പ്രശംസിച്ചോളൂ, പക്ഷേ ഇപ്പോഴത്തെ രീതി വേണ്ട!
കുഞ്ഞുങ്ങളുടെ ഏതൊരു നല്ല പ്രവർത്തിയെയും അകമഴിഞ്ഞു പ്രശംസിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. ആ പ്രശംസ മിക്കവാറും ''വളരെ നല്ല കാര്യമാണ് ചെയ്തത്'' എന്ന ഒറ്റവാചകത്തിൽ ഒതുങ്ങി പോകാറാണ് പതിവ്. അഭിനന്ദങ്ങൾ കുഞ്ഞുങ്ങളെ സന്തോഷഭരിതരാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനുമിടയില്ല. മികച്ച ഏതൊരു പ്രവർത്തിയ്ക്കും അഭിനന്ദനങ്ങൾ നല്കണമെന്നതും അതവരെ വീണ്ടും അത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുമെന്നതും ശരിയായ വസ്തുതയാണെന്നിരിക്കിലും നിർഭാഗ്യവശാൽ മുകളിൽ പറഞ്ഞ രീതിയിലുള്ള അഭിനന്ദങ്ങൾ കുഞ്ഞുങ്ങൾക്ക് വലിയ തോതിലൊരു പ്രോത്സാഹനമാകുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ചെയ്ത പ്രവർത്തിയെ പ്രത്യേകം പരാമർശിച്ചുകൊണ്ട് നടത്തുന്ന അഭിനന്ദനമാണ് പൊതുവായി നൽകുന്ന പ്രോത്സാഹനത്തെക്കാളും മികച്ച ഫലം നൽകുക എന്നാണ് മനഃശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. ഹൈം ജിനോട്ട് അഭിപ്രായപ്പെടുന്നത്. ചെയ്ത പ്രവർത്തിയെ എടുത്തുപറഞ്ഞുകൊണ്ടു അഭിനന്ദിക്കുമ്പോൾ ഏതു പ്രവർത്തിയാണോ താൻ മികച്ചരീതിയിൽ ചെയ്തത് ആ പ്രവർത്തി തുടർന്നും ചെയ്യാൻ കുഞ്ഞിന് നൽകുന്ന വലിയ പ്രോത്സാഹനമോ പാരിതോഷികമോ ആയി മാറും ആ അഭിനന്ദവാക്കുകൾ.
ഇനി കുഞ്ഞുങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നത് കണ്ട് അഭിനന്ദിക്കുമ്പോൾ താഴെ പറഞ്ഞിരിക്കുന്നവ കൂടി പരിഗണിക്കുക. കൃത്യമായ കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടുള്ള അഭിനന്ദനങ്ങൾ, കുഞ്ഞുങ്ങളിൽ വലിയ സന്തോഷം നിറയ്ക്കുമെന്നത് ഉറപ്പാണ്. തുടർന്നും അത്തരം പ്രവർത്തികൾ ചെയ്യാൻ അവർക്കത് വലിയ പ്രേരണയാവുകയും ചെയ്യും.
''നല്ല പ്രവർത്തി'' എന്നതിന് പകരമായി
''നല്ല കാര്യമാണ് ചെയ്തത്'' എന്ന വെറുംവാക്കിലുള്ള അഭിനന്ദനം ക്ഷണനേരത്തെ സന്തോഷം മാത്രമേ കുഞ്ഞിന് നൽകുന്നുള്ളൂ. മാത്രമല്ല, ആ അഭിനന്ദനം കുഞ്ഞിന്റെ സ്വഭാവഘടനയിൽ ദൂരവ്യാപകമായ ഫലങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. കുഞ്ഞുങ്ങളെ അഭിനന്ദിക്കുമ്പോൾ കുട്ടി ചെയ്ത മികച്ച കാര്യത്തെ പ്രത്യേകം പരാമർശിച്ചുകൊണ്ട് അഭിനന്ദിക്കുക. അതുവഴി കുഞ്ഞിന്റെ സന്തോഷമിരട്ടിക്കുകയും പിന്നീടും അതേ പ്രവർത്തിചെയ്യാൻ അവർ പ്രേരിതരാവുകയും ചെയ്യുന്നു. അത് അവരുടെ സ്വഭാവത്തിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ട് വരുന്നു. അവന്റെ/അവളുടെ ഏതുപ്രവർത്തിയിലാണ് നിങ്ങള്ക്ക് അഭിമാനവും സന്തോഷവും തോന്നിയതെന്ന് കൃത്യമായി കുഞ്ഞിനോട് പറയുക. മാതാപിതാക്കൾ അവരെ അംഗീകരിക്കുന്നുണ്ട് എന്നത് കുഞ്ഞുങ്ങളെ തുടർന്നും നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും.
''നീ അതിൽ വിജയിച്ചു'' എന്നതിന് പകരമായി
കുഞ്ഞിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ശ്രമങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. കുട്ടി ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അനുകൂലമായ ഫലങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രോത്സാഹിപ്പിക്കാതെ, അത്തരത്തിലൊരു പ്രവർത്തിയിൽ ഏർപ്പെട്ടതിന് അഭിനന്ദങ്ങൾ നൽകുക. അത് കുഞ്ഞിനെ സംബന്ധിച്ച് വലിയൊരു പ്രോത്സാഹനമാണ്. പരാജയപ്പെട്ടാലും വീണ്ടും അത്തരത്തിലുള്ള കാര്യങ്ങളിലേർപ്പെടാനും മാതാപിതാക്കൾ തങ്ങളിൽ വിശ്വാസം വെച്ചുപുലർത്തുന്നുണ്ട് എന്ന് മനസിലാക്കാനും ആ അഭിനന്ദനത്തിലൂടെ കുഞ്ഞിന് മനസിലാകും.
''നീ സുന്ദരനാണ്/ സുന്ദരിയാണ്'' എന്നതിന് പകരമായി
തങ്ങളെ എല്ലാവരും ഇഷ്ടപെടണമെന്നു ചിന്തിക്കുന്നവരാണ് കുട്ടികൾ, അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പറയാതിരിക്കുക. അവരുടെ വസ്ത്രധാരണ രീതിയോ, ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ പൂക്കളെക്കുറിച്ചോ മൃഗങ്ങളെക്കുറിച്ചോ പറഞ്ഞുകൊണ്ട് സംഭാഷണം ആരംഭിക്കുന്നത് കുഞ്ഞുങ്ങളെ ഉത്സാഹഭരിതരാക്കാൻ സഹായിക്കും. കുഞ്ഞിന്റെ സൗന്ദര്യത്തെ സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ വിപരീതഫലങ്ങളായിരിക്കും ഉണ്ടാക്കുക. അത്തരം വിമർശനങ്ങൾ ചിലപ്പോൾ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കാൻ സാധ്യതയുള്ളത് കൊണ്ട് അവ ഒഴിവാക്കാൻ മുതിർന്നവർ ശ്രദ്ധിക്കേണ്ടതാണ്.
''അതൊരു മനോഹരമായ ചിത്രമാണ്'' എന്നതിന് പകരമായി
സ്വന്തം കുഞ്ഞ് വരച്ച ചിത്രം അതേറ്റവും സവിശേഷതയാർന്ന ഒന്നായിരിക്കും എല്ലാ മാതാപിതാക്കൾക്കും. ആ ചിത്രത്തിലേക്ക് അലസമായി നോക്കി, മനോഹരമായിരിക്കുന്നു എന്ന് പറയുന്നതിനുപരിയായി ആ ചിത്രത്തിന് എന്ത് കൊണ്ടാണ് ഈ നിറം നൽകിയതെന്നും ആ നിറം തെരഞ്ഞെടുത്തതും നൽകിയതും വളരെ നന്നായെന്നുമുള്ള അഭിപ്രായങ്ങളാണ് കുഞ്ഞിന് കൂടുതൽ പ്രോത്സാഹനമായി തോന്നുക. അതുപോലെ തന്നെ ആ ചിത്രത്തിലൂടെ എന്താണുദ്ദേശിച്ചതെന്നും എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചിത്രം വരച്ചതെന്നുമൊക്കെ ചോദിച്ച് കുട്ടിയുടെ അഭിരുചിയും താല്പര്യവും മനസിലാക്കാൻ മാതാപിതാക്കൾ ശ്രമിക്കുക. കുഞ്ഞിന് അംഗീകാരത്തോടൊപ്പം നിറഞ്ഞ സന്തോഷവും സമ്മാനിക്കാൻ ആ ചോദ്യങ്ങൾക്കും അഭിനന്ദങ്ങൾക്കും സാധിക്കും.
''ഇനിയും ഒരുപാട് ദൂരം പോകണ''മെന്ന ഓർമിപ്പിക്കലിന് പകരമായി
കുട്ടികളുടെ കഠിനാധ്വാനത്തെ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. നല്ല ഫലം ലഭിക്കുകയാണെങ്കിൽ ഏതുതരത്തിലുള്ള പ്രവർത്തനമാണ് ആ വിജയത്തിന് തുണയായത് എന്നതിനെക്കുറിച്ച് സംസാരിക്കുക. ഭാവിയിൽ, സ്കൂളിലെ പഠനപ്രവർത്തങ്ങളിൽ മികച്ച ഫലങ്ങളുണ്ടാക്കാൻ ഇത്തരത്തിലുള്ള ചെറുചർച്ചകൾ സഹായിക്കും.
''സമർത്ഥ'' എന്നതിന് പകരമായി
ചില വിഷയങ്ങളിൽ കുട്ടികളുടെ ബൗദ്ധിക നിലവാരവും വാസനയും മികച്ചതാണെന്നുള്ള പ്രോത്സാഹനം നൽകുന്നത് മാതാപിതാക്കൾ കഴിവതും ഒഴിവാക്കുക. ഇത്തരത്തിലുള്ള അഭിനന്ദങ്ങൾ കുട്ടികളെ ചിലപ്പോൾ ആ പഠനവിഷയത്തിൽ അലസതയുണ്ടാക്കാനും പുറകോട്ടുവലിക്കാനുമിടയാക്കും. തങ്ങൾക്കു ആ വിഷയത്തിൽ സ്വാഭാവികമായും അറിവുണ്ട് എന്ന് ചിന്തിക്കുന്ന കുട്ടികൾ, ചിലപ്പോൾ കഠിന പരിശ്രമത്തിലേർപ്പെടാൻ മടിക്കും. ആ പ്രവണത വിപരീതഫലങ്ങളുണ്ടാക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
"നീ അങ്ങനെ ചെയ്തത് നന്നായിരുന്നു" എന്നതിന് പകരമായി
നിങ്ങളുടെ കുട്ടി, വീണുപോയ മറ്റൊരു കുട്ടിയെ എഴുന്നേൽപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നത് കണ്ടാൽ, നല്ല പ്രവർത്തി എന്ന് പറഞ്ഞുകൊണ്ട് ആ വലിയ പ്രവർത്തിയെ ചെറുതാക്കാതെ, നിങ്ങൾ എന്താണോ കണ്ടത് അതോരോന്നും എടുത്തു പറഞ്ഞു കൊണ്ട് കുട്ടിയെ പ്രശംസിക്കുക. പിന്നീടും അത്തരത്തിലുള്ള പ്രവർത്തികൾ ആവർത്തിക്കാൻ കുട്ടിക്ക് ലഭിക്കുന്ന വലിയ പ്രേരണയും പ്രോത്സാഹനവുമാകും ആ അഭിനന്ദനം.
"പ്രാഥമികകൃത്യങ്ങൾ ശരിയായ ചെയ്തു" എന്നതിന് പകരമായി
കുഞ്ഞുങ്ങളെ ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കേണ്ടതാണ് പോട്ടി ട്രെയിനിങ്. ആദ്യഘട്ടത്തിൽ കുഞ്ഞുങ്ങൾ ശരിയായി കാര്യങ്ങൾ നിർവഹിക്കുമ്പോൾ അഭിനന്ദിക്കുന്നത് ചിലപ്പോൾ വിപരീതഫലങ്ങൾക്ക് വഴിവെക്കാനിടയുണ്ട്. ശരീരം നൽകുന്ന സൂചനകൾക്ക് അനുസരിച്ചു പ്രവർത്തിക്കാതെ മുതിർന്നവരുടെ അഭിനന്ദത്തിനുവേണ്ടി കുട്ടികൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ആയാസത്തിനിടയാക്കും. ശരിയായ സമയത്ത്, ശരീരം പ്രതികരിക്കുമ്പോൾ മാത്രം വിസർജ്യങ്ങൾ പുറത്തുകളയണമെന്ന് കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞുകൊടുക്കേണ്ടതാണ്.
ഒടുവിൽ ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തുവല്ലേ" എന്നതിന് പകരമായി
നൽകിയ ഭക്ഷണം മുഴുവൻ കഴിച്ചുതീർത്തതിന് കുഞ്ഞുങ്ങളെ അഭിനന്ദിക്കുന്നതിൽ തെറ്റില്ല എങ്കിലും ലഭിച്ച ആ പ്രോത്സാഹനം കുഞ്ഞുങ്ങളിൽ ചിലപ്പോൾ വിപരീതമായ ഫലങ്ങളായിരിക്കുമുണ്ടാക്കുക. തങ്ങളുടെ ശരീരത്തിന്റെ ആവശ്യമറിയാതെ മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാൻ വേണ്ടി ഭക്ഷണം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇത്തരത്തിലുള്ള അഭിനന്ദങ്ങൾ നൽകിയാൽ കൂടുതൽ ഭക്ഷണം കഴിച്ചു വീണ്ടും അഭിനന്ദനം ഏറ്റുവാങ്ങാൻ കുട്ടികൾ ശ്രമിക്കും അത് അമിതഭക്ഷണം കഴിക്കുന്നതിലേക്കായിരിക്കും വഴിവെയ്ക്കുക. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
"ശാന്തനായിരിക്കുന്നത് നല്ല പ്രവർത്തിയെന്ന്" പറഞ്ഞു അഭിനന്ദിക്കുന്നതിനു പകരമായി
കുട്ടികൾ നല്ലതു ചെയ്യുമ്പോൾ അഭിനന്ദിക്കുകയും ഗുരുതരമല്ലാത്ത തെറ്റുകൾ ചെയ്താൽ അവഗണിക്കുകയും ചെയ്യുക. യാതൊരു കാര്യങ്ങളുമില്ലാതെ കുട്ടികൾ ചിലപ്പോൾ ദേഷ്യപ്പെടാറുണ്ട്. മാതാപിതാക്കൾ കാര്യമെന്തെന്നു മനസിലാക്കാൻ തന്നെ ചിലപ്പോൾ ബുദ്ധിമുട്ടിയേക്കും. സുഖകരമല്ലാത്ത അവസ്ഥകളെ നേരിടേണ്ടി വരുമ്പോൾ കുഞ്ഞുങ്ങൾ പൊതുവെ ദേഷ്യപ്പെടാറാണ് പതിവ്. അത്തരത്തിലുള്ള പെരുമാറ്റങ്ങൾ കാണുമ്പോൾ, കുട്ടി ശാന്തനായി കഴിഞ്ഞതിനു ശേഷം "നീ എപ്പോഴും ആഹ്ലാദത്തോടെയിരിക്കുന്നത് കാണുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം" എന്ന് പറയുന്നതാണ് വഴക്കുപറയുന്നതിനേക്കാളും ഉചിതമായ മാർഗം. കുഞ്ഞുങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവർക്കു പിന്തുണ നൽകണം. ഭാവിയിലും മാതാപിതാക്കളോട് തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാൻ കുട്ടികൾക്ക് അത് പ്രചോദനമാകും.
കുഞ്ഞുങ്ങളെ അഭിനന്ദിക്കുന്നത് വളരെ ശ്രദ്ധയോടെയും അവർക്കു ഗുണപ്രദവുമാകുന്ന തരത്തിലുമായിരിക്കണം. ഒരിക്കലും പിന്തുടർന്നുവന്ന രീതിയിലുള്ള അഭിനന്ദനങ്ങൾ നല്കാൻ ശ്രമിക്കരുത്. ആവർത്തിച്ച് പറയുന്ന പ്രശംസകൾക്ക് മാതാപിതാക്കൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെന്നില്ല. നൽകുന്ന അഭിനന്ദങ്ങൾ അതീവ ശ്രദ്ധയോടെ ആയിരിക്കണം, കഴിയുന്നതും പറഞ്ഞ കാര്യങ്ങൾ ഓർത്തുവെക്കാൻ മാതാപിതാക്കൾ ശ്രമിക്കുക. നിങ്ങൾ പിശുക്കു കാണിക്കാതെ നൽകിയ അഭിനന്ദങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ഭാവിയിൽ നല്ലൊരു മനുഷ്യനാക്കി തീർക്കുമെന്നുറപ്പാണ്.