കുട്ടികളുടെ ബുദ്ധികൂട്ടാൻ, ഇതാ സൂപ്പർ മാര്‍ഗ്ഗം‍

കുട്ടികളുടെ ബുദ്ധി ശക്തി കൂടണമെന്നും അവന്റെ ബ്രെയ്ന്‍ സൂപ്പറാകണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകില്ല. ബുദ്ധിശക്തി കൂട്ടാനായി നട്ടം തിരിയുന്നവരാണവര്‍. എന്നാല്‍ കുട്ടികളുടെ തലച്ചോറ് വേണ്ട രീതിയില്‍ വികസിക്കാത്തതിന് ഒരു കാരണം അവരുടെ മാതാപിതാക്കള്‍ തന്നെയാണ്. ലോകപ്രശസ്തമായ മാസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഗവേഷകര്‍ അടുത്തിടെ പുറത്തുവിട്ട ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില വസ്തുതകളാണ്. 

അച്ഛനും അമ്മയും എന്ന നിലയില്‍ എത്രമാത്രം കുട്ടികളോടൊപ്പം സംസാരിക്കാറുണ്ട് നിങ്ങള്‍. കുട്ടികളോട് അങ്ങോട്ടുള്ള വണ്‍വേ സംസാരമല്ല ഉദ്ദേശിച്ചത്. അച്ചടക്കത്തിന്റെ ഭാഗമായുള്ള അത് ചെയ്യൂ, ഇത് ചെയ്യൂ, അങ്ങോട്ട് പോകല്ലേ മോനെ, ഇതു വഴി വരൂ...എന്നിങ്ങനെയുള്ളതല്ല ഉദ്ദേശിച്ചത്. 

കുട്ടികളുമായുള്ള കോണ്‍വര്‍സേഷന്‍...അവരോടൊപ്പം, അവരുമായി, അവരോട് ലയിച്ച് ഇടപെഴകാറുണ്ടോ നിങ്ങള്‍. കുട്ടികളുമായി മാതാപിതാക്കള്‍ ഉള്‍പ്പടെ മുതിര്‍ന്നവര്‍ നടത്തുന്ന സംഭാഷണങ്ങള്‍ അവരുടെ തലച്ചോറിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് എംഐടിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ഭാഷ വികസിക്കുന്നതിനും ബുദ്ധി വികസിക്കുന്നതിനുമെല്ലാം കുട്ടികളും മാതാപിതാക്കളുമായി അങ്ങോട്ടും ഇങ്ങോട്ടും സംഭാഷണങ്ങള്‍ നടക്കണം. അറിയാതെ തന്നെ ഇതില്‍ ഏര്‍പ്പെടുന്ന മാതാപിതാക്കളുണ്ട്. അവരുടെ കുട്ടികളുടെ ബുദ്ധിശക്തി ശ്രദ്ധിച്ചാല്‍ നമുക്കത് മനസിലാകുകയും ചെയ്യും. ഭാഷാ നൈപുണ്യവും സംസാരശേഷിയും ബുദ്ധി കൂര്‍മതയും എല്ലാം ഇതിലൂടെ വരുമത്രേ. നാല് വയസിനിടയിലും ആറ് വയസിനിടയിലും ഉള്ള കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഇത് വളരെ വ്യക്തമായി ബോധ്യപ്പെടുന്നുണ്ട്. 

കുട്ടികള്‍ സംസാരിക്കുന്നതില്‍ വ്യക്തത വേണമെന്ന് ഒന്നും ഇല്ല. അവര്‍ ഇങ്ങോട്ട് പറയുമ്പോള്‍ അങ്ങോട്ടും പറയുക തന്നെ. വെറുതെ കുട്ടികളെ ടെക് ഉപകരണങ്ങളുടെ കൈയിലേക്ക് എറിഞ്ഞു കൊടുത്ത് സംഭാഷണങ്ങള്‍ ഇല്ലാതെ വളര്‍ത്തിയാല്‍ ഭാവിയില്‍ വലിയ പ്രത്യാഘാതമായിരിക്കും അനുഭവിക്കേണ്ടി വരുക. 

കുട്ടികളുമായി സംഭാഷണം നടത്താന്‍ എന്നും സമയം കണ്ടെത്തു. അത് നിര്‍ബന്ധമാണ്. മാതാപിതാക്കള്‍ എന്ന നിലയില്‍ മറ്റെന്തിനേക്കാളും മുന്‍ഗണന അതിന് നിങ്ങള്‍ നല്‍കിയേ മതിയാകൂ. വെറുതെ കുട്ടിയുടെ തലയിലേക്ക് എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള സംസാരമല്ല വേണ്ടതെന്ന് പഠനത്തില്‍ പ്രത്യേകം പറയുന്നുണ്ട്. അവരോടൊത്ത് സംസാരിക്കുകയാണ് വേണ്ടത്. കുടുംബത്തില്‍ കുട്ടികളുമായി മാതാപിതാക്കള്‍ നടത്തുന്ന സംഭാഷണ ബ്രെയ്ന്‍ വികസനത്തെ സ്വാധീനിക്കുമെന്ന് ആദ്യമായാണ് തെളിവ് സഹിതം ഒരു പഠനം പുറത്തുവരുന്നതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.