പാഠപുസ്തകം മാത്രമല്ല, മക്കളെ പഠിപ്പിക്കാം നല്ല ശീലങ്ങൾ Smartphone,  Speech Delays, Young Kids, Parents, Manorama Online

വാശി മാറ്റാൻ സ്മാർട് ഫോൺ, കുട്ടികളിലെത്തുന്നത് ലഹരിയുടെ ആദ്യ പാഠം: ഡോ. സൈലേഷ്യ

പതിനാറ് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു കാരണവശാലും സ്മാർട് ഫോണ്‍ കളിക്കാൻ നൽകരുത്. പല തവണ പറഞ്ഞു കേട്ടതാണെങ്കിലും മിക്ക മാതാപിതാക്കളും സൗകര്യപൂർവം ഇത് അവഗണിക്കുകയാണ് പതിവ്. എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. കുട്ടികളുടെ കൈകളിലേയ്ക്ക് സ്മാർട്ഫോണുകൾ നൽകുമ്പോൾ ലഹരിയുടെ ആദ്യപാഠമാണ് നാം അവരെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് നമുക്കെല്ലാം അറിയാം. എങ്കിലും എങ്ങനെയെങ്കിലും അൽപ സമയം അടങ്ങിയിരിക്കട്ടെ എന്ന മനോഭാവമാണ് മിക്കവർക്കും. മൊബൈൽ ഉപയോഗം കുട്ടികളെ എത്രമാത്രം ബാധിക്കുന്നുവെന്ന് പറഞ്ഞു തരുന്ന ഡോക്ടർ സൈലേഷ്യയുടെ ഈ വിഡിയോ ഓരോ മാതാപിക്കളും കുട്ടികളും കണ്ടിരിക്കണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ സൈലേഷ്യ പറയുന്ന ഓരോ വാക്കുകളും ശ്രദ്ധേയമാണ്.

ഡോക്ടർ സൈലേഷ്യയുടെ വിഡിയോയിലെ പ്രധാന ഭാഗങ്ങൾ.

കടുത്ത റേഡിയേഷൻ– കുട്ടികളുടെ തലച്ചോറിന്റെ സ്തരങ്ങളും കോശങ്ങളും അസ്ഥികളുമെല്ലാം മുതിർന്നവരുടേതിനേക്കാള്‍ കട്ടികുറഞ്ഞതായതിനാൽ, സെൽഫോൺ റേഡിയേഷൻ മുതിർന്നവരേക്കാൾ 60% കുട്ടികളെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരമാണിത്. ഒരു കഥ വായിച്ചുതീരും, ഒരു സിനിമ കണ്ടുതീരും അല്ലെങ്കിൽ പന്തുകളിച്ചുതീരുമ്പോൾ കുട്ടികൾ വീട്ടിലേയ്ക്കു മടങ്ങിപ്പോകും. എന്നാൽ ഇന്റനെറ്റിലെ വിഡിയോയും കളികളും ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടുതൽആഴത്തിൽ പോകുകയും. കുട്ടികൾ ആ വലയിൽ കുടുങ്ങുകയും ചെയ്യുന്നു.

തലച്ചോറിന്റെ ഉത്തേജനം – വെറും രണ്ടു മിനുറ്റത്തെ ഇന്റർനെറ്റ് ഉപയോഗം തുടർന്നുള്ള ഒരു മണിക്കൂർ നേരത്തേയ്ക്ക് തലച്ചോറിലെ ഇലക്ട്രിക്കൽ ആക്റ്റിവിറ്റിയെ ഉത്തേജിപ്പിക്കും. തൽഫലമായി ഈ സമയത്ത് കോണ്‍സന്‍ട്രേറ്റ് ചെയ്യാനുള്ള സാധ്യത കുറയുന്നു തൽഫലമായി കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആകുന്നു. ഇവ കുട്ടികളിൽ പഠനത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. കുട്ടികൾ ഈ കളികളിൽ ഹരം പിടിക്കുന്നു. ഇത് വീണ്ടും വീണ്ടും ആവർത്തിക്കാനായി മനസ്സ് കുതിക്കുന്നു.

കുട്ടികളിൽ മോട്ടിവേഷനും കോണ്‍സന്‍ട്രേഷനും കുറയാൻ ഇവ കാരണമാകുന്നു. ഇതു മൂലം അറിവും ജീവിതവിജയവും കൈവരിക്കാനുള്ള കുഞ്ഞുങ്ങളുടെ സാധ്യത തീർത്തും കുറയുന്നു. ആവർത്തിച്ച് പറഞ്ഞാൽപ്പോലും ഒരു കുട്ടിക്ക് കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ കുട്ടിക്ക് കോണ്‍സന്‍ട്രേഷൻ ഇല്ലെന്ന് വ്യക്തമാണ്.

അടുത്തതായി കുട്ടികളിൽ ഉൽക്കണ്ഠ വളരെയധികം കൂടുകയും കോൺഫിഡൻസ് നന്നായി കുറയുകയും ചെയ്യും.

പെരുമാറ്റ വൈകല്യമാണ് അടുത്തത്. ഏറ്റവും അപകടകരമായ ഈ അവസ്ഥ ചികിത്സിക്കാനായി ധാരാളം മാതാപിതാക്കൾ കുട്ടികളുമായി എത്താറുണ്ട്. പല കുട്ടികളും പോൺ വിഡിയോകൾ കാണുകയും സെക്സ് ചാറ്റ് ചെയ്യുകയും ചെയ്യുന്നു. പക്വത എത്താത്ത തലച്ചോറിന് ഇതിന്റെ പരിണിതഫലത്തെക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കാൻ കഴിയില്ല.

രക്ഷിതാക്കളേ.. കുട്ടികളുടെ വാശി കുറയ്ക്കാനോ കരച്ചിൽ നിർത്തോനോ ബോറഡി കുറയ്ക്കുവാനോ കുഞ്ഞുകൈയ്യിലേയ്ക്ക് സ്മാർട്ഫോണുകൾ നൽകാതിരിക്കുക. അവരുടെ തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന, ചിന്താശേഷിയെ മന്ദഗതിയിലാക്കുന്ന, ശ്രദ്ധയെ തകർക്കുന്ന ഈ ഉപാധി കുട്ടികൾക്ക് ആവശ്യമില്ല. ഓർക്കുക കുട്ടികളുടെ കൈകളിലേയ്ക്ക് സ്മാർട്ഫോണുകൾ നൽകുമ്പോൾ ലഹരിയുടെ ആദ്യപാഠമാണ് നാം അവരെ പഠിപ്പിക്കുന്നത്. കുഞ്ഞുങ്ങളുെട ആഗ്രഹങ്ങളേക്കാൾ ആവശ്യങ്ങൾ സാധിക്കുന്ന രക്ഷിതാക്കളായി നമുക്കുമാറാം. പതിനാറ് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്മാർട്ഫോണുകൾ നൽകാതിരിക്കുക.' ഡോക്ടർ സൈലേഷ്യ പറഞ്ഞു നിർത്തുന്നു.