറിയത്.
ഹൃതിക് റോഷൻ
വലതു കൈയിൽ 2 തള്ളവിരലുള്ളതിനാൽ (ഡബിൾ തംബ്) സ്കൂളിലെ പരിഹാസ കഥാപാത്രമായി. വിക്ക് കൂടിയായതോടെ ആത്മവിശ്വാസം നഷ്ടമായി. കാലം മാറി, ഇന്നു ബോളിവുഡിന്റെ താരസിംഹാസനങ്ങളിലൊന്ന് ഋത്വിക്കിനു സ്വന്തം.
ഇഎംഎസ്
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിനു ജന്മനാ വിക്കുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയക്കാരനായും സൈദ്ധാന്തികനായുമുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് ഇതു തടസ്സമായില്ല. ‘വിക്ക് എപ്പോഴുമുണ്ടോ?’ എന്ന് ആരോ ചോദിച്ചു. ‘എപ്പോഴുമില്ല, സംസാരിക്കുമ്പോൾ മാത്രം’ എന്നായിരുന്നു മറുപടി.
സാറാ അലി ഖാൻ
ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാന്റെ മകൾ സാറയ്ക്ക് കുട്ടിക്കാലത്തു ശരീരഭാരം കൂടുതലായിരുന്നു. ‘തടിച്ചി’യെന്ന വിളികൾ സാറയുടെ മനസ്സിനെ തളർത്തിയില്ല. തെറ്റായ ഭക്ഷണശീലങ്ങൾ ഉപേക്ഷിച്ചു. വ്യായാമം പതിവാക്കി. ഒടുവിൽ ബോളിവുഡ് നായികയുമായി.
സിൽവസ്റ്റർ സ്റ്റാലൻ
ഡോക്ടർമാരുടെ ശ്രദ്ധക്കുറവു മൂലം മുഖത്തെ ഞരമ്പുകൾക്കുണ്ടായ ക്ഷതം സംസാരത്തെയും മുഖഭാവത്തെയും ബാധിച്ചു. പഠനവൈകല്യം കൂടിയായതോടെ സ്കൂളിലെ പരിഹാസപാത്രമായി. എന്നാൽ, വർക്‌ഷോപ്പിൽ നിന്നൊപ്പിച്ച ഇരുമ്പുസാമഗ്രികൾ ഡംബെല്ലും ബാർബെല്ലുമാക്കി സ്റ്റാലൻ ബോഡി ബിൽഡിങ് തുടങ്ങി. പിന്നീട് ഹോളിവുഡ് ആക്‌ഷൻ ഹീറോയായി വളർന്നു.