കുട്ടികളിലെ ഈ പെരുമാറ്റ വൈകല്യങ്ങൾ ശ്രദ്ധിക്കുക ! , Character disorders, Children, Study, intelligent Child development, Parenting, Manorama Online

കുട്ടികളിലെ ഈ പെരുമാറ്റ വൈകല്യങ്ങൾ ശ്രദ്ധിക്കുക !

മഞ്ജു പി എം

ഇന്ന് മിക്ക കുട്ടികളും അഞ്ചു വയസ്സിനു മുൻപായി സ്കൂള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ട്. ചുറ്റുപാടുമുള്ള കാര്യങ്ങളെ കുറിച്ചും തനിക്ക് അതിലുള്ള പങ്കിനെ കുറിച്ചുമെല്ലാം അവര്‍ മനസ്സിലാക്കിയെടുക്കുന്നത് ഈ ഘട്ടത്തിലാണ്. സ്വന്തമായി ഓരോ കാര്യങ്ങള്‍ ചെയ്യാനും അവര്‍ പഠിക്കുന്നു. അവരുടെ സ്വഭാവത്തില്‍ വികാസങ്ങള്‍ സംഭവിക്കുന്നതും ഈ ഘട്ടത്തിലാണ്. ചില കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടമായിത്തുടങ്ങുന്നതും ഈ സമയത്ത് തന്നെയാണ്. ഒരു വ്യക്തിയിലെ മാനസിക വൈകല്യങ്ങളുടെ പകുതിയും പ്രകടമാകുന്നത് പതിന്നാലു വയസ്സിനു മുൻപായിട്ടാണെന്നാണ് പല മനശാസ്ത്ര പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.

കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് കൃത്യമായ അവബോധമില്ലത്തതിനാല്‍ മാതാപിതാക്കള്‍ ഇത് തിരിച്ചറിയാനും വേണ്ട ചികിത്സകള്‍ നല്‍കാനും വൈകിപ്പോകുന്നു. കുട്ടികളില്‍ സാധാരണയായി കാണുന്ന ചില പെരുമാറ്റ വൈകല്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1.സ്കൂളില്‍ പോകാനുള്ള മടി
മിക്ക കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ മടിയുണ്ടാകും. അതിനു ദിവസവും എന്തെങ്കിലും ഒക്കെ കാരണങ്ങളും അവര്‍ കണ്ടെത്തും. സ്കൂളില്‍ പോകേണ്ട സമയമായാല്‍ പലവിധ അസുഖങ്ങളും ഉള്ളതായി അവര്‍ പറയും, നടിക്കും. സത്യമാണെന്ന് കരുതി കുട്ടിയെ വീട്ടിലിരുത്തിയാല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അവര്‍ക്ക് ഒരസുഖവും ഉള്ളതായി ആര്‍ക്കും തോന്നുകയേ ഇല്ല. ഇത് ഒരു പ്രത്യേക വിധത്തിലുള്ള ആകാംക്ഷയുടെ ലക്ഷണമാണ്. മാതാപിതാക്കള്‍ ഒപ്പമില്ലെങ്കില്‍ തനിക്ക് ദോഷകരമായി എന്തെങ്കിലും സംഭവിക്കും എന്നാണ് ഈ കുട്ടികള്‍ വിചാരിക്കുന്നത്. മാതാപിതാക്കളെ ദീർഘ നേരം പിരിഞ്ഞിരിക്കാനുള്ള വൈമനസ്യം കൊണ്ടാണ് കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടി കാണിക്കുന്നത്.

2. ചിലസമയങ്ങളില്‍ ഒന്നും സംസാരിക്കാതെയിരിക്കുക: 
ചില അവശ്യ സമയങ്ങളില്‍ ഒന്നും സംസരിക്കാനാകാതെ കുട്ടി മരവിച്ചു പോകുന്ന അവസ്ഥയുണ്ടെങ്കില്‍, ഇത് സെലക്റ്റീവ് മ്യുട്ടിസത്തിന്റെ ലക്ഷണമാണ്. ചിലപ്പോള്‍ സാമൂഹികമായ ഉത്കണ്ഠ കൊണ്ടോ പെട്ടെന്നുണ്ടാകുന്ന അമിതഭീതി കൊണ്ടോ ആകാം. വീട്ടില്‍ വളരെ നന്നായി സംസാരിക്കുകയും മറ്റുള്ളവരുമായി ഇടപഴകുകയും ഒക്കെ ചെയ്യുന്ന കുട്ടിയാണെങ്കിലും ഇതിനു നേര്‍ വിപരീതമായ അഭിപ്രായങ്ങള്‍ ആയിരിക്കാം സ്കൂളിലെ ടീച്ചര്‍മാര്‍ കുട്ടിയെക്കുറിച്ചു പറയുന്നത്. കുട്ടികള്‍ ലജ്ജാ ശീലമുള്ളവരായി മാറുന്നതിനു സെലെക്ടീവ് മ്യുട്ടിസം കാരണമാകുന്നു. ഈ അവസ്ഥയെ പരിഗണിക്കാതെ വിട്ടാല്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുകയും അവരുടെ സാമൂഹികമായ വികാസത്തിന് തടസ്സമാവുകയും ചെയ്യും.

3. സാമൂഹികമായ പിന്‍വലിയല്‍ കാരണം സൗഹൃദങ്ങള്‍ ഉണ്ടാക്കാനാകാതെ വരിക:
സ്കൂളില്‍ പോയി തുടങ്ങുമ്പോഴാണ് അവര്‍ കൂടുതല്‍ ആളുകളുമായി ഇടപഴകാനും നന്നായി പെരുമാറാനും പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും പഠിക്കുന്നത്. അവരിലെ വികാസത്തിന്‍റെ നിര്‍ണ്ണായകമായ ലക്ഷണങ്ങള്‍ ആണിത്. ചില കുട്ടികളില്‍ ഇതിനുള്ള കഴിവ് വികസിച്ചു വരാന്‍ കൂടുതല്‍ സമയമെടുക്കും. പക്ഷെ, കുട്ടിക്ക് ഇപ്പോഴും ഉള്‍വലിയുന്ന സ്വഭാവമാണ് ഉള്ളതെങ്കില്‍ അത് ഓട്ടിസ്റ്റിക് അഥവാ പഠന വൈകല്യത്തിന്റെ ലക്ഷണമാണ്. ഈ താളം തെറ്റല്‍ വളരെ കുട്ടികാലത്ത് തന്നെ പ്രകടമായി തുടങ്ങും. എന്നാല്‍ സ്വന്തം കുട്ടിയുടെ ഈ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ ഒരു പോരായ്മയായി പറഞ്ഞു തുടങ്ങുമ്പോള്‍ മാത്രമാണ് ഇത് ചികിത്സിച്ചാലോ എന്ന് ചിന്തിക്കുന്നത്. കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക, മറ്റുള്ളവരുടെ വികാരങ്ങളോ അവര്‍ ആശയ വിനിമയം ചെയ്യുന്ന കാര്യങ്ങളോ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയൊക്കെയാണ് ഓട്ടിസത്തിന്റെ പൊതുവായ ലക്ഷണങ്ങള്‍.

4. ശ്രദ്ധയില്ലായ്മയും അടങ്ങി ഇരിക്കായ്കയും:
നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ ‘എപ്പോഴും പിരുപിരുത്തുകൊണ്ടേയിരിക്കും’, അത്തരം കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധയുണ്ടാകില്ല. മാതാപിതാക്കള്‍ അവരെകൊണ്ട് പൊറുതിമുട്ടും. ഇത്തരം കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ അടങ്ങി ഒതുങ്ങി സീറ്റില്‍ ഇരിക്കാനുള്ള കഴിവാണ് ടീച്ചര്‍മാര്‍ ആദ്യം ഉണ്ടാക്കിയെടുക്കേണ്ടി വരിക. ഈ കുട്ടികള്‍ വീട്ടിലായാലും സ്കൂളിലായാലും അശ്രദ്ധയോടെയും ഇപ്പോഴും എന്തെങ്കിലും വികൃതികള്‍ കാണിച്ചു കൊണ്ടേയിരിക്കും. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡര്‍ (ADHD) എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. ഈ അവസ്ഥയില്‍ ഉള്ള കുട്ടികള്‍ പെട്ടെന്ന് തന്നെ ഉന്മത്തരാവുകയും, മറ്റുള്ളവര്‍ പറയുന്ന നിർദേശങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ അല്ലെങ്കില്‍ അവയെ പെട്ടെന്ന് തന്നെ മറന്നു പോവുകയോ ചെയ്യും.

ഓരോ കുട്ടികളുടേയും ബുദ്ധിയുടെ താളം വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്ക് കാര്യങ്ങള്‍ വളരെ പതുക്കെയേ ഗ്രഹിക്കാനാകൂ. നിങ്ങളുടെ കുട്ടിക്ക് പഠന വൈകല്യങ്ങള്‍ ഉണ്ടോ? അതായത് വായിക്കാനോ എഴുതാനോ വളരെയധികം പ്രയാസം അനുഭവപ്പെടുന്നുണ്ടോ (dyslexia or dysgraphia ) എന്ന് തിരിച്ചറിയുക. കുട്ടികള്‍ എഴുതുയോ വായിക്കുകയോ ചെയ്യുന്നതിലെ തെറ്റ്, പഠിപ്പിക്കുന്നവര്‍ എത്ര തിരുത്തി കൊടുത്താലും, അത് തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ അത് പഠന വൈകല്യത്തിന്റെ ലക്ഷണമാണ്. ഇവിടെ വിവരിച്ച പൊതുവായ ചില പെരുമാറ്റ വൈകല്യങ്ങള്‍ നിങ്ങളുടെ കുട്ടികളില്‍ ഉണ്ടോയെന്ന് തീര്‍ച്ചയായും ശ്രദ്ധിക്കണം. ഇതില്‍ എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നുന്നുവെങ്കില്‍ ആദ്യം മനസ്സിലാക്കേണ്ടത്, ഈ അവസ്ഥ നിങ്ങളുടെ നിയന്ത്രണത്തില്‍ മാറ്റിയെടുക്കാന്‍ ആകുന്നതല്ല. ഇതിനു ഉചിതമായ ഇടപെടല്‍ ആവശ്യമാണ്. കുട്ടികളിലെ സ്വഭാവം കൂടുതല്‍ വഷളാകുന്നതിനു മുന്‍പായി അവരെ നല്ല മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കുക.തുടക്കത്തിലേ കൃത്യമായ പരിചരണം ലഭിച്ചാല്‍ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളേ ഈ കുട്ടികള്‍ക്കുള്ളൂ.