ഏറ്റവും നല്ല അച്ഛനും അമ്മയും ആകാൻ എട്ട് കാര്യങ്ങൾ!
നല്ല അച്ഛനും അമ്മയും ആകാന്‍ കഴിയുക എന്നത് ഏതൊരു രക്ഷകര്‍ത്താവിന്‍റേയും ആഗ്രഹമാണ്. എന്താണ് മികച്ച രക്ഷകര്‍ത്താവിന് വേണ്ട ഗുണങ്ങള്‍? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച അച്ഛനോ അമ്മയോ ആകാന്‍ കഴിയും? എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കുള്ള ചില ഉത്തരങ്ങള്‍ ഇവയാണ്.
1. സ്വന്തം കാര്യങ്ങള്‍ക്ക് സമയം മാറ്റി വയ്ക്കുക. മികച്ച രക്ഷകര്‍ത്താവാകാനുള്ള ശ്രമത്തില്‍ മുഴുവന്‍ സമയവും കുട്ടികള്‍ക്ക് വേണ്ടി മാറ്റി വക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ അത് തെറ്റായ മാതൃക സൃഷ്ടിക്കും. സ്വന്തം കാര്യങ്ങള്‍ക്കും സമയം മാറ്റിവക്കുക. എങ്കില്‍ മാത്രമേ താന്‍ മറ്റൊരു വ്യക്തിയാണെന്ന ബോധം ചെറുപ്പത്തിലെ കുട്ടികളില്‍ ഉണ്ടാകൂ. ഇത് അവരുടെ വ്യക്തിത്ത്വ വികാസത്തിനും ശരിയും തെറ്റും തിരിച്ചറിഞ്ഞ് തീരുമാനങ്ങൾ എടുക്കാനും സഹായകമാകും.
2. പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുക. പ്രശ്നങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്. ഈ പ്രശ്നങ്ങള്‍ പലപ്പോഴും പരിഹരിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഈ പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ടറിഞ്ഞ് അവ ഒഴിവാക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് പഠനത്തില്‍ പിന്നോട്ടാണെങ്കില്‍ കൂടുതല്‍ സമയം പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം എന്തുകൊണ്ട് പഠനത്തില്‍ പിന്നോട്ടാകുന്നു എന്ന് കണ്ടെത്തുക. അത് പരിഹരിക്കുക.
3. ഉത്തരം കണ്ടെത്തി നല്‍കാതെ അവ കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുക. ക്ലാസില്‍ നിന്ന് ലഭിച്ച കണക്ക് ഹോം വര്‍ക്കായാലും ചെറിയ സംശയങ്ങളായാലും ഉത്തരവും പരിഹാരവും കണ്ടെത്തി നല്‍കരുത്. അത് പഹിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള സ്രോതസ്സുകള്‍ കാണിച്ച് കൊടുക്കുക. എന്നിട്ട് സ്വയം പരിഹരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.
4. അമിത വിമര്‍ശനം ഒഴിവാക്കണം. നിനക്ക് ഒന്നും അറിയില്ലെന്ന കുറ്റപ്പെടുത്തലിന് പകരം ഒരിക്കല്‍ കൂടി ശ്രമിക്കാനോ ആലോചിക്കാനോ പറയാം. അത് കുട്ടികള്‍ക്ക് പ്രോത്സാഹനമാകും. ഒപ്പം ഭാവി ജീവിതത്തിലും പ്രതിസന്ധികളെ ക്ഷമയോടെ നേരിടാന്‍ ശീലിപ്പിക്കും.
5. കുട്ടികളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണെന്നത് സ്ഫടികത്തിലെ ചാക്കോ മാഷിന്‍റെ അനുഭവത്തില്‍ നിന്ന് നമുക്കെല്ലാം അറിയാം. ഓരോ കുട്ടിയും ഓരോ വ്യക്തിയാണ്. അവരെ അവരുടെ സാമര്‍ത്ഥ്യത്തിനനുസരിച്ച് വളരാന്‍ അനുവദിക്കുക.
6. കുട്ടികളെ എപ്പോഴും സംരക്ഷിച്ച് നിര്‍ത്തുന്നതും അപകടമാണ്. അവരെ തെറ്റുകള്‍ വരുത്താന്‍ അനുവദിക്കുക. കാരണം കുട്ടിയായിരിക്കെ വരുത്തുന്ന ചെറിയ ചെറിയ തെറ്റുകളില്‍ നിന്ന് അവര്‍ക്ക് ഭാവിയിലേക്ക് ആവശ്യമായ ഒരുപാട് പാഠങ്ങള്‍ പഠിക്കാനാകും.
7. വിലക്കുന്നതിന് പകരം പ്രത്യാഘാതങ്ങളെക്കുരിച്ച് ഓര്‍മ്മപ്പെടുത്താം. അത് ചെയ്യരുതെന്ന് പറയുന്നതിന് പകരം അത് ചെയ്താല്‍ എന്ത് പ്രത്യാഘാതമാകും ഉണ്ടാകുകയെന്ന ചിന്തിക്കാന്‍ പറയുക. ഇത് കുട്ടിക്ക് മുന്‍കരുതല്‍ പാഠങ്ങളാകും.
8. തന്‍റെ കുട്ടിക്ക് മികച്ച മാതൃകയാകണം താനെന്ന ചിന്ത മാറ്റി വക്കുക. സ്വാഭാവികതയോടെ പെരുമാറുക. ഇത് അപകര്‍ഷതാ ബോധവും അനാവശ്യ ഭയവും ഉണ്ടാകുന്നതില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കും. പിരിമുറുക്കങ്ങളില്ലാതെ സ്വാഭാവികമായി ജീവിക്കാന്‍ അവരെ സഹായിക്കും