സ്വകാര്യ ഭാഗങ്ങളിൽ മറ്റാരും തൊടരുത്; ഡോക്ടറുടെ കുറിപ്പ്
രക്ഷിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടത് എന്തൊക്കെ? പറയരുതാത്തത് എന്തെല്ലാം? ഇപ്പോഴും കേരളത്തിലെ മാതാപിതാക്കൾക്ക് വ്യക്തതയില്ലാത്ത കാര്യമാണ്. ശിശുദിനത്തിൽ ഡോ.ഷിനു ശ്യാമളൻ മാതാപിതാക്കൾക്കായി പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ചർച്ചയാകുകയാണ്.
കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്ര അവബോധം ഉണ്ടാക്കണം. പല രക്ഷിതാക്കളും കുട്ടികളോട് ഒന്നും പറഞ്ഞുകൊടുക്കില്ല. തിരിച്ചറിവായാലും സ്വന്തം കുട്ടികളോട് ഒന്നും പറയാതിരുന്നാൽ അവർ മറ്റ് കൂട്ടുകാരോട് ചോദിച്ച് തെറ്റായ അറിവുകൾ ആർജിക്കാം. സ്വകാര്യഭാഗങ്ങളിൽ ആരും തൊടരുതെന്നും കുട്ടികളോട് പറഞ്ഞുകൊടുക്കണമെന്ന് ഷിനുവിന്റെ കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം:
"അമ്മേ, ഞാൻ എവിടുന്ന വന്നത്?"
"അമ്മയുടെ വയറ്റിലായിരുന്നു മോൾ. അവിടെ കുറച്ചു ദിവസം കിടന്ന് വലുതായപ്പോൾ അമ്മയുടെ വയറു കീറി മോളെ ഡോക്ടർ പുറത്തെടുത്തു ."
ഒരു വട്ടമേ ഞാനിത് എന്റെ മകളോട് പറഞ്ഞു കൊടുത്തുള്ളൂ. അവൾക്ക് മൂന്നര വയസ്സ്. അവളത് എന്നോട് ചോദിച്ചപ്പോൾ "കൊട്ടയിൽ ഒഴുകി വന്നതാണെന്നോ," അല്ലെങ്കിൽ "ഒരു ദിവസം ദൈവം കൊണ്ടു തന്നതാണെന്നോ" ഞാൻ പറഞ്ഞു കൊടുത്തില്ല. കാരണം അവൾക്ക് ഞാൻ പറഞ്ഞു കൊടുത്താൽ അവൾക്കത് മനസ്സിലാകും എന്നെനിക്കറിയാമായിരുന്നു.
അവൾ ഇപ്പോൾ ആര് ചോദിച്ചാലും ഞാൻ പറഞ്ഞതു പോലെ പറഞ്ഞു കൊടുക്കാറുണ്ട്. കുട്ടികൾക്ക് മനസ്സിലാക്കാവുന്ന രീതിയിൽ ശാസ്ത്ര അവബോധം ഉണ്ടാക്കണം. അല്ലാതെ 3 വയസ്സുള്ള കുട്ടിയോട് അണ്ഡവും, ബീജവും എന്നൊക്കെ പറഞ്ഞാൽ അതിന് മനസിലാകില്ല. അല്ലെങ്കിൽ കൊട്ടയിൽ ഒഴുക്കിൽ വന്നതാണെന്നോ പറഞ്ഞു കൊടുക്കേണ്ട ആവശ്യവുമില്ല.
പല രക്ഷകർത്താക്കളും കുട്ടികളോട് ഒന്നും പറഞ്ഞു കൊടുക്കില്ല. തിരിച്ചറിവായാലും സ്വന്തം കുട്ടികളോട് ഒന്നും പറയാതിരുന്നാൽ അവർ മറ്റ് കൂട്ടുകാരോട് ചോദിച്ചു അവർ പറഞ്ഞു കൊടുക്കുന്ന തെറ്റായ അറിവുകൾ അവർ ആർജ്ജിക്കാം.
കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ട മറ്റൊരു കാര്യം അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ആരും തൊടരുതെന്നതാണ്. ചുണ്ടിൽ, നെഞ്ചിൽ, തൊടകൾക്ക് ഇടയിൽ, പുറക് വശം, സ്വകാര്യ ഭാഗങ്ങളിളും മറ്റാരും തൊടരുതെന്ന് പറഞ്ഞു പഠിപ്പിക്കുക. 3 വയസ്സൊക്കെ ആകുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കാം. പെണ്കുട്ടികൾക്ക് മാത്രമല്ല, ആണ്കുട്ടികൾക്കും ഇത് പറഞ്ഞു കൊടുക്കുക.
അപരിചിതർ വിളിച്ചാൽ കൂടെ പോകരുതെന്ന് പഠിപ്പിക്കുക. അഥവാ അമ്മയ്ക്കോ, അച്ഛനോ പകരം ആരെങ്കിലും കുട്ടിയെ സ്കൂളിൽ കൂട്ടാൻ പറഞ്ഞു വിടുകയാണെങ്കിൽ ഒരു കോഡ് പറഞ്ഞു വിടുക. ആ കോഡ് നിങ്ങൾക്കും കുട്ടിക്കും മാത്രമേ അറിയുവൻ പാടുള്ളൂ. ഉദാഹരണം " what is my cats name?" എന്ന ചോദ്യം ഒരു കോഡ് ഭാഷയായി കുട്ടിയെ പഠിപ്പിക്കുക. അമ്മയ്ക്ക് പകരം ആരെയെങ്കിലും കുട്ടിയെ കൂട്ടി കൊണ്ടു വരാൻ വിട്ടാൽ അവർക്ക് "ചോദ്യത്തിന്റെ ഉത്തരം" കൂടി പറഞ്ഞു വിടുക. കുട്ടി ചോദ്യം അപരിചിതണോട് ചോദിക്കുമ്പോൾ നിങ്ങൾ അയാൾക് പറഞ്ഞു കൊടുത്ത ഉത്തരം പറയാണം. "കിറ്റി" എന്നോ മറ്റും ഉത്തരം ഉപയോഗിക്കാം. അയാൾ അമ്മയ്ക്കും കുഞ്ഞിനും അറിയാവുന്ന ഉത്തരം പറഞ്ഞില്ലെങ്കിൽ അയാളുടെ കൂടെ പോകരുതെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.
പരിചയമില്ലാത്തവർ തരുന്നതൊന്നും വാങ്ങരുതെന്ന് ഓർമ്മിപ്പിക്കുക.
സ്കൂളിൽ നടന്നു പോകുന്ന കുട്ടികൾ ഒരു കാരണവശാലും വഴിയിൽ കാണുന്ന വണ്ടികൾക്ക് കൈ കാണിച്ചു ലിഫ്റ്റ് ചോദിക്കരുതെന്ന് പറഞ്ഞു കൊടുക്കുക. അപരിചിതർ ആരായാലും അവരോട് ജാഗ്രതയോട് കൂടി മാത്രം സമ്പർക്കത്തിൽ ഏർപ്പെടുക.
എപ്പോഴും കൊച്ചു ടി.വി വെച്ചു കാണിക്കാതെ, അവരെ എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ പുറത്തു കളിക്കുവാൻ കൊണ്ട് പോകണം. അല്ലെങ്കിൽ മുറ്റത്തെങ്കിലും കളിക്കുവാൻ പ്രേരിപ്പിക്കണം.
എന്ത് കാര്യവും അവർക്ക് രക്ഷക്കാർത്താകളോട് തുറന്ന് പറയുവാനുള്ള ഒരു ബന്ധം അവരുമായി രക്ഷകർത്താക്കൾ ഉണ്ടാക്കിയെടുക്കുക.
കുസൃതി കാണിക്കുമ്പോൾ അല്ലെങ്കിൽ തെറ്റ് ചെയ്യുമ്പോൾ ശാസിച്ചും, അടിച്ചു വഴക്കു പറയാതെ, സ്നേഹത്തോടെ പറഞ്ഞു മനസിലാക്കിപ്പിക്കുക. എന്തിനും ഏതിനും അവരെ അടിച്ചും, വഴക്കു പറയുകയും ചെയ്താൽ അവർക്ക് നമ്മളോട് മനസ്സ് തുറക്കുവാൻ ഭയം ഉണ്ടാകും. " 'അമ്മ തല്ലുമോ, അച്ഛൻ വഴക്കു പറയുമോ" എന്നുള്ള ചിന്തകൾക്ക് പകരം തന്റെ മാതാപിതാക്കളോട് എന്തും തുറന്ന് പറയാമെന്നും, അവർ തൻെറ സുഹൃത്തുക്കളാണെന്നും അവർക്ക് തൊന്നേണ്ടതുണ്ട്.
കുട്ടികൾ ആവശ്യത്തിന് ഉറങ്ങുന്നെന് ഉറപ്പ് വരുത്തുക. ടി.വി അല്ലെങ്കിൽ മൊബൈൽ ഫോണിൽ അമിതമായി ഉപയോഗിക്കുവാൻ അവരെ അനുവദിക്കരുത്.
അവർക്ക് ഉപയോഗപ്രദമായതും പ്രായത്തിന് അനുസരിച്ചുള്ള കളിപ്പാട്ടങ്ങളും വാങ്ങി കൊടുക്കുക. കളിപ്പാട്ടങ്ങളിൽ " 2 years and above" എന്നു എഴുതിയ കളിപ്പാട്ടങ്ങൾ 6 മാസമായ കുട്ടിയ്ക്ക് വാങ്ങി കൊടുക്കേണ്ടതില്ല.
കുഞ്ഞു കുട്ടികളെ സ്കൂട്ടറിലോ, ബൈക്കിലോ യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടു പോകരുത്. കഴിയുമെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ട് പോകരുത്. വണ്ടി ഒന്നു മറിഞ്ഞാൽ അവർക്ക് ഗുരുതരമായ പരിക്കുകൾ അല്ലെങ്കിൽ ജീവൻ തന്നെ അപായത്തിൽ പെടാം . കാറിൽ ആണെങ്കിൽ പോലും ബേബി കാർ സീറ്റ് baby car restraints ഉപയോഗിക്കുക. വണ്ടി അപകടത്തിൽ പെടുമ്പോൾ ആ വണ്ടിയിലുള്ള കുട്ടികൾക്കാണ് മുതിർന്നവരെക്കാൾ ഗുരുതുരമായ പരിക്കുകൾ ഉണ്ടാകുക.
"അവളെ കണ്ടു പഠിക്ക്", "അവനെ കണ്ട് പഠിക്ക്" എന്നു പറഞ്ഞു അവർക്ക് പഠനം ഒരു പേടി സ്വപ്‌നമാക്കാരുത്. അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. അല്ലാതെ വരയിൽ കഴിവുള്ള കുട്ടിയെ "നീ വരച്ചു സമയം കളയുകയാണ്," എന്നു നിരുത്സാഹപ്പെടുത്താതെ അവരെ പ്രോത്സാഹിപ്പിക്കുക. അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക. 100% മാർക്ക് വാങ്ങുന്നതിലല്ല കാര്യം, അവരുടെ കഴിവുകൾ കണ്ടെത്തി അവരെ നല്ലൊരു മനുഷ്യനായി നിങ്ങൾ വളർത്തിയെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.
സഹജീവികളോട് സഹാനുഭൂതി, അനുകമ്പ, സ്നേഹം എന്നിവ വളർത്തിയെടുക്കണം. സമയം കിട്ടുമ്പോൾ അവരെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങളിൽ കൊണ്ടു പോകണം. ഭക്ഷണമോ, വസ്ത്രങ്ങളോ ദാനം ചെയ്യുക. ചെടികളും വൃക്ഷങ്ങളും നടുവാൻ പ്രരിപ്പിക്കുക.
കുട്ടികൾ നമ്മൾ പറയുന്നതും, ചെയ്യുന്നതും അതുപോലെ ചെയ്യാറുണ്ട്. നല്ല കാര്യങ്ങൾ പറയുകയും, നല്ല കാര്യങ്ങൾ ചെയ്തും അവർക്ക് നല്ല മാതൃകയാകുക. അവരെ നാളത്തെ ഇന്ത്യയുടെ പൗരന്മാരായി വർത്തെടുക്കുമ്പോൾ മാതാപിതാക്കളുടെ പങ്ക് ചെറുതല്ല.
ഈ ശിശുദിനത്തിൽ ഇതാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്.
എഴുതിയത് : Dr Shinu Syamalan