കളി കൂടിയാൽ കുഞ്ഞുങ്ങൾക്ക് ആപത്ത് ?
ആർ. ജയദേവൻ
കംപ്യൂട്ടറിനും മൊബൈൽ ഫോണിനുമൊക്കെ മുന്നിൽ തുടർച്ചയായി സമയം ചെലവഴിക്കുന്ന പ്രവണതയിപ്പോൾ കുട്ടികളിൽ ഏറിവരികയാണ്. ഇതിന്റെ നിരന്തര ഉപയോഗം പലവിധ ശാരീരിക മാനസിക വിഷമതകൾക്കും വഴിതെളിച്ചേക്കാം.
ഗെയിമുകൾ സ്വാധീനിക്കും
കുട്ടികൾ തുടർച്ചയായി ഗെയിമുകളിൽ ഏർപ്പെടുന്നതിൽ ശ്രദ്ധയും നിയന്ത്രണവും ആവശ്യമാണ്. അവരിൽ അക്രമവാസന വളർത്താൻ ചില ഗെയിമുകൾ വഴിതെളിക്കും. കൂടാതെ ബുദ്ധിപരമായ വികാസത്തിനും തടസ്സമാകാറുണ്ട്. പഠനത്തിൽ പിന്നാക്കം പോകാനും മനസ്സിൽ പരാജയഭീതി വളർത്താനും ശ്രദ്ധക്കുറവിനും ഇതിടയാക്കിയേക്കാം. ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ കുട്ടികളിൽ വിമുഖതയുമുണ്ടാകും. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും പുറത്തെ കളികളിൽ ഏർപ്പെടാനും ക്രമേണ താൽപര്യവും ഇല്ലാതാകും.
പ്രത്യേക ശ്രദ്ധ വേണം
കഴിവതും ചെറിയ കുട്ടികൾക്കു സമ്മാനമായി മൊബൈൽ, കംപ്യൂട്ടർ ഇവയൊക്കെ വാങ്ങിക്കൊടുത്ത് പ്രോത്സാഹിപ്പിക്കാതിരിക്കുക. വീട്ടിലെ കംപ്യൂട്ടർ പ്രധാന മുറിയിൽ വച്ചുമാത്രം പ്രവർത്തിപ്പിക്കാൻ അവർക്കു നിശ്ചിത സമയം അനുവദിച്ചാൽ മതി. സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുന്ന കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ ഒരു കണ്ണ് എപ്പോഴും ഉണ്ടായിരിക്കണം. സ്ഥിരമായി ഇരിക്കാൻ അനുവദിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാനും ആവശ്യത്തിനു വെള്ളം കുടിക്കാനും നിർദേശിക്കാം. അതുപോലെ മൊബൈൽ ഉപയോഗത്തിനും കർശനമായ നിയന്ത്രണം അനിവാര്യമാണ്. ചെറു പ്രായത്തിൽ കുട്ടികൾ മൊബൈൽ എടുത്ത് ഉപയോഗിക്കുന്നത് അനുവദിക്കരുത്. കിടന്നുകൊണ്ടു ഗെയിമുകൾ കളിക്കുന്നതും വിലക്കണം.
ശാരീരിക പ്രയാസങ്ങൾ
കുട്ടികളിൽ അമിത ക്ഷീണം, വ്യക്തിത്വ വൈകല്യം, വിഷാദം, ഉന്മേഷക്കുറവ്, ഉറക്കമില്ലായ്മ എന്നിവയ്ക്കൊക്കെ ഇടയാക്കും. ഇവരുടെ ത്വക്ക് നേർത്തതായതിനാൽ മൊബൈലിന്റെ നിരന്തര ഉപയോഗം റേഡിയേഷനുണ്ടാകാനും ബ്രയിൻ, ചെവി കാൻസറിനും സാധ്യതയുണ്ട്. കുട്ടികളുടെ കൈവിരലുകളിൽ വേദന ഉണ്ടാകുക, ശരീരഭാരത്തിൽ കുറവു വരിക, പഠനത്തിനുള്ള താൽപര്യം നഷ്ടമാകുക, ശരിയായ കാഴ്ചയ്ക്കു ബുദ്ധിമുട്ടു തോന്നുക, കണ്ണുകൾക്കു വരൾച്ച ഉണ്ടാകുക, നിരന്തരമായ ഉപയോഗം ശരീരത്തിന്റെ മെറ്റബോളിസം കുറയ്ക്കുന്നു. തുടർച്ചയായ ഇരിപ്പ് പൊണ്ണത്തടിക്കും ഇടയാക്കും.
ശാരീരിക മാനസിക ആരോഗ്യം
ശരിയായ കാര്യങ്ങൾക്കുവേണ്ടി മാത്രമേ കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കാവൂവെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. ഇടയ്ക്കിടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കാനും നിർദേശിക്കണം. കുട്ടികളെ അവർക്കിഷ്ടപ്പെട്ട ഒരു ഹോബി കണ്ടെത്താൻ സഹായിക്കാം. കൂട്ടുകാർക്കൊപ്പം കളികളിൽ ഏർപ്പെടാനും അവസരം നൽകണം. ടിവിയിൽ നല്ല വിജ്ഞാനപ്രദമായ പരിപാടികൾ കാണാനും പാട്ടു കേൾക്കാനും അവർക്കു നിർദേശം നൽകാം. യോഗാ, നടത്തം, സൈക്കിളിങ് പോലുള്ള പ്രവൃത്തികളിൽ ഏർപ്പടുന്നതു കുട്ടികൾക്കു മാനസികമായും ശാരീരികമായും ഉണർവു പകരും. ബിഹേവിയർ തെറപ്പി ഇന്നു ലഭ്യമാണ്. അങ്ങനെ കംപ്യൂട്ടറിന്റെ അമിതോപയോഗം കുറയ്ക്കാനാവും. കൂടാതെ വിഷാദാവസ്ഥ, ഉത്കണ്ഠ, മാനസിക വിഷമത എന്നിവയെയും നിയന്ത്രിക്കാം. ആവശ്യമെങ്കിൽ ശരിയായ കൗൺസലിങ്ങും സ്വീകരിക്കണം. ഇതോടൊപ്പം ഒൗഷധ ചികിത്സയും ഫലം ചെയ്യും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നതാലിയ എലിസബത്ത് ചാക്കോ