'ഒരു കുഞ്ഞും ഇങ്ങനെ മരിക്കാതിരിക്കട്ടെ'; വിഡിയോ
കുഞ്ഞു മക്കളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്ത് ചെയ്യണമെന്ന് പല മാതാപിതാക്കൾക്കും അറിയില്ല. അത്തരം സന്ദർഭങ്ങളിൽ സംയമനത്തോടെ ചെയ്യാവുന്ന പ്രാഥമിക ശുശ്രൂഷയെ കുറിച്ചുള്ള ഒരു വിഡിയോയാണിത്. ഡോ. ഷിനു ശ്യാമളൻ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിഡിയോ വളരെ ഉപകാരപ്രദമാണ്. റംബുട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ച കുഞ്ഞും കഴിക്കാൻ നൽകിയ അവൽ തൊണ്ടയിൽ കുടുങ്ങി മരണത്തിനു കീഴടങ്ങിയ കുഞ്ഞും വേദനിപ്പിക്കുന്ന കാഴ്ചകളായി നമുക്ക് മുന്നിലുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. കുട്ടികൾ ഉള്ളവർ മാത്രം അറിഞ്ഞിരിക്കേണ്ട ഒന്നല്ല ഇതെന്നും ഡോക്ടർ പറയുന്നു. ആർക്കുവേണമെങ്കിലും ഇത്തരം സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വരാം. ഇതുപോലെയുള്ള അവസരങ്ങളിൽ കുഞ്ഞ് ചുമയ്ക്കുകയോ ഛർദ്ദിക്കുകയോ ചെയ്താൽ അവരുടെ വായ ഒരിക്കലും മൂടിപ്പിടിക്കുകയോ അവരെ അതിൽനിന്നും പിൻതിരിപ്പിക്കുകയോ ചെയ്യാൻ പാടില്ല.
കൈക്കുഞ്ഞുങ്ങളുടെ പ്രത്യേകിച്ച് രണ്ട് വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങി അവരേയും കൊണ്ട് ആശുപത്രികളിലേക്കോടിയ അനുഭവവും ചില അമ്മമാർക്കെങ്കിലും പങ്കുവയ്ക്കാനുണ്ടാകും.
അമ്മിഞ്ഞപ്പാൽ, കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കുറുക്ക്, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ തൊണ്ടയിൽ കുടുങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇഴഞ്ഞു നടക്കുന്ന പ്രായത്തിൽ എന്തെങ്കിലും വായ്ക്കകത്തേക്ക് എടുത്തിടുന്ന കുഞ്ഞുങ്ങളും കുറവല്ല. ഈ സാഹചര്യങ്ങളിൽ മാതാപിതാക്കൾ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷയെക്കുറിച്ചുള്ള ഈ വിഡിയോ കാണേണ്ടതു തന്നെയാണ്.