അമ്മയ്ക്ക് പകരക്കാരി ആയയോ? ജോലിയുള്ള അമ്മമാർ അറിയാൻ
ലക്ഷ്മി നാരായണൻ
കാലം മാറുന്നതിനനുസരിച്ച് ജീവിത സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടക്ക് തിരക്കേറിയ ജീവിതശൈലിക്കിടെ ജോലിയുള്ള മാതാപിതാക്കൾക്ക് കുട്ടികളെ നോക്കേണ്ട ചുമതല കൂടി ഉണ്ടാകുന്നു. ഡേ കെയറുകളിലും മറ്റും കുഞ്ഞുങ്ങളെ പറഞ്ഞു വിടുന്നതിനുള്ള പ്രവണത ആരംഭിച്ചത് ഇവിടെ നിന്നുമാണ്. ജീവിതച്ചെലവ് അനുദിനം വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ അമ്മയ്ക്കും അച്ഛനും ജോലിയുണ്ടെങ്കിൽ തന്നെ പിടിച്ചു നില്ക്കാൻ കഴിയാത്ത അവസ്ഥയാണ്. അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങളെ നോക്കുന്നതിനു മാത്രമായി ജോലി ഉപേക്ഷിക്കാൻ അമ്മമാർ തയ്യാറാകില്ല. കുഞ്ഞുങ്ങളുടെ നല്ല ഭാവിയെ കരുതിയാണ് ഇത്തരത്തിൽ ജോലി ഉപേക്ഷിക്കാത്തത് എന്നതിനാൽ തന്നെ ഇവരുടെ തീരുമാനത്തെ കുറ്റം പറയാൻ കഴിയില്ല.
ഈ അവസ്ഥയിലാണ് തന്റെ പൊന്നോമനയെ ഡേ കെയറിൽ ആക്കുന്നതിനും അവരെ നോക്കുന്നതിനായി ആയമാരെ നിയമിക്കുന്നതിനുമൊക്കെ അമ്മമാർ തയ്യാറക്കുന്നത്. ദിവസം മുഴുവനും കളിചിരികളും സന്തോഷവും ഒക്കെയായി ആയമ്മ കൂടെയുണ്ടെങ്കിലും ഒരിക്കലും അവർ അമ്മയ്ക്ക് തുല്യമാകില്ല എന്ന് മനസിലാക്കണം. സർവേകൾ വ്യക്തമാക്കുന്നത് കൂടുതൽ സമയം ആയമാർക്കൊപ്പം ചെലവഴിക്കുന്ന കുഞ്ഞുങ്ങൾക്ക് രണ്ടുതരം സ്വഭാവം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതായത് അമ്മമാർ കൂടെയുള്ളപ്പോൾ ഉള്ളപോലെയാകില്ല അവർ ആയമാരോടൊപ്പം ഉള്ളപ്പോൾ പെരുമാറുക. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ലെന്ന ചൊല്ല് യാഥാർഥ്യമാകുന്നത് ഇവിടെയാണ്.
ജോലിക്കും കുഞ്ഞുങ്ങളുമൊത്തുള്ള ജീവിതത്തിനും തുല്യ പ്രാധാന്യം നൽകുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ മാനസികവും ആരോഗ്യപരവുമായ സന്തുലനാവസ്ഥ ഉറപ്പ് വരുത്തിക്കൊണ്ട് മുന്നോട്ട് പോകുവാൻ ഇത്തരം നിർദേശങ്ങൾ സഹായിക്കും.
1 ഓഫീസ് വിട്ടാൽ നേരെ കുഞ്ഞിന്റെ അടുത്തേക്കെത്തുക, അമ്മയിൽ നിന്നും മറ്റു കാര്യകളിലേക്ക് അവന്റെ ശ്രദ്ധ തിരിയുന്നത് വരെ അവനെ പരിപാലിക്കുക
2 പരമാവധി സമയം കുഞ്ഞിനൊപ്പം ചെലവഴിക്കുക. അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല
3 കുഞ്ഞിനുള്ള ആഹാരം നൽകുന്നതിനായി മറ്റുള്ളവരെ ഏൽപ്പിക്കാതെ, സ്വയം ചെയ്യുക. അമ്മയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കുന്നതിനു ഇത് സഹായിക്കും
4. മുലയൂട്ടുന്ന അമ്മമാരാണെങ്കിൽ വീട്ടിലെത്തിയ ഉടൻ പാല് കൊടുത്തു കുഞ്ഞിനൊപ്പം അല്പം വിശ്രമമാകാം
5 അമ്മമാർക്കൊപ്പം അച്ഛനും കുഞ്ഞിനായി കുറച്ചധികം സമയം മാറ്റി വക്കുക തന്നെ വേണം
7 കുഞ്ഞിനായി പണം സമ്പാദിക്കുന്നതിൽ മാത്രം കാര്യമില്ല അവരുടെ മാനസികമായ വളർച്ചക്ക് പിന്തുണയേകി കൂടെ നിൽക്കാനും മാതാപിതാക്കൾ എന്ന നിലയിൽ സാധിക്കണം