കുട്ടിയുടെ ഷോപ്പിങ് ഭ്രമം അതിരു വിടുമ്പോള്‍!

ഡോ. സി. ജെ. ജോൺ

പതിനാലു വയസ്സുള്ള മകളെയുംകൂട്ടി ഷോപ്പിങ് മാളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ്. കണ്ണിൽ കാണുന്നതൊക്കെ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു വലിയ ശല്യമാണ്. വഴങ്ങിയില്ലെങ്കിൽ ബഹളമുണ്ടാക്കും. പൊതുസ്ഥലമാണെന്ന നോട്ടമൊന്നുമില്ല. അതുകൊണ്ടു വഴങ്ങും. വാങ്ങിച്ചുകൊടുക്കുന്ന സാധനങ്ങളോടു കുറച്ചു ദിവസമേ താൽപര്യം കാണിക്കൂ. ഷോപ്പിങ്ങിനു പോകാൻ വലിയ താൽപര്യമാണ്. പഠനത്തിൽ കുഴപ്പമില്ല. വേറെ ഒന്നിനും നിർബന്ധബുദ്ധി കാട്ടില്ല. എന്താണു ചെയ്യേണ്ടത്?

എൽ.വി.എസ്. നാലാഞ്ചിറ.

ധാരാളിത്തം ഒഴിവാക്കി ആവശ്യമുള്ളതുമാത്രം വാങ്ങുകയെന്നതാണു മാതൃകാപരമായ ജീവിതശൈലി. വരവിനപ്പുറം ചെലവുചെയ്യുന്ന പല മാതാപിതാക്കളും ഇതു കുട്ടികളെ ചെറുപ്പകാലം മുതൽ ശീലിപ്പിക്കാൻ മറന്നുപോകുന്നു. കണ്ണിൽകാണുന്നതൊക്കെ വാങ്ങണമെന്ന ഇവളുടെ ആവേശം അങ്ങനെയുണ്ടായതാണോയെന്നറിയില്ല. ഷോപ്പിങ് മാളിൽ പോകുമ്പോഴാണ് ഇവള്‍ ഈ പെരുമാറ്റ വൈകല്യം പുറത്തെടുക്കുന്നത്. കണ്ണാടിക്കൂട്ടിലെ കൗതുകവസ്തുക്കൾ കണ്ട് ആസ്വദിക്കുന്ന വിൻഡോ ഷോപ്പിങ്ങായി ഇതിനെ പരിമിതപ്പെടുത്താമായിരുന്നു. എന്നാലിവൾക്ക് ഉൾപ്രേരണകളെ നിയന്ത്രിക്കാനാകുന്നില്ല. ആവശ്യമുണ്ടോയെന്നും അതുപോലൊരു ചെലവു മാതാപിതാക്കളെക്കൊണ്ടു ചെയ്യിക്കണമോയെന്നുമുള്ള വിവേകമില്ലാതെ, വാങ്ങിയേ തീരൂവെന്നൊരു വാശിയിലേക്കു വഴുതിവീഴുകയാണ്.

പറ്റില്ലെന്നു പറഞ്ഞാൽ ദേഷ്യമായി, കലഹമായി. മറ്റുള്ളവർ കണ്ടാലുള്ള നാണക്കേടും ഓർമിക്കുന്നില്ല. മോഹം അത്ര തീവ്രമാണ്. മാനക്കേടു വിചാരിച്ചു പലപ്പോഴും മാതാപിതാക്കൾ കീഴടങ്ങും. ചോദിക്കുന്നതു വാങ്ങിക്കൊടുക്കും. വാങ്ങിയ സാധനത്തിനോടുള്ള കൗതുകം കുറച്ചു ദിവസം കൊണ്ട് അവസാനിക്കുന്നുവെന്ന് എഴുതിയിരിക്കുന്നു. അതിന്റെയർഥം ആവേശം വാങ്ങലിൽ മാത്രമാണെന്നാണ്. ഒരുപക്ഷേ, ഒരു നിയന്ത്രണമില്ലാത്ത വാങ്ങൽ ആവേശം അഥവാ ഷോപ്പാഹോളിസത്തിന്റെ (Shopaholic) ആദ്യ സൂചനകളാകാമിത്.

ഈ ബഹളം ആരൊക്കെ കണ്ടാലും വഴങ്ങില്ലെന്ന ശക്തമായ നിലപാടെടുക്കണം. കണ്ടാൽ നാണക്കേട് അവൾക്കു മാത്രമാണെന്നു ബോധ്യപ്പെടട്ടെ. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ടു കാര്യമില്ല. വാങ്ങലുകളിൽ പാലിക്കേണ്ട സാമ്പത്തിക യുക്തികളെയും ഈ പെരുമാറ്റത്തിലെ അപാകതയെക്കുറിച്ചുമൊക്കെ കാര്യകാരണ സഹിതം നേരത്തേതന്നെ ബോധ്യപ്പെടുത്തണം. അതിരുവിടുന്ന വാങ്ങൽ ഭ്രമത്തെ അതിജീവിക്കാനുള്ള പാഠങ്ങളും നൽകേണ്ടിവരും. ഷോപ്പിങ്ങിനു പോകുമ്പോൾ അവൾക്കുവേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് മുൻകൂട്ടി തയാറാക്കട്ടെ. കാരണങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾക്കു വെട്ടിമാറ്റലുകൾ നടപ്പിലാക്കാം.

ആ ലിസ്റ്റിൽ നിന്നു വ്യതിചലിച്ചു മറ്റൊന്നും വാങ്ങില്ലെന്ന നിബന്ധനയോടെ കൂടെക്കൊണ്ടുപോകാം. അതിൽ വിട്ടുവീഴ്ച ചെയ്യാനും പാടില്ല. വാശിയും ബഹളവും കാട്ടിയാൽ അടുത്ത പ്രാവശ്യം ഷോപ്പിങ്ങിൽനിന്ന് ഒഴിവാക്കിയൊരു ചെറിയ ശിക്ഷയാകാം. അതുവേണം, ഇതുവേണമെന്നു മുറവിളി കൂട്ടുന്ന പെരുമാറ്റത്തെ ദുർബലപ്പെടുത്തുകയും സ്വയംനിയന്ത്രണം ഉറപ്പാക്കുകയുമാണു ലക്ഷ്യം. അതു ചെയ്തില്ലെങ്കിൽ വളർന്നുവരുമ്പോൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ഒരു വൈകല്യത്തിലേക്കു പോകാം. ഓൺലൈൻ, ക്രെഡിറ്റ് കാർഡ് വാങ്ങലുകളുടെ ലോകത്തു നിയന്ത്രണങ്ങൾ ഇല്ലാതെ ഷോപ്പാഹോളിക്കായാൽ കുത്തുപാള എടുത്തതുതന്നെ!

മകളെ ഷോപ്പിങ് ചിട്ടകൾ പഠിപ്പിക്കുമ്പോൾ മാതൃകയാകാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. കൃത്യമായ ലിസ്റ്റിൽ ഒതുങ്ങി വാങ്ങുന്ന ശൈലി കാട്ടിക്കൊടുക്കണം. ആന കരിമ്പിൽകാട്ടിൽ കയറിയതുപോലെ കാണുന്നതൊക്കെ വലിച്ചുവാരി ഷോപ്പിങ് ട്രോളിയിലിട്ടു നെട്ടോട്ടം നടത്തുന്ന മാതാപിതാക്കളുടെ മാർഗനിർദേശം കുട്ടികൾ എങ്ങനെ കേൾക്കാനാണ്?