സിംഗിൾ

സിംഗിൾ പേരന്റിങ്; വെല്ലുവിളികൾ എങ്ങനെ മറികടക്കാം

ലക്ഷ്മി നാരായണൻ

മാതാപിതാക്കൾ ഒരുമിച്ചല്ലാതെ, അമ്മയോ അച്ഛനോ ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന അവസ്ഥയാണ് സിംഗിൾ പേരന്റിങ്. പണ്ട് കാലത്ത് സിംഗിൾ പേരന്റിങ് എന്ന ആശയത്തെ എല്ലാവരും ഏറെ ആശങ്കയോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാൽ ഇന്ന് രീതികൾ മാറി വരികയാണ്. കുട്ടികളുമായി മികച്ച ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു എന്നതാണ് സിംഗിള്‍ പാരന്റിംഗിന്റെ ഏറ്റവും വലിയ മികവ്. വിവാഹബന്ധം വേർപിരിഞ്ഞതോ ഭർത്താവിന്റെ മരണമോ ഒക്കെ ഒരു സ്ത്രീ സിംഗിൾ പേരന്റ് ആക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നു. ഈ അവസരത്തിൽ എല്ലാകാര്യങ്ങള്‍ക്കും തങ്ങള്‍ ഒറ്റയ്ക്കാണെന്ന ബോധ്യം രക്ഷിതാവിനെയും കുട്ടിയെയും കൂടുതല്‍ അടുപ്പിക്കുന്നു.അവർ ജീവിതത്തിൽ ഒന്നിച്ചു നില്‍ക്കുകയും പരസ്പരം താങ്ങാവുകയും ചെയ്യുന്നു. എന്നാൽ സിംഗിൾ പേരന്റിങിന് ചില വെല്ലുവിളികളുമുണ്ട്. ഏറെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ തിരിച്ചടി നേരിടാവുന്ന അത്തരം പ്രശ്നങ്ങളും അറിഞ്ഞിരിക്കണം.

1. വരുമാനത്തിലെ ഏറ്റക്കുറച്ചിൽ
സിംഗിൾ പേരന്റ് ആകുന്നതിന്റെ ഏറ്റവും വലിയ വെല്ലുവിളി എല്ലാ ചെലവുകളും നേരിടുന്നതിനാവശ്യമായ വരുമാനം കണ്ടെത്തുക എന്നതാണ്. ചെലവുകൾ വർധിക്കുന്നതിന് അനുസരിച്ച് വരുമാനം വർധിക്കുന്നില്ല. മാത്രമല്ല, കുട്ടികൾക്ക് തങ്ങളുടെ സമാനപ്രായത്തിലുള്ള കുട്ടികൾക്കുള്ള സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എല്ലാം വേണം എന്ന ആവശ്യം സ്വാഭാവികമാണ് . ഇത് നടത്തിക്കൊടുക്കാൻ സിംഗിൾ പേരെന്റ് ഏറെ വിഷമിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. പണമുണ്ടാക്കാനായി നെട്ടോട്ടമോടുമ്പോൾ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനോ അവരുടെ എല്ലാ കാര്യങ്ങള്‍ക്കും കൂടെയിരിക്കാനും എല്ലാ രക്ഷിതാക്കന്മാര്‍ക്കും കഴിഞ്ഞുവെന്നു വരില്ല. അതിനാൽ വരുമാനത്തെപ്പറ്റിയും ചെലവിനെ പറ്റിയും കുട്ടിയെ പറഞ്ഞു മനസിലാക്കണം .

2 താരതമ്യം ചെയ്യുന്ന അവസ്ഥ
എല്ലാ കാര്യങ്ങളും എത്ര ശ്രദ്ധയോടെ ചെയ്താലും സ്‌കൂൾ കാലഘട്ടം ആരംഭിക്കുന്നതോടെ കുട്ടികൾ തങ്ങളുടെ അവസ്ഥയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ ആരംഭിക്കും. എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത കുട്ടിയുടെ മനസിനെ ഏറെ ബാധിക്കും. ഈ അവസ്ഥയുണ്ടാകാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുക എന്നത് ഒരു സിംഗിൾ പേരന്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കുട്ടികളിലെ മൂഡ്‌ സ്വിങ്സ് കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവ് തന്നെ വേണം

3 ശ്രദ്ധ കുറഞ്ഞു പോകുന്നു എന്ന തോന്നൽ
കുഞ്ഞിനും തനിക്കും വേണ്ടി അധ്വാനിക്കുകയും വരുമാനം കണ്ടെത്തുകയും വീട്ടിലെ മറ്റുകാര്യങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനിടയിൽ കുട്ടികളെ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്ന തോന്നൽ സിംഗിൾ പേരന്റിനെ തളർത്തും. മാതാപിതാക്കള്‍ ഒന്നിച്ചു മക്കള്‍ക്ക് നല്കുന്ന സ്‌നേഹവും കരുതലും ഒരിക്കലും ഒരാള്‍ക്ക് തനിയെ നല്‍കാന്‍ സാധിക്കില്ല എന്നതും സിംഗിള്‍ പേരന്റിന്റെ മനസ്സിൽ വലിയ വിഷമങ്ങളിൽ ഒന്നാണ്. കുട്ടികളോട് കഴിയുന്നത്ര ചേർന്ന് നിൽക്കുക എന്നതാണ് മാത്രമാണ് ഈ ചിന്തകൾ മറികടക്കുന്നതിനുള്ള പ്രതിവിധി.

4 വിവാഹമോചനം സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങൾ
ഇത് പേരന്റിനേക്കാൾ ഏറെ ബാധിക്കുന്നത് കുട്ടികളെയാണ്. ഉഭയകക്ഷി സമ്മതത്തോടെയല്ലാത്ത വിവാഹമോചനമാണ് എങ്കിൽ കുട്ടികളെ വിട്ടുനൽകുന്നതിനായുള്ള വാദം ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത് സ്വാഭാവികമാണ്. മാതാപിതാക്കന്മാര്‍ രണ്ടു പേരും ജീവിച്ചിരുന്നിട്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഈ അവസ്ഥ കുട്ടികളെ സമ്മർദ്ദത്തിലാക്കും. പിന്നീട് തന്നെ സംരക്ഷിക്കുന്ന പേരന്റിനോട് മാനസികമായ ഒരടുപ്പം കാണിക്കുവാൻ കുട്ടിക്ക് കഴിയില്ല.

Summary : Challenges and solutions in single parenting