സ്കൂളിലേക്ക് കുരുന്നിന്റെ ആദ്യ ചുവടുകൾ, അമ്മ അറിയാൻ!
ജൂൺ തുടങ്ങുന്നതോടെ സ്വന്തം ചിറകിനടിയിൽ കാത്തുവെച്ച മക്കളെ സ്കൂൾ ബസുകൾ വന്ന് റാഞ്ചിക്കൊണ്ടു പോകുന്ന വിഷമത്തിലായിരിക്കും പല മാതാപിതാക്കളും. ആദ്യമായി സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളേക്കാൾ ടെൻഷൻ മാതാപിതാക്കൾക്കായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്കൊപ്പം മാതാപിതാക്കളും തയാറാവേണ്ടതുണ്ട്.
കരുതാം ചെരുപ്പ് മുതൽ കുട വരെ എല്ലാം...
സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ കുഞ്ഞിന് സ്കൂളിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ ഒരുക്കി വെക്കുന്നത് കാര്യങ്ങൾ സുഗമമാക്കും. യൂണിഫോം നേരത്തെ തന്നെ വാങ്ങി വെയ്ക്കുക, മഴക്കാലത്തു ഇടാനുള്ള ചെരുപ്പ്, ഷൂസ്, സോക്സ് തുടങ്ങിയവയെല്ലാം നേരത്തെ തന്നെ കരുതാം.
പല സ്കൂളുകളിലും ഉച്ചഭക്ഷണത്തിന് മുൻപ് ഇടനേരങ്ങളിൽ ലഘുഭക്ഷണങ്ങൾ കഴിക്കാൻ കുഞ്ഞുങ്ങൾക്ക് അനുമതിയുണ്ട്. അതുകൊണ്ടു തന്നെ രണ്ടു പാത്രങ്ങൾ കരുതേണ്ടതാണ്. വാട്ടർ ബോട്ടിലും നേരത്തെ തന്നെ കരുതാം. ഇപ്പോൾ പല സ്കൂളുകളും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ പ്രോത്സാഹിപ്പിക്കുന്നില്ല. സ്റ്റീൽ ബോട്ടിലുകൾ വാങ്ങുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും ഉചിതം. സ്കൂൾ ബാഗ്, പെൻസില്‍ ബോക്സ്, കുട, മഴക്കോട്ട് തുടങ്ങിയവയും നേരത്തെ വാങ്ങി വെയ്ക്കുന്നതാണ് നല്ലത്.
അമ്മേ... സ്നാക്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ നൽകുന്ന ലഘുഭക്ഷണങ്ങളിൽ ബേക്കറി പലഹാരങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണത്തിനായി കരുതിയ ദോശ, അപ്പം, ചപ്പാത്തി, പൂരി, ഇഡ്‌ലി തുടങ്ങിയവ കൊടുത്തുവിടുന്നത് പ്രഭാതഭക്ഷണം കഴിക്കാതെയാണ് കുഞ്ഞ് സ്കൂളിലേക്ക് പോയതെന്ന ആകുലത മാതാപിതാക്കളിൽ നിന്നും അകറ്റാൻ സഹായിക്കും.
ഉറക്കത്തിലാണ് കാര്യം
സ്കൂൾ തുറക്കുന്നതിനൊപ്പം മഴയും തുടങ്ങും. അതുകൊണ്ട് തന്നെ മഴയത്തു മടിപിടിച്ചു കിടന്നുറങ്ങാൻ എല്ലാവർക്കും വളരെ ഇഷ്ടവുമായിരിക്കും. കരഞ്ഞുകൊണ്ടുള്ള കുഞ്ഞിന്റെ എഴുന്നേറ്റു വരവ്, മാതാപിതാക്കളുടെയും ഒരു ദിവസത്തിന്റെ താളം തെറ്റിക്കും. അതുകൊണ്ടു കുഞ്ഞുങ്ങളെ രാത്രി ഒമ്പതുമണിക്ക് മുൻപ് തന്നെ കിടത്തി ഉറക്കി ശീലിപ്പിക്കേണ്ടതാണ്. നേരത്തെ ഉറങ്ങിയാൽ നേരത്തെ എഴുന്നേൽക്കാൻ വലിയ മടി കാണിക്കില്ല കുട്ടികൾ.
മഴക്കാലമാണ്... മറക്കല്ലേ...
മഴയത്ത് യൂണിഫോമും സോക്സുകളും ഉണങ്ങാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ അക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. നനഞ്ഞ യൂണിഫോം ഇട്ടുകൊടുത്തു കുഞ്ഞുങ്ങളെ സ്കൂളിൽ വിടാതിരിക്കുക, അത് ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം കുഞ്ഞുങ്ങളിൽ വലിയ അസ്വസ്ഥതകളും സൃഷ്ടിക്കും. ആദ്യമായി സ്കൂളിൽ പോകുന്ന കുഞ്ഞാണെങ്കിൽ യൂണിഫോമിനൊപ്പം ഒരു ജോഡി സാധാരണ ഉടുപ്പും ബാഗിൽ കൊടുത്തുവിടുന്നത് നന്നായിരിക്കും. മഴക്കാലമായതു കൊണ്ട് തന്നെ കുഞ്ഞുങ്ങൾ അനുമതി വാങ്ങി ടോയ്‌ലെറ്റിൽ പോകുന്നതിനു മുൻപ് യൂണിഫോമിലോ അടിവസ്ത്രങ്ങളിലോ പ്രാഥമിക കൃത്യങ്ങൾ നടത്തിയാൽ യൂണിഫോം മാറി പകരം ധരിക്കാൻ ഈ ഉടുപ്പ് ഉപകാരപ്പെടും.
പഠിപ്പിക്കാം ആദ്യ പാഠങ്ങൾ
സ്കൂളിലെ ഓരോ ദിനത്തിലെ കാര്യങ്ങളും കുഞ്ഞിൽ നിന്നും ചോദിച്ചറിയുക. അധ്യാപകർ നൽകിയ ഗൃഹപാഠങ്ങൾ കുഞ്ഞിനെ കൂടെയിരുത്തി ചെയ്യാൻ സഹായിക്കുക. അതല്ലാതെ മുഴുവൻ കാര്യങ്ങളും മാതാപിതാക്കൾ ചെയ്തു കൊടുക്കുന്നത് വിപരീതഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു പുത്തൻ ലോകത്തേക്കാണ് കുഞ്ഞുങ്ങൾ യാത്ര തുടങ്ങുന്നത്. അറിവിന്റെ ഈ യാത്രയിൽ പല മാനസിക സംഘർഷങ്ങളും കുഞ്ഞുങ്ങൾക്കുണ്ടാകും. പൂർണപിന്തുണ നൽകി അവർക്കൊപ്പം നിൽക്കുക. എന്തിനും തങ്ങൾ കൂടെയുണ്ടാകുമെന്ന വിശ്വാസം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. അക്ഷരങ്ങളുടെ ലോകത്തെ അവർ ആഹ്‌ളാദത്തോടെ വരവേൽക്കട്ടെ...