ഓട്ടിസം സല്യൂട്ട് അടിക്കുന്നു; ഈ 10 വയസുകാരന് മുന്നിൽ
ഓട്ടിസം ഒരിക്കലും കുഞ്ഞുങ്ങളുടെ കഴിവുകളെ തളർത്തുകയില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പത്തുവയസുകാരൻ. തിരക്കേറിയ സൂപ്പർമാർക്കറ്റിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ക്യാലും കോട്നി എന്ന ബാലന്റെ ഗാനാലാപനം. മധുരമായ പാട്ട്, ആ സൂപ്പർ മാർക്കറ്റിനെ ഒന്നടങ്കം നിശബ്ദമാക്കുകയും അവനിലേക്ക് ആകർഷിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളുടെ പ്രശംസയും ഏറ്റുവാങ്ങിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ ബാലൻറെ വിഡിയോ ഇപ്പോൾ.
പലവേദികളിലും നിറഞ്ഞ കയ്യടി വാങ്ങിയ ഈ കുഞ്ഞുഗായകൻ ഒരു ഓട്ടിസം ബാധിതനാണ്. രോഗം അവന്റെ സംഗീതത്തിന് മുമ്പിൽ മാറിനിൽക്കുന്നു എന്ന് തന്നെ പറയാം. വലിയ വേദികളിലും, പൊതുപരിപാടികളിലും പ്രശസ്തഗായകർക്കൊപ്പവും ഈ ചെറുപ്രായത്തിൽ തന്നെ വേദി പങ്കിട്ടുകഴിഞ്ഞു ഈ കൊച്ചു മിടുക്കൻ. ബ്രിട്ടൻസ് ഗോട്ട് ടാലെന്റ്റ് എന്ന ഷോയിലെ ഫൈനൽ മത്സരാർത്ഥിയായിരുന്നു ക്യാലും. എമിലി സാൻഡയും ജെ പി കൂപ്പറും പോലുള്ള പല പ്രമുഖർക്കൊപ്പവും നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിക്ക് വേണ്ടി നിരവധിയിടങ്ങളിൽ പാടിയിട്ടുണ്ട് ഈ ബാലൻ.
ഓട്ടിസം, വളരെ ഉയർന്നരീതിയിൽ തന്നെ ബാധിക്കപ്പെട്ടിട്ടുണ്ട് ക്യാലുമിൽ. എങ്ങനെയാണു ഒരു സമൂഹത്തിൽ ഇടപെടേണ്ടത് എന്നതിനെക്കുറിച്ച് അവനു വലിയ ധാരണയില്ല. അത് സ്കൂളിലും സൗഹൃദങ്ങളിലും വലിയ പ്രശ്ങ്ങൾക്കു വഴിവെക്കാറുണ്ട്. എന്നാൽ ഒരു വലിയ വേദിയിൽ, ഭയമൊട്ടുമില്ലാതെ ഗാനങ്ങൾ ആലപിക്കാൻ അവന് വളരെ നിസാരമായി സാധിക്കുമെന്ന് ക്യാലുമിന്റെ അമ്മ ടപ്നി കോട്നി പറയുന്നു.
സംഗീതമാണ് ഈ കൊച്ചുബാലന് മറ്റുള്ളവരുമായി സംവദിക്കാനുള്ള വേദി. സംഗീതത്തിലൂടെ ഉയരങ്ങൾ കീഴടക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിന്റെ ഭാഗമായി 'ദി വോയ്‌സ്' എന്ന പ്രശസ്തമായ പരിപാടിയിൽ പങ്കെടുക്കുവാൻ പോയെങ്കിലും അതിൽ നിന്നും അവൻ പിന്തള്ളപ്പെട്ടു. പക്ഷെ, അതൊന്നും ക്യാലുമിനെ ഒട്ടും നിരാശപ്പെടുത്തിയില്ല. ക്യാലും പിന്നെയും പിന്നെയും തന്റെ മധുര ശബ്ദവുമായി പല പരിപാടികളിലും പങ്കെടുത്തു. അങ്ങനെയാണ് ബ്രിട്ടൻസ് ഗോട്ട് ടാലെന്റ്റ് എന്ന പരിപാടിയുടെ അവസാന സ്റ്റേജിൽ വരെ എത്താൻ ഈ ബാലന് സാധിച്ചത്. ഓട്ടിസം, അവന് സംഗീതത്തിന്റെ കാര്യത്തിൽ അതിമാനുഷിക ശക്തി സമ്മാനിച്ചിട്ടുണ്ടെന്നാണ് ക്യാലുമിനെ അടുത്തറിയാവുന്ന എല്ലാവരും പറയുന്നത്. അത്രയേറെ വശീകരിക്കുന്നതാണ് അവന്റെ ശബ്ദവും ഗാനാലാപനവും.
എ ഡി എസ് എ എന്ന പരിപാടിയിലെ ക്യാലുമിന്റെ പ്രകടനം വൈറൽ ആകുകയും നിരവധി പേര് അഭിനന്ദനവുമായി എത്തുകയും ചെയ്തു. ആയിരക്കണക്കിന് പേരുടെ അഭിനന്ദനങ്ങൾ അവനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചതെന്നു അമ്മ ടപ്നി പറയുന്നു. ''ആശ്ചര്യത്താൽ അലറിക്കൊണ്ട് അവൻ ഈ വീടുമുഴുവൻ ഓടിനടക്കുകയായിരുന്നു. ഇത്രയേറെ ജനങ്ങൾ തന്റെ ഗാനം ആസ്വദിച്ചുവെന്നത് അവനിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല'' ആ അമ്മ കൂട്ടിച്ചേർത്തു. സംഗീതം ഈ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ചതാണ്. കൊച്ച് ക്യാലുമിന്റെ മുത്തച്ഛനും മുത്തശ്ശിയും നിരവധി വേദികൾ കീഴടക്കിയ കലാകാരന്മാരായിരുന്നു.
ഓട്ടിസം ഒരു രോഗാവസ്ഥ മാത്രമാണെന്നു മനസിലാക്കി, കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്താതെ, മതിയായ പ്രോത്സാഹനം നൽകി അവർക്കൊപ്പം കൂടിയാൽ, അവരിലെ കഴിവുകളെ കണ്ടെത്തി അത് പുറത്തുകൊണ്ടു വരാൻ മാതാപിതാക്കൾക്ക് സാധിക്കും. അതായിരിക്കും ചിലപ്പോൾ ആ കുഞ്ഞിന്റെ ഭാവിനിർണയിക്കുക. തങ്ങളൊരിക്കലും മുഖ്യധാരാ സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ടവരല്ല എന്ന പാഠമാണ് ക്യാലും കോട്നി എന്ന പത്തുവയസുകാരന്റെ ഇതുവരെയുള്ള ജീവിതം നമുക്ക് മുന്നിൽ വരച്ചിടുന്നത്.