മാതാപിതാക്കൾ നാലുവിധം; നിങ്ങൾ ഏത് വിഭാഗത്തിൽപ്പെടും?
വികൃതിക്കാരും വായാടികളും കുസൃതിക്കുടുക്കകളും മൗനികളും തല്ലുകൊള്ളികളുമൊക്കെയായി കുട്ടികൾ പലവിധത്തിൽ ഉണ്ടെന്ന പോലെത്തന്നെയാണ് മാതാപിതാക്കളുടെ കാര്യവും. നാലുതരം മാതാപിതാക്കളാണ് ഉള്ളത്. പേരന്റിംഗ് രീതികളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ നാലായി തരം തിരിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ കുട്ടികളോടുള്ള പെരുമാറ്റം എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും എല്ലാം രൂപീകരിക്കപ്പെടുന്നത്. എന്നും മാതാപിതാക്കളും കുട്ടികളും തമ്മിൽ ഒരു ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്.
1. അതോറിറ്റേറിയൻ പേരന്റ്
2. അതോറിറ്റേറ്റിവ് പേരന്റ്
3 പെർമിസീവ് പേരന്റ്
4 അൺ ഇൻവോൾവ്ഡ് പേരന്റ്
എന്നിങ്ങനെയാണ് മാതാപിതാക്കളെ പേരന്റിംഗിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളും ഒന്നിനൊന്നു വ്യത്യസ്തമാണ്.
അതോറിറ്റേറിയൻ പേരന്റ്
കുട്ടികൾ ഞാൻ പറയുന്നത് മാത്രം അനുസരിക്കണം. ഞാൻ പറയുന്നതേ അനുസരിക്കാവൂ എന്ന വാശിയുള്ളതരം പേരന്റ് ആണ് അതോറിറ്റേറിയൻ പേരന്റ്. കുട്ടികൾക്കായി മുതിർന്നവർക്ക് തുല്യമായ നിയമങ്ങളും ചിട്ടകളും കൊണ്ട് വരിക, തന്റെ ആഗ്രഹത്തിനും ചിന്തകൾക്കും മാത്രം അനുസൃതമായി കുട്ടികളെ വളർത്തുക. ചെയ്യുന്ന തെറ്റുകൾക്ക് കടുത്ത ശിക്ഷ നൽകുക തുടങ്ങി, കുട്ടികളുമായുള്ള നല്ലബന്ധം കളയുന്ന രീതിയിൽ പെരുമാറുന്ന പേരന്റ്സ് ആണ് ഇക്കൂട്ടർ.ഇവർക്ക് കുട്ടികളെ ഇഷ്ടമില്ല എന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. എന്നാൽ ഇത്തരം പേരന്റിംഗ് കൊണ്ട് കുട്ടി മാതാപിതാക്കളിൽ നിന്നും അകലുകയാണ് ചെയ്യുന്നത്. അവന്റെ വിഷമങ്ങളും ആവശ്യങ്ങളും മാതാപിതാക്കളോട് പറയാൻ അവൻ മടിക്കുന്നു. അവനിൽ വളരുംതോറും മാതാപിതാക്കളോട് വാശി നിറയുന്നു. സ്ഫടികം സിനിമയിലെ ചാക്കോമാഷിന് പോലെയുള്ള ഈ പേരന്റിംഗ് രീതി വളരെ ദുർഘടം നിറഞ്ഞതാണ്.
അതോറിറ്റേറ്റിവ് പേരന്റ്
കുട്ടികളുടെ അടുത്ത സുഹൃത്തായി നിന്ന് അവരോടു ചങ്ങാത്തം കൂടുന്ന തരം മാതാപിതാക്കളാണ് അതോറിറ്റേറ്റിവ് പേരന്റ് . ഇത്തരം മാതാപിതാക്കൾ കുട്ടികളുടെ അടുത്ത സുഹൃത്തായിരിക്കും . കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇക്കൂട്ടർ നൽകുന്നു. ഒപ്പം കുട്ടികളെ നല്ല രീതികൾ ആയാസം കൂടാതെ അഭ്യസിപ്പിക്കാനും അവർക്കാകുന്നു. ആയാസരഹിതമായ പേരന്റിംഗ് എന്നാണ് പൊതുവെ അതോറിറ്റേറ്റിവ് പേരന്റിംഗ് അറിയപ്പെടുന്നത്.
പെർമിസീവ് പേരന്റ്
കുട്ടികളെ കുട്ടികളുടെ വഴിക്ക് വിടുന്നതരം പേരന്റിംഗ് ആണ് പെർമിസീവ് പേരന്റ് . അവരെ അടക്കി നിർത്തണോ ദേഷ്യപ്പെടാനോ ചിട്ടകൾ പഠിപ്പിക്കണോ ഒന്നും പെർമിസീവ് പേരന്റ് തയ്യാറാകുന്നില്ല. കുട്ടികൾക്ക് അവരവരുടെ രീതിയുണ്ട് എന്നും അവർ അത് പിന്തുടരട്ടെ എന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.പഠിത്തത്തിൽ മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ ശിക്ഷിക്കും എന്ന പേടിയൊന്നും ഇത്തരം മാതാപിതാക്കളുടെ മക്കൾക്ക് ആവശ്യമില്ല. കുട്ടിത്വത്തെയും കുട്ടികളുടെ വ്യക്തിത്വത്തെയും പരമാവധി അംഗീകരിക്കുന്നവരാണിവർ
അൺ ഇൻവോൾവ്ഡ് പേരന്റ്
അതോറിറ്റേറിയൻ പേരന്റിംഗ് പോലെ തന്നെ പ്രശ്നമാണ് അൺ ഇൻവോൾവ്ഡ് പേരന്റിംഗ്. കുട്ടികളുടെ കാര്യങ്ങളിൽ യാതൊരുവിധ താല്പര്യവും ഇത്തരക്കാർ കാണിക്കുന്നില്ല. കുട്ടികൾക്ക് ഏറ്റവും കൂടുതൽ കരുതലും പ്രോത്സാഹനവും ഒക്കെ ലഭിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ് . എന്നാൽ അൺ ഇൻവോൾവ്ഡ് പേരന്റ്സ് ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്. കുട്ടികളുടെ നേട്ടങ്ങളിൽ പോലും അവർക്ക് ആവശ്യമായ പരിഗണന നൽകുന്നില്ല. ജോലി, ധന സമ്പാദനം തുടങ്ങിയ കാര്യങ്ങളിലായിക്കും ഇക്കൂട്ടരുടെ പ്രധാന ശ്രദ്ധ.ഇത്തരം മാതാപിതാക്കളുടെ കുട്ടികൾ ഭാവിയിൽ അവരിൽ നിന്നും മാനസികമായി അകലുന്നു.