ഇടുക്കി തുറന്നു, കുട്ടികൾക്ക് അവധി കൊടുത്ത കലക്ടർക്കു നന്ദി
ഇടുക്കി ഡാം തുറന്നതിന്റെ ആശങ്കയിലാണ് കേരളം. ഈ ആശങ്ക തീരും മുന്‍പേ അതാ അടുത്ത ഡാമും തുറന്നിരിക്കുകയാണ്. ഡാം തുറന്നിട്ട് വലിയ അപകടമൊന്നും സംഭവിച്ചില്ല. ഈ ഡാം തുറന്നതിൽ ആരും പേടിക്കുകയൊന്നും വേണ്ടെന്നേ. ഇടുക്കി ഡാമിന്റെ ചെറു മാതൃക ഒരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കൂട്ടം കൊച്ചു മിടുക്കന്മാൻ. ചെളിയിൽ തീർത്ത ഡാമും ഷട്ടറുകളും വെള്ളമൊഴുകുന്ന വഴികളും പുഴയ്ക്കിരുവശവുമുള്ള വീടുകളും മരങ്ങളുമെല്ലാം ഈ മിടുക്കൻമാർ ഒരുക്കിയിട്ടുണ്ട്. വെള്ളമൊഴുകിയെത്തുന്ന പുഴയുമുണ്ട് താഴെ.
ഇടുക്കി ഡാം നിർമിച്ച ബ്രിട്ടിഷുകാരെ വെല്ലുന്ന നിർമാണ വൈദഗ്ധ്യം കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ഈ കുട്ടി ഡാം കണ്ടവർ. വെള്ളത്തിന്റെ അളവറിയാൻ സ്കെയിൽ പോലും കുട്ടിക്കൂട്ടം കരുതി വച്ചിരുന്നു. ഈ കൊച്ചു മിടുക്കന്മാർക്ക് അവധി കൊടുത്ത കലക്ടർക്കു നന്ദി പറയുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇതു കണ്ടവർ ഒന്നടങ്കം.
നിർമാണം പൂർത്തിയായതോടെ ഡാമിൽ വെള്ളം നിറച്ച് ഷട്ടറുകൾ ഓരോന്നായി തുറന്നതും വെള്ളം കുതിച്ച് ഒഴുകാൻ തുടങ്ങി. കയ്യിൽ വെള്ളമെടുത്തു കുടഞ്ഞ് മഴയൊരുക്കാനും ഒരു മിടുക്കൻ മറന്നില്ല. ഡാമിന്റെ എല്ലാ ജോലിയും കഴിയുന്നതു വരെ എല്ലാ കുട്ടികളും ഒരേ മനസ്സോടെയാണ് ജോലി ചെയ്തത്.
അവധി കിട്ടിയപ്പോൾ സ്മാർട്ട് ഫോണും ടാബും കംപ്യൂട്ടർ ഗെയിമും മടക്കി വെച്ച് പ്രകൃതിയിലേക്കു മടങ്ങിയ പുതു തലമുറയിലെ ഊർജമുള്ള ബാല്യങ്ങൾക്ക് ബിഗ് സല്യൂട്ട് പറയുന്നു സോഷ്യൽ മീഡിയ.
ഡാമിന്റെ നിർമാണ ഘട്ടങ്ങൾ പകർത്തി പ്രോത്സാഹനവുമായെത്തിയ ചെറുപ്പക്കാരനാണ് വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ക്രിയേറ്റിവിറ്റിയുടെ അങ്ങേയറ്റമെന്നാണ് ഈ മിടുക്കന്മാരുടെ പ്രവൃത്തിയെ വിഡിയോയിൽ വിശേഷിപ്പിക്കുന്നത്.