മക്കൾ സന്തോഷവാന്മാരാകണോ? അച്ഛൻ ഇങ്ങനെ ചെയ്താൽ മതി
കുട്ടികൾ സന്തോഷവാന്മായിരിക്കാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകുമോ? മക്കളുടെ സന്തോഷത്തിനായി എന്തും ചെയ്യാൻ തയ്യാറാകുന്നവരാണ് അധികവും. എന്നാൽ കുട്ടികളുടെ കാര്യങ്ങളിൽ അഥവാ അവരെ വളർത്തുന്നതിൽ കൂടുതൽ പങ്ക് അമ്മയ്ക്കാണ്. കുട്ടികളുടെ സന്തോഷവും അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പുത്തൻ പഠനം വളരെ ശ്രദ്ധനേടുകയാണ്. അച്ഛന്മാരേ നിങ്ങൾ കുട്ടികളുടെ കാര്യങ്ങളിൽ കൂടുതലായി ഇടപെടാറുണ്ടോ? അതോ കുട്ടിയുടെ അമ്മയെ ഉത്തരവാദിത്വമെല്ലാം ഏൽപ്പിച്ച് മാറി നിൽക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഈ പഠനം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
ഗ്ലോബൽ ഫാദർഹുഡ് റിപ്പോർട്ട് അനുസരിച്ച് മക്കളുടെ കാര്യങ്ങളിൽ നന്നായി ഇടപെടുന്ന അച്ഛന്റെ മക്കൾ കൂടുതൽ സന്തോഷവാൻമാരും ആരോഗ്യമുളളവരും കഴിവുള്ളവരുമായിരിക്കും. സാധാരണ അമ്മമാർ ചെയ്യുന്നതുപ്പോലെ അച്ഛന്മാർ കുട്ടികളുടെ ദൈന്യംദിനകാര്യങ്ങളിൽ ഇടപെടാറില്ല. എന്നാൽ അച്ഛന്റെ ഇടപെടൽ കുട്ടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണത്രേ. അച്ഛൻ കുട്ടികളേ നോക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചാൽ കുടംബാന്തരീക്ഷം തന്നെ മാറിമറിയും. കൂടാതെ അച്ഛനും അമ്മയും, അച്ഛനും മക്കളും തമ്മിലുള്ള ബന്ധവും കൂടുതൽ ഊഷ്മളമാകുമെന്നും റിപ്പോർട്ട് പറയുന്നു. മാത്രമല്ല കുട്ടികളുമൊത്തുള്ള ഈ നിമിഷങ്ങളിലെ സന്തോഷവും മാനസിക പിരിമുറുക്കവുമൊക്കെ അവർക്കും അറിയാൻ സാധിക്കും.
സ്റ്റേറ്റ് ഓഫ് ദ വേൾഡ് ഫാദേഴ്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഒരു രാജ്യത്തും അമ്മമാർ ചെയ്യുന്ന വീട്ടുജോലിയും കുട്ടികളെ നോക്കലും ഒന്നും അച്ഛന്മാർ ചെയ്യുന്നില്ല. അച്ഛൻ മക്കളുടെ കാര്യത്തിൽ ഇടപെടുന്നതിന്റെ പല പടമടങ്ങാണ് അമ്മയുടെ ഇടപെടലും കരുതലും, അത് വികസിതരാജ്യങ്ങളിലായാലും അവികസിത രാജ്യങ്ങളിലായാലും ഒരേപോലെയാണ്. ജോലിചെയ്യുന്ന അച്ഛന്റെ അവധിയും മറ്റുമൊക്കയാണ് ഇവർ ഇതിന് തടസ്സമായി പറയുന്നത്. പഠനത്തിൽ പങ്കടുത്ത 77 ശതമാനം അച്ഛന്മാരും പറയുന്നത് തങ്ങളുടെ ജോലി സമയം കുറവാണെങ്കിൽ കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ തയ്യാറാണെന്നായിരുന്നു.