ആഹാരം കഴിക്കാൻ മടിയുള്ള വാശിക്കുടുക്കയ്ക്ക് കളർഫുൾ ഇഡ്ഡലികൾ
ലക്ഷ്മി നാരായണൻ
കുട്ടികൾ ഉള്ള വീട്ടിൽ കേൾക്കുന്ന സ്ഥിരം പരാതിയാണ് അവർ ഒന്നും കഴിക്കുന്നില്ല എന്നത്. വിശപ്പ് എന്ന വികാരം കുട്ടികൾ സ്വയം മനസിലാക്കാനും കൃത്യസമയത്ത് ഭക്ഷണം കഴിക്കണം എന്ന ചിന്ത വരാനും കുറഞ്ഞത് 8 വയസെങ്കിലും എടുക്കും. എങ്കിലും സ്ഥിരം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കുട്ടികളെ എളുപ്പത്തിൽ മടുപ്പിക്കും. മാത്രമല്ല, വൈറ്റമിനുകളാൽ സമ്പന്നമായ പച്ചക്കറികൾ പഴവർഗങ്ങൾ എന്നിവ കഴിക്കാൻ കുട്ടികൾ വിമുഖത കാണിക്കുന്നത് പതിവാണ്.
ഇത്തരം അവസ്ഥയിൽ കുട്ടികളോട് ദേഷ്യപ്പെടുന്നതുകൊണ്ടോ, പേടിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുന്നതുകൊണ്ടോ കാര്യമില്ല. പകരം ബുദ്ധിപരമായി അവരുടെ ഭക്ഷണം പുനഃക്രമീകരിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഭക്ഷണമേ വേണ്ട എന്ന് വാശിപിടിക്കുന്ന കുസൃതിക്കുടുക്കകളെ ഭക്ഷണപ്രിയരാക്കാൻ സഹായിക്കുന്ന ഒരു വിഭവമാണ് വെജിറ്റബിൾ ഇഡ്ഡലികൾ.
സാധാരണഗതിയിൽ കുട്ടികൾക്ക് അല്പം പുളിയുള്ള ഈ ഇഡ്ഡലി അത്രയ്ക്ക് ഇഷ്ടമല്ല. എന്നാൽ അരിയും ഉഴുന്നും ചേർത്ത് ആവിയിൽ വേവിക്കുന്ന ഈ വിഭവം വളരെ ആരോഗ്യകരമായ ഒന്നാണ്. കുട്ടികളെ ഇഡലി കഴിപ്പിക്കുന്നതിനുള്ള എളുപ്പവഴി അത് കളർഫുൾ ആക്കുക എന്നതാണ്. പൊതുവെ നിറമുള്ള ഭക്ഷണങ്ങളോട് കുട്ടികൾക്ക് താല്പര്യം കൂടുതലായിരിക്കും. അതിനാൽ വൈറ്റമിനുകളാൽ സമ്പന്നമായ പച്ചക്കറികൾ ചേർത്ത് ഇഡലികൾ ഉണ്ടാക്കാം. പച്ചക്കറി കഴിക്കാത്ത വിഷമവും വേണ്ട, വൈറ്റമിനുകൾ ലഭിക്കുകയും ചെയ്യും
കാരറ്റ് ഇഡ്ഡലി
വൈറ്റമിൻ എ കൊണ്ട് സമ്പന്നമാണ് കാരറ്റ്. കണ്ണുകളുടെ കാഴ്ചശക്തി വർധിപ്പിക്കുന്നതിൽ കാരറ്റിനുള്ള പങ്ക് വളരെ വലുതാണ്. കാരറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഭൂരിഭാഗം കുട്ടികളും. ഇങ്ങനെയുള്ളവർക്ക് കാരറ്റ് ഇഡ്ഡലി ഉണ്ടാക്കി നൽകാം. കാരറ്റ് ഉപ്പ് ചേർത്ത് പുഴുങ്ങി മിക്സിയിൽ അടിച്ച ശേഷം ഇഡലി മാവിൽ ചേർത്ത് ഇഡ്ഡലിയാക്കി വേവിച്ചെടുക്കുക. ഓറഞ്ച് നിറത്തിലെ ഇഡ്ഡലി കുട്ടികൾക്ക് ഇഷ്ടമാകും. ഇപ്പിനു പകരം പഞ്ചസാര ചേർത്ത് സ്വീറ്റ് ആയ ഇഡ്ഡലിയും തയ്യാറാക്കാം
ബീറ്റ്‌റൂട്ട് ഇഡ്ഡലി
ബീറ്റ്റൂട്ട് കഴിക്കാൻ മടിയാണെങ്കിലും അതിന്റെ നിറം കുട്ടികൾക്ക് ഇഷ്ടമാണ്. അയൺ, മെലാനിൻ എന്നിവകൊണ്ട് സമ്പന്നമായ ബീറ്റ്‌റൂട്ടും കാരറ്റ് ഇടയ്‌ക്ക് സമാനമായി ബീറ്റ്‌റൂട്ട് ഇഡ്ഡലി ഉണ്ടാക്കാം. ബീറ്റ്‌റൂട്ട് ഉപ്പ് ചേർത്ത് പുഴുങ്ങി മിക്സിയിൽ അടിച്ച ശേഷം ഇഡ്ഡലി മാവിൽ ചേർത്ത് ഇഡലിയാക്കി വേവിച്ചെടുക്കുക. കാരറ്റും ബീറ്റ്‌റൂട്ടും സമാസമം ചേർത്തെടുത്തൽ ഇളം ചുവപ്പ് നിറത്തിൽ ഇഡ്ഡലി ലഭിക്കും.
പൊടി ഇഡ്ഡലി
ചില കുട്ടികൾക്ക് ഇഡ്ഡലി കറി കൂട്ടി കഴിക്കാൻ മടിയാണ്. വേറെ ചിലർക്കാകട്ടെ വെള്ള നിറത്തിലുള്ള ഇഡ്ഡലി കാണുമ്പോഴേ വേണ്ടെന്ന് പറയും. അത്തരക്കാരെ മെരുക്കാൻ ആണ് പൊടി ഇഡ്ഡലി. എരിവില്ലാത്ത ചമ്മന്തി പൊടി എണ്ണയിൽ ചാലിച്ച് ഇഡ്ഡലിയിൽ വിവിധ ഡിസൈനുകളിൽ പുരട്ടാം. കാഴ്ചയിലുള്ള പുതുമയാണ് കുഞ്ഞുങ്ങളെ ഭക്ഷണത്തോട് അടുപ്പിക്കുന്നത്. അതിനാൽ പൊടി ഇഡ്ഡലി ധൈര്യമായി പരീക്ഷിക്കാവുന്നതാണ്
വ്യത്യസ്തതക്കായി നട്ട്സ് ഇട്ടും ഇഡ്ഡലി തയ്യാറാക്കാം. വലിയ ഇഡ്ഡലി തട്ടിനേക്കാൾ ചെറിയ കുഴികളുള്ള കുഞ്ഞു ഇഡ്ഡലിത്തട്ടിൽ ഉണ്ടാക്കിയാൽ അത് കുട്ടികൾ ഏറെ ആസ്വദിച്ചു കഴിക്കും.