ബുൾഡോസർ

ബുൾഡോസർ പേരന്റിംഗ് പോലെ തെറ്റായ മറ്റൊന്നില്ല !

പലവിധത്തിലുള്ള പേരന്റിംഗ് രീതികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അവയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ നമുക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്. ഓരോ വിധത്തിലുള്ള പേരന്റിംഗ് രീതികൾക്കും അനുസരിച്ചായിരിക്കും കുട്ടികൾ വളരുന്നതും അവരുടെ സ്വഭാവ രൂപീകരണം നടക്കുന്നതും. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ മാതാപിതാക്കൾ കുട്ടികളെ എങ്ങനെ വളർത്തുന്നോ അതിനു ആനുപാതികമായിട്ടായിരിക്കും കുട്ടികളിൽ ഭയം, ധൈര്യം, മമത, സ്നേഹം, സഹായമനസ്കത തുടങ്ങിയ വിവിധ ഭാവങ്ങളുണ്ടാകുക.

കുട്ടികളെ അമിതമായി പിന്തുണയ്ക്കുന്ന രീതിയാണ് ബുൾഡോസർ പേരന്റിംഗ് എന്ന് പറയുന്നത്. കുട്ടികൾ സ്വയം ഒരു കാര്യവും ചെയ്യാൻ സമ്മതിക്കാതെ അവർക്കായി മാതാപിതാക്കൾ തന്നെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്ന രീതിയാണിത്. ഉദാഹരണമായി പറയുകയാണെങ്കിൽ കുട്ടി പഠിച്ചില്ലെങ്കിലും കുറഞ്ഞ മാർക്ക് വാങ്ങിയാലും അവർക്കായി അഡ്മിഷൻ തരപ്പെടുത്തുക, ആവശ്യപ്പെട്ടതെന്തും വാങ്ങി നൽകുക തുടങ്ങിയ കാര്യങ്ങൾ.

കുട്ടികളോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഇത് ചെയ്യുന്നത് എങ്കിലും കുട്ടികളെ മികച്ച വ്യക്തിത്വമുള്ളവരായി വളരുന്നതിൽ നിന്നും ഇത് പിന്നോട്ടടിക്കുന്നു. സ്വന്തമായി ഒരു കാര്യവും ചെയ്യാൻ പ്രാപ്തിയില്ലാതെ അച്ഛനമ്മമാരുടെ തണലിൽ ജീവിക്കാനാണ് വലുതാകുമ്പോൾ ഇത്തരം കുട്ടികൾ ഇഷ്ടപ്പെടുക. റോഡിൽ വീണ മഞ്ഞ് കോരി നീക്കുന്നതുപോലെ അനായാസകരമായി കുട്ടികൾക്കു മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളേയും നീക്കിക്കൊടുത്ത് അവരെ അമിതമായി പരിലാളിക്കുന്ന ഈ പേരന്റിംഗ് രീതി വിനാശകരമാണ്.

കുട്ടികൾക്ക് സ്വയം തീരുമെന്നാണ് എടുക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവസരം മാതാപിതാക്കൾ ഇല്ലാതാക്കുന്നു. കുട്ടികളെ സംബന്ധിക്കുന്ന ചെറിയ കാര്യങ്ങളിൽ പോലും അമിതമായി ശ്രദ്ധ പതിപ്പിക്കുകയും അവർക്കായി തീരുമാനങ്ങൾ കൈക്കൊള്ളുകളും ചെയ്യുന്നു. കുട്ടികളുടെ പരാജയങ്ങൾ പോലും മാതാപിതാക്കൾ ലഘുവായികാണുന്നു. അതിലൂടെ തങ്ങളുടെ ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കുന്നതിൽ നിന്നും കുട്ടികൾ പിന്തള്ളപ്പെടുന്നു.

മാതാപിതാക്കളുടെ വ്യക്തിപരമായ സന്തോഷം മാത്രമാണ് ബുൾഡോസർ പേരന്റിംഗ് രീതിയിലുള്ളത്. എന്നാൽ മാതാപിതാക്കൾ യഥാർത്ഥത്തിൽ കുട്ടികളെ സ്നേഹിക്കുന്നുണ്ട് എങ്കിൽ ഒരിക്കലും ഈ രീതി പിന്തുടരരുത്. ഉത്തരവാദിത്വങ്ങൾ, ലാഭ നഷ്ടങ്ങൾ, ചുമതലകൾ എന്നിവയൊന്നും തന്നെ അറിയിക്കാതെ നിങ്ങൾ കുട്ടികളെ വളർത്തുമ്പോൾ അതിലൂടെ പൊതുബോധമില്ലാത്ത ഒരു പൗരനെ കൂടിയാണ് സൃഷ്ടിക്കുന്നത്.

മാത്രമല്ല, അമിതസ്നേഹത്തിൽ നിന്നുടലെടുക്കുന്ന ഈ ലാളന സത്യത്തിൽ വലിയ ദോഷമാണ് ചെയ്യുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായ വീഴ്ചകൾ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് സധൈര്യം മുന്നോട്ട് പോകാൻ കഴിയാതെ വരുന്നു. വീണിടത്ത് നിന്ന് എഴുന്നേറ്റ് മുന്നോട്ടുപോകാനുള്ള ശേഷിയാണ് ജീവിതവിജയത്തിന്റെ കാതലായ തത്വം എന്ന് ഇവർ അറിയാതെ പോകുന്നു.