മൂത്ത കുട്ടിയുടെ മിടുക്ക് ഇളയവർക്കില്ലേ? കാരണം വെളിപ്പെടുത്തി പഠനം
വീട്ടിലെ ആദ്യത്തെ കുട്ടികൾക്ക് ചില പ്രത്യേക പരിഗണനയൊക്കെ കിട്ടാറുണ്ടെന്നത് നേരാണ്. അച്ഛനമ്മമാരുടേയും മറ്റ് കുടുംബാഗങ്ങളുടേയും സ്നേഹവും കരുതലുമൊക്കെ ആദ്യത്തെ കുട്ടിക്കാണ് കൂടുതൽ കിട്ടുക. നിങ്ങൾ വീട്ടിലെ ആദ്യത്തെ കുട്ടിയാണോ? ആണെങ്കിലത് നിങ്ങൾക്ക് നന്നായി മനസ്സിലാകും. നിറയെ കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമൊക്കെയായി ഒരു കൊച്ചു രാജാവായാണ് പൊതുവെ മൂത്തകുട്ടികൾ വളരാറ്. ഇതാ ഇപ്പോൾ ഒരു പുത്തൻ പഠനം പറയുന്നതും മൂത്ത കുട്ടിയുടെ ഒരു സവിശേഷതയെ കുറിച്ചാണ്.
വീട്ടിലെ ആദ്യത്തെ കുട്ടി മറ്റ് കുട്ടികളെക്കാൾ കഴിവും ബുദ്ധിയുമുള്ളവരാണെന്നാണ് പുതിയ പഠനം പറയുന്നത്. ദ ജേർണൽ ഓഫ് ഹ്യൂമൻ റിസോഴ്സസിൽ പ്രസിദ്ധീകരീച്ച ഈ പഠനം ആദ്യത്തെ കുട്ടിയുടെ കഴിവുകളെ കുറിച്ചാണ് പറയുന്നത്. കുഞ്ഞ് ഉദരത്തിലായിരിക്കുമ്പോൾ തൊട്ടേ മാതാപിതാക്കൾ അതിന് നൽകുന്ന പരിഗണയും കരുതലുമാണ് ഇതിനു പിന്നിലെ രഹസ്യം. ആദ്യ കുട്ടിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും അവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതുമൊക്കെയാണ് ഇതിന്റെ കാരണങ്ങൾ.
ഒരു വയസ്സാകുമ്പോൾ മൂത്ത കുട്ടിയിലുള്ള കഴിവുകൾ അതേ പ്രായത്തിൽ രണ്ടാമത്തെ കുട്ടിയിൽ കാണുന്നത് വിരളമാണ്. രണ്ടാമത്തെ കുട്ടിയാകുമ്പോഴേയ്ക്കും അമ്മമാർ കൂടുതൽ റിസ്കുകൾ ഏറ്റെടുക്കുകയും, കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന കാലാവധിയിലെ കുറവും അവർക്കു നൽകുന്ന കരുതലിന്റെ കുറവുമൊക്കെ ഇതിന് കാരണമാണ്.
പതിനാലിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള ആയിരത്തിലേറെ ആളുകളിലാണ് പഠനം നടത്തിയത്.