ടീച്ചറെ പേടിയാണോ പ്രശ്നം? ഉടനടി പരിഹാരം കാണണം
മൂന്നര വയസ്സ് വരെയുള്ള പ്രായം ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അവൻ കുട്ടിയല്ലേ, സ്‌കൂളിൽ പോകുമ്പോൾ എല്ലാം ശരിയാകും എന്ന രീതിയിൽ കുട്ടികളുടെ കുറുമ്പുകളും വാശികളും കണ്ടില്ല എന്ന് വയ്ക്കുന്നത് വലിയ ആപത്തിലേക്ക് വഴി വയ്ക്കും. ഡോക്ടർമാരുടെ അഭിപ്രായത്തിൽ രണ്ടു വയസ്സിൽത്തന്നെ കുട്ടികളുടെ സ്വഭാവ രൂപീകരണം ആരംഭിക്കുന്നു.
ഈ പ്രായത്തിൽ മാതാപിതാക്കൾ കുട്ടികളെ എങ്ങനെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വികാസം. മൂന്നു മൂന്നര വയസ്സ് പ്രായം ആകുമ്പോഴേക്കും വീട് വിട്ട് സ്‌കൂളിൽ പോകാൻ തരത്തിൽ കുട്ടികളെ പരിശീലിപ്പിക്കണം. എന്നാൽ ഇവിടെയാണ് പല മാതാപിതാക്കൾക്കും തെറ്റ് മാറ്റുന്നത്. സ്‌കൂളിൽ പോകുക എന്നാൽ കുറ്റം ചെയ്ത കുട്ടികളെ പറഞ്ഞുവിടുന്ന ഏതോ സ്ഥലമാണ് എന്ന പ്രതീതി അവർ ഉണ്ടാക്കിയെടുത്തിട്ടുണ്ടാകും.
കുട്ടികൾ കുസൃതി കാണിക്കുമ്പോൾ, സ്‌കൂൾ തുറക്കട്ടെ ശരിയാക്കി തരാം എന്ന രീതിയിലുള്ള സംസാരം ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ. 'അമ്മ കഴിഞ്ഞാൽ പിന്നീട് കുട്ടികൾ കൂടുതൽ സമയം അടുത്തറിയുന്ന വ്യക്തിയാണ് സ്‌കൂളിലെ ടീച്ചർ. കുട്ടികളുടെ ഓരോ ചെറിയ കാര്യത്തിലും ടീച്ചർമാർ ശ്രദ്ധാലുവായിരിക്കും. എന്നാൽ കുട്ടികൾ വീട്ടിൽ കുറുമ്പ് കാണിക്കുമ്പോൾ, ഞാൻ ടീച്ചറിനോട് പറയും എന്ന് പറഞ്ഞു ഭയപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് ടീച്ചർമാരെ പറ്റി ഭയം നിറയും.
ടീച്ചറിൽ നിന്നും കുട്ടികൾ പിന്മാറുന്നതിനു ഇതൊരു കാരണമാണ്. പതിയെ ടീച്ചറോടുള്ള അനിഷ്ടം മറ്റു ടീച്ചർമാരിലേക്കും വ്യാപിക്കുന്നു. ഇത് പിന്നീട് പഠനത്തിൽ താല്പര്യം ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാക്കുന്നു. ചില കുട്ടികൾക്ക് ടീച്ചർമാരോടുള്ള പേടി അവർ പഠിപ്പിക്കുന്ന വിഷയത്തെ മാത്രം വെറുക്കുന്ന തരത്തിലും മറ്റു ചിലർക്ക് പഠനം തന്നെ വെറുക്കുന്ന തരത്തിലോ ഉള്ളതായി മാറുന്നു.
ടീച്ചർ എന്ന് പറഞ്ഞാൽ, തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന ചിന്തയാണ് ഓരോ കുട്ടിയിലും മാതാപിതാക്കൾ നിറക്കേണ്ടത്. മാതാപിതാക്കൾ കഴിഞ്ഞാൽ പിന്നെ, കുട്ടികളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയുള്ള, പഠിപ്പിച്ചു മിടുക്കരാക്കുന്ന നല്ലവരായ വ്യക്തികളാണ് ടീച്ചർമാർ എന്ന് മാതാപിതാക്കൾ തന്നെ കുട്ടികളെ പറഞ്ഞു മനസിലാക്കണം. ആ രീതിയിൽ ആയിരിക്കണം ചെറുപ്പം മുതൽക്ക് കുട്ടികളെ വളർത്തിയെടുക്കുവാൻ.
എന്ത് കാര്യവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ടീച്ചറോട് ഉണ്ടാക്കിയെടുക്കണം. മാത്രമല്ല, ഇടക്കിടക്ക് അമ്മമാർ ടീച്ചർമാരെ സന്ദർശിച്ച് കുട്ടികളുടെ പെരുമാറ്റം വിശകലനം ചെയ്യുന്നതും നന്നായിരിക്കും. തന്റെ അമ്മയും ടീച്ചറും കൂട്ടാണ് എന്ന ചിന്ത തന്നെ കുട്ടികളെ മിടുക്കരാക്കും. എത്ര സമർത്ഥനായ വിദ്യാർത്ഥിയുടെയും വിജയത്തിന് പിന്നിൽ ഒരു ടീച്ചർ ഉണ്ടാകും എന്ന് മനസിലാക്കുക. ചെറുപ്പം മുതൽ ഉറച്ച അടിസ്ഥാനം ഉണ്ടെങ്കിലേ പഠനത്തിൽ ശോഭിക്കൂ.