അമിതമായി

അമിതമായി ഭക്ഷണം നൽകി സ്നേഹം കാണിക്കരുതേ; കാരണം ഇതാണ്

കുട്ടികൾക്ക് എപ്പോൾ എങ്ങനെ ഭക്ഷണം കൊടുക്കണം എന്ന കാര്യത്തിൽ ഇന്നും നമ്മുടെ അമ്മമാർ വ്യക്തമായ ഒരു ധാരണയിൽ എത്തിയിട്ടില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കുഞ്ഞ് മെലിഞ്ഞിരിക്കുന്നു, അവനു നന്നായി ഭക്ഷണം കൊടുക്ക്, ന്യൂ ജെൻ അമ്മമാർ ഇങ്ങനെയൊക്കെയാണ് കുഞ്ഞിനെ നോക്കാൻ സമയം എവിടെ? തുടങ്ങിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും കഥനം പറച്ചിലുകൾ ഒടുവിൽ കുഞ്ഞിനെ അനാവശ്യ ഭക്ഷണം കഴിപ്പിക്കുന്നതിലേക്ക് വഴി തിരിച്ചു വിടും. ഒരു കാര്യം മനസിലാക്കുക, അനാവശ്യമായി തീറ്റി പോറ്റുക എന്നതല്ല നല്ല പേരന്റിംഗ് രീതി.

ചില മാതാപിതാക്കൾക്ക് ഒരു ധാരണയുണ്ട് കുഞ്ഞുങ്ങളെ തങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ നന്നായി ഭക്ഷണം നൽകണം. ഇതിൽ യാതൊരു വാസ്തവവുമില്ല. ഭക്ഷണത്തിന്റെ അളവ് നോക്കിയല്ല കുഞ്ഞുങ്ങളോടുള്ള സ്നേഹം വിലയിരുത്തുന്നത്. ആരോഗ്യകരമായ ഭക്ഷണം നൽകുക എന്നതിലാണ് കാര്യം. അമിതമായി ഭക്ഷണം നൽകുന്നത് കുഞ്ഞിന്റെ ആരോഗ്യനിലയെ ബാധിക്കും.

എപ്പോൾ, എങ്ങനെ ഭക്ഷണം നൽകണം എന്ന കാര്യത്തിൽ ഒരു തിരിച്ചറിവുണ്ടാക്കുക എന്നതാണ് പ്രധാനം. ഓരോ കുഞ്ഞുങ്ങൾക്കും വിശക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ഇത് കണ്ടെത്തുക. കുഞ്ഞിനോടൊപ്പം കൂടുതൽ സമയം വിനിയോഗിക്കാൻ കഴിഞ്ഞാൽ ഇത്തരത്തിൽ ഭക്ഷണകാര്യത്തിന്മേൽ ഒരു ധാരണ ലഭിക്കും.

കുഞ്ഞുങ്ങൾ മെലിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. കുഞ്ഞിന് ആരോഗ്യമുണ്ടോ എന്നതാണ് പ്രധാനം. മെലിഞ്ഞിരുന്നാലും അതാത് പ്രായത്തിൽ ചെയ്യേണ്ട ആക്റ്റിവിറ്റികളിൽ കുഞ്ഞു വ്യാപൃതനാണെങ്കിൽ പേടിക്കാനൊന്നുമില്ല

അമിതമായി ആഹാരം നൽകുന്നത് കുഞ്ഞിനെ മിടുക്കനാക്കില്ല എന്നു മാത്രമല്ല, പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുകയും ചെയ്യും. ആവശ്യമില്ലാത്ത സാധനങ്ങൾ വാരിവലിച്ചു കഴിക്കാൻ നൽകുന്നത് കുഞ്ഞിന് അമിതവണ്ണം സമ്മാനിക്കും എന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമില്ല. കുഞ്ഞിന്റെ ഭക്ഷണകാര്യത്തിൽ സ്വയം ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടുക.