കൊറോണക്കാലത്തെ

കൊറോണക്കാലത്തെ പേരന്‍റിംഗ്; ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്‍

ഡോ. പിനാകി ചക്രവര്‍ത്തി

കോവിഡ് - 19 നെയും ദുരിതങ്ങളെയും കുറിച്ച് നിരന്തരം കേള്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യം കുട്ടികള്‍ക്ക് അമിതമായ ഉത്കണ്ഠയും സങ്കടവും മാനസിക പ്രയാസവുമൊക്കെ ഉണ്ടാക്കിയേക്കാം. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ അറിയുന്നതും മുതിര്‍ന്നവര്‍ പറയുന്നതും കുട്ടികള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാവണമെന്നില്ല എന്നതും അവരുടെ ആശങ്ക വര്‍ധിക്കാന്‍ കാരണമാകാം. കൊറോണക്കാലത്ത്, പേരന്‍റിംഗില്‍ ശ്രദ്ധിക്കേണ്ട സുപ്രധാനകാര്യങ്ങളെപ്പറ്റി യുനിസെഫ് കേരള - തമിഴ്നാട് ഓഫിസ് സോഷ്യല്‍ പോളിസി ചീഫ് ഡോ. പിനാകി ചക്രവര്‍ത്തി സംസാരിക്കുന്നു.

നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് എങ്ങനെ കുട്ടികളോട് സംസാരിച്ചു തുടങ്ങാം ?
സുരക്ഷിതമായ അന്തരീക്ഷത്തില്‍ കുട്ടിക്ക് നിങ്ങളോട് തുറന്ന് സംസാരിക്കാനാവുമെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിത്രങ്ങളും കഥകളുമൊക്കെ ഇത്തരം സംഭാഷണം തുടങ്ങാന്‍ സഹായിക്കും. കൊറോണയെക്കുറിച്ചും നിലവിലുള്ള അവസ്ഥയെ പറ്റിയും കുട്ടിക്ക് എത്രമാത്രം അറിയാമെന്ന് ലളിതമായ ചോദ്യങ്ങളിലൂടെ മനസ്സിലാക്കി അതിന്‍റെ തുടര്‍ച്ചയായി സംസാരിച്ച് തുടങ്ങാം. കൊറോണയെ പറ്റി മനസ്സിലാകാത്ത ചെറിയ കുട്ടികളാണെങ്കില്‍ അവരോട് ഇതേക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്.

ഏതു രീതിയിലാവണം കുട്ടികളോട് കൊറോണയെക്കുറിച്ച് സംസാരിക്കേണ്ടത് ?
ലോകത്ത് നടക്കുന്ന കാര്യങ്ങളെപറ്റി സത്യസന്ധമായ വിവരങ്ങള്‍ അറിയാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അവരെ ഭയപ്പെടുത്താത്ത വിധത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുക എന്നത് മുതിര്‍ന്നവരുടെ കടമയാണ്. ഇതിനായി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഭാഷ ഉപയോഗിക്കണം. കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ അറിയില്ലെങ്കില്‍ മറുപടിയായി ഊഹാപോഹങ്ങള്‍ പറയരുത്. ഉത്തരങ്ങള്‍ കുട്ടിയുമൊത്ത് അന്വേഷിച്ച് കണ്ടെത്താനുള്ള അവസരമായി കൂടി വേണം ഇതിനെ കാണാന്‍.


കൊറോണയെക്കുറിച്ച് കുട്ടിയുമായി നടത്തുന്ന ഇത്തരം സംഭാഷണങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ക്കാവണം മുന്‍ഗണന?
കൊറോണയില്‍ നിന്നും മറ്റ് അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ആരോഗ്യകരമായ ശുചിത്വ -ശ്വസന ശീലങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സംസാരിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുവാന്‍ പരിശീലിപ്പിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത് ഇടപഴകുന്നത് ആരോഗ്യകരമല്ലെന്നും പനിയോ ചുമയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കില്‍ ഒട്ടും താമസിക്കാതെ മാതാപിതാക്കളെ അറിയിക്കണമെന്നും അവരോട് ആവശ്യപ്പെടുക. ഇനി, കുട്ടിയ്ക്ക് രോഗബാധയുണ്ടായാല്‍ അവര്‍ വീട്ടിലോ ആശുപത്രിയിലോ കഴിയുന്നതാണ് അവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും നല്ലതെന്ന് മനസ്സിലാക്കിക്കൊടുക്കുക.

കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ കുട്ടികളോട് എന്തൊക്കെ പറഞ്ഞുകൊടുക്കാം?
പ്രദേശത്ത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാല്‍ കുട്ടിയ്ക്ക് അസുഖം ബാധിക്കാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞ് ധൈര്യപ്പെടുത്താം. അസുഖം ബാധിക്കുന്ന എല്ലാവരുടേയും അവസ്ഥ ഗുരുതരമാകില്ലെന്നും കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും അസുഖം വരാതെ നോക്കാന്‍ ഒരുപാടുപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുക.

കുട്ടികള്‍ക്ക് കോവിഡ് സംബന്ധിച്ച് പേടിയും ആശങ്കയുമുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാനാവും ?
കുട്ടികള്‍ക്ക് ഇത്തരം ഉത്കണ്ഠയുണ്ടോയെന്ന് സംസാരത്തിനിടെയുള്ള അവരുടെ ശരീരഭാഷ, ശ്വസിക്കുന്നതിലെ ആയാസം, സംസാര രീതി തുടങ്ങിയവയിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്നത് പൂര്‍ണ്ണമായും ശ്രദ്ധിക്കുന്നതിലൂടെ നിങ്ങള്‍ അവരെ കേള്‍ക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക. ആശങ്കയോ പേടിയോ തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും അത് തങ്ങളോടോ അദ്ധ്യാപകരോടോ പങ്കുവെയ്ക്കാമെന്ന് കുട്ടികളോട് പറയുക. അവര്‍ക്ക് പേടി പങ്കുവെയ്ക്കുമ്പോള്‍ നിങ്ങള്‍ കൂടെയുണ്ടെന്ന് അവരെ ഓര്‍മ്മിപ്പിക്കുക.

ലോക്ക്ഡൗണ്‍ സമയത്ത് കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും എങ്ങനെ പകരാനാകും?
കഴിയുമ്പോഴൊക്കെ അവരുടെ ഒപ്പം സമയം പങ്കിടുകയും കളിക്കുകയും ചെയ്യാം. സമയക്രമമനുസരിച്ച് കുട്ടികള്‍ ദിനചര്യകള്‍ പരമാവധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍, ഇപ്പോഴത്തെ മാറിയ സാഹചര്യങ്ങളില്‍ ദിനചര്യകള്‍ പുതുതായി ക്രമപ്പെടുത്തുക. ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കലും പ്രയാസകരവും വിരസവുമാണെങ്കിലും നിയമങ്ങള്‍ പാലിക്കുന്നത് എല്ലാവരുടേയും സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുക.

കുട്ടികള്‍ കൂടുതലായി ടിവിയും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്ന ഈ സമയത്ത് എന്തൊക്കെയാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ?
ഇതു സംബന്ധിച്ച് പൊതുവേ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ മുന്‍ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പു വരുത്തുക. മാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിലുമൊക്കയായി കൊറോണ സംബന്ധിച്ച വിവരണങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും കുട്ടികള്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് അവര്‍ അപകടത്തിലാണ് എന്ന തോന്നലുണ്ടായേക്കാം. മാധ്യമങ്ങളില്‍ കാണുന്നതും യഥാര്‍ത്ഥത്തിലുള്ള അവസ്ഥയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാതെയും വന്നേക്കാം. കുട്ടികളോട് സംസാരിച്ച് ഇത്തരം അപകട ഭീതി മാറ്റിയെടുക്കുക. ഇന്‍റര്‍നെറ്റിലുള്ള എല്ലാ വിവരങ്ങളും കൃത്യമല്ലെന്നും വിദഗ്ദരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടടതെന്നും പറയുക. യുനിസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയവയുടെ വെബ്സൈറ്റുകള്‍ പോലുള്ള ആധികാരിക സ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അവരെ പഠിപ്പിക്കുക.

ആരോഗ്യ ശുചിത്വ ശീലങ്ങളല്ലാതെ മറ്റ് എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കൊറോണക്കാലം ഉപയോഗിക്കാം?
കൊറോണപോലെയുള്ള രോഗങ്ങള്‍ വരുന്നത് ആളുകളുടെ നിറമോ ഭാഷയോ മതമോ പ്രദേശമോ അടിസ്ഥാനമാക്കിയല്ല എന്ന് കുട്ടിയെ മനസ്സിലാക്കി കൊടുക്കുക. രോഗവ്യാപനത്തിന്‍റെ പേരില്‍ ആരെയും ഒറ്റപ്പെടുത്തരുതെന്ന് വ്യക്തമാക്കജശ. സ്നേഹത്തിന്‍റെയും ദയയുടെയും കരുതലിന്‍റെയും സഹകരണത്തിന്‍റെയും പ്രധാന്യം പ്രത്യേകമായി ഈ സമയത്ത് കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ രോഗകാലത്ത്, നമ്മെ സുരക്ഷിതരാക്കാന്‍ രാപകല്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ ഒട്ടനേകം മനുഷ്യരുടെ സേവനത്തിന്‍റെയും ത്യാഗത്തിന്‍റെയും മാതൃകകളും കുട്ടികള്‍ അറിയട്ടെ.

മാതാപിതാക്കളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങള്‍?
മാതാപിതാക്കളും രക്ഷിതാക്കളും സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുന്നുണ്ടെങ്കിലേ അവര്‍ക്ക് കുട്ടികളെ സഹായിക്കാന്‍ കഴിയൂ. അവരുടെ ശാന്തതയും സംയമനവും കുട്ടികളുടെ മാനസിക ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. കോറോണ സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ തോന്നിയാല്‍ സുഹൃത്തുക്കളോടോ പരിചയക്കാരോടോ സംസാരിക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലൂടെ څറിലാക്സ്ഡ്چ ആവുക. അവനവനുവേണ്ടി കുറച്ചു സമയം കണ്ടെത്താന്‍ മാതാപിതാക്കളും രക്ഷിതാക്കളും മറക്കരുത്.