കുട്ടിയെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചാൽ?,  Social Media Shaming, Parents, Effets on Children, Manorama Online

കുട്ടിയെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചാൽ?

കുട്ടികൾ ചെയ്യുന്ന കൊച്ചു കൊച്ചു തെറ്റുകളെ പർവതീകരിച്ച് അവയെ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുന്ന രീതി ചില മാതാപിതാക്കൾക്കെങ്കിലുമുണ്ട്. ഈയടുത്ത് സോഷ്യൽ മീഡിയയിൽ മോശം പടം പോസ്റ്റ് ചെയ്ത കുട്ടിയെ തല്ലുന്ന രംഗം വിഡിയോ എടുത്ത് അമ്മ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ കുട്ടിയും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനേ ഇടയാക്കൂ. നാലാളിന്റെ മുൻപിൽ നാണംകെടുത്തിയാൽ കുട്ടിക്ക് നാണക്കേടും ഭയവും വെറുപ്പുമേ ഉണ്ടാകൂ. ബഹുമാനമുണ്ടാകില്ല.

മാത്രമല്ല കുടുംബപരമായ സ്വകാര്യങ്ങൾ മാതാപിതാക്കൾ തന്നെ പൊതുസമൂഹത്തിൽ പാട്ടാക്കിയാൽ കുട്ടികളുടെ ശരിയായ ഒാൺലൈൻ ഉപയോഗത്തിന് അതിരു കൽപിക്കാൻ അവർക്ക് എങ്ങനെ കഴിയും? തന്നെയുമല്ല ഒരു വലിയ സമൂഹത്തിന്റെ മുൻപിൽ കുട്ടി മോശക്കാരനാക്കപ്പെടുകയാണ്. ഇത് കുട്ടിയുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപിക്കാം. പോസ്റ്റുകൾക്കു വരുന്ന മോശം കമന്റുകളും അധിക്ഷേപങ്ങളും കൂടുതൽ വൈകാരികമായി തകർക്കാനേ ുപകരിക്കൂ. ഇത്തരം നാണംകെടുത്തലുകൾക്കു പകരം സ്വയം മാതൃക കാണിച്ച് അവരെ തിരുത്താം.

ദിവസവും അഞ്ചു മിനിറ്റെങ്കിലും കുട്ടിക്കൊപ്പം ഗുണപരമായ സമയം ചെലവിടണം. കുട്ടിയോട് വിശേഷങ്ങൾ ചോദിച്ചറിയുക, കളിക്കുക, ചിരിക്കുക, ഉപദേശമല്ലാത്ത രീതിയിൽ അവരറിയേണ്ട ചൊല്ലിക്കൊടുക്കുക.

എപ്പോഴും കുട്ടിയുടെ കുറ്റം മാത്രം ചൂണ്ടിക്കാണിക്കരുത്. പൊസിറ്റീവായ കാര്യങ്ങളെക്കുറിച്ച് പ്രശംസിച്ച് പറയുക. ശാന്തമായും യുക്തിപൂർവവും വിയോജിപ്പുകൾ പ്രകടിപ്പിക്കുക. വെറുതെ ഒച്ചയിട്ടിട്ട് കാര്യമില്ല.

Summary : Social Media Shaming, Parents, Effets on Children