മികച്ച

മികച്ച മാതാപിതാക്കളാകാൻ പിന്തുടരാം ഈ 5 നിയമങ്ങൾ!

കുട്ടികളെ എങ്ങനെ വളർത്തണം എന്നതു സംബന്ധിച്ച് ഇന്നും വ്യക്തമായ ധാരണ നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്ക് വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പണ്ട് കാലത്ത് പറയുന്നത് പോലെ കൊഞ്ചിച്ചു വളർത്തി നശിപ്പിച്ചു എന്നതാണ് ഇന്നും അവസ്ഥ. കുട്ടികൾ വളരുമ്പോൾ ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറേണ്ടത് അച്ഛനമ്മമാരുടെ ചുമതലയാണ്. അതിനാൽ വാത്സല്യം , സ്നേഹം എന്നിവയ്ക്കപ്പുറം കുട്ടികളെ വളർത്തുകയെന്നത് വലിയൊരു ഉത്തരവാദിത്വമാണെന്നു മനസിലാക്കുക.

കുട്ടികളെ അമിതമായി കൊഞ്ചിക്കുന്നതും അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എല്ലാം തടസമില്ലാതെ ചെയ്തുകൊടുക്കുന്നതും ഒരുതരത്തിൽ പറഞ്ഞാൽ പരിലാളനമല്ല. വളർത്തി നശിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ വിദേശരാജ്യങ്ങളുടെ മാതൃക പിന്തുടരാവുന്നതാണ്. കുട്ടികളെ സ്വയം പര്യാപ്തതയുള്ള വ്യക്തികളാക്കി മാറ്റുന്നതിലാണ് അവർ കൂടുതൽ ശ്രദ്ധിക്കുന്നത്. അതിനാൽ തന്നെ മികച്ച ഒരു പേരന്റ് ആയിരിക്കാൻ ചില പേരന്റിംഗ് നിയമങ്ങൾ പിന്തുടരാം

∙ നിങ്ങൾ ചെയ്യുന്നതാണ് കുട്ടികൾ പിന്തുടരുന്നത്
അച്ഛനമ്മാരാണ് കുട്ടികളുടെ ആദ്യത്തെ റോൾ മോഡൽ. അച്ഛനമ്മമാർ എന്തു ചെയ്യുന്നുവോ അത് പിന്തുടരാനാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. അതിനാൽ അച്ഛനമ്മമാർക്ക് ചിട്ടയായ ജീവിതരീതി, പരസ്പര ബഹുമാനം, വിശാല ചിന്താഗതി എന്നിവ അനിവാര്യമാണ്. ഇക്കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കാനും അവർ സമയം കണ്ടെത്തണം.

∙ അമിത സ്നേഹം വേണ്ട
നിങ്ങളുടെ മക്കളാണെന്നത് ശരി തന്നെ. പക്ഷെ അമിതമായ സ്നേഹം നൽകി അവരെ വഷളാക്കുന്നതിൽ കാര്യമില്ല. ശകാരിക്കേണ്ട തെറ്റുകൾക്ക് ശകാരിക്കുക തന്നെ വേണം. തെറ്റുകൾ മൂടി വയ്ക്കുന്നതും അത് കുട്ടികളുടെ ശ്രദ്ധയിൽ പെടുത്താതിരിക്കുന്നതും അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്

∙ കുട്ടികളുടെ ജീവിതത്തോട് ഇഴചേരുക
കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ അവരുടെ ജീവിതത്തോട് പരമാവധി ഇഴചേരണം. കുട്ടികളുടെ ഇഷ്ടങ്ങൾ, അവരെ അസ്വസ്ഥരാക്കുന്ന കാര്യങ്ങൾ, കൂട്ടുകാർ, പ്രിയപ്പെട്ട ഭക്ഷണം അങ്ങനെ അവരെ സംബന്ധിക്കുന്ന ഓരോ കാര്യവും അറിയാൻ ശ്രമിച്ചാൽ മാത്രമേ മികച്ച ഒരു പേരന്റ് ആവാൻ സാധിക്കൂ

∙കുട്ടികൾക്കായി ചില നിയമങ്ങൾ
കുട്ടികളെ വളർത്തിയെടുക്കുമ്പോൾ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അവരെ മികച്ച ചിട്ടയോടും ജീവിതചര്യയോടും കൂടി വളർത്തുക എന്നത്. കുട്ടികളല്ലേ വളരുമ്പോൾ ശരിയാകും എന്ന ചിന്താഗതി നല്ലതല്ല. അങ്ങനെ ശരിയാകാനും പോകുന്നില്ല. അതിനാൽ തുടക്കം തന്നെ ചിട്ടയോടെയാകണം. ഇതിനായി മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ സൗഹാർദ്ദപരമായ ചില നിയമങ്ങൾ കൊണ്ട് വരികയും നടപ്പിലാക്കുകയും ചെയ്യാം.

∙കുട്ടികളുടെ സ്വാതന്ത്ര്യത്തിന് വില കല്പിക്കുക
കുട്ടികളുടെ സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രാധാന്യം നൽകുക. അമിതമായി ഭരിക്കപ്പെടുന്നതും കുട്ടികൾക്ക് സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അവസരം നിഷേധിക്കുന്നതും ഒരിക്കലും നല്ല കാര്യമല്ല. പകരം ശരിതെറ്റുകൾ മനസിലാക്കി തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ആര്ജ്ജവം അവർക്ക് നൽകുക.