വീട്ടിലെ ഭക്ഷണം കഴിക്കാന്‍ കുട്ടിയ്ക്ക് ഇഷ്ടമില്ലേ? ഇതാ പരിഹാരം
ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ട് വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുഞ്ഞുങ്ങളെ വളർത്തുന്നത്തിൽ ഏറ്റവും ശ്രമകരമായ കാര്യമാണ് അവർക്ക് ഭക്ഷണം നൽകുക എന്നത്. കുഞ്ഞുങ്ങളുടെ രുചിമുകുളങ്ങൾ വളർച്ച പ്രാപിക്കുന്നതിനനുസരിച്ച് അവർക്ക് വിവിധ ഭക്ഷണങ്ങളോടുള്ള താല്പര്യം വ്യത്യാസപ്പെട്ടിരിക്കും. കുഞ്ഞുങ്ങളുടെ ഇഷ്ടവും അമ്മമാരുടെ താല്പര്യവും പരസ്പരം ചേരാതെ വരുമ്പോഴാണ് ഒന്ന് കഴിക്ക് വാവേ... എന്നും പറഞ്ഞുള്ള അമ്മമാരുടെ പരിഭവം പറിച്ചിൽ ആരംഭിക്കുന്നത്.
കുഞ്ഞുങ്ങള്‍ എന്തു കഴിച്ചാലും അമ്മയുടെ മനസ് നിറയില്ല എന്നതാണ് വാസ്തവം. വയര്‍ നിറഞ്ഞാല്‍ അതില്‍ പോഷകഗുണമുണ്ടാകുമോ, ഇഷ്ടമുള്ള ആഹാരം കൊടുത്താൽ അതിൽ അനാരോഗ്യകരമായ വസ്തുക്കൾ ഉണ്ടാകുമോ ഇത്തരത്തിൽ സംശയങ്ങൾ നിരവധിയാണ്. എന്നാൽ ഒരു കാര്യം മനസിലാക്കുക നിറയെ പോഷകഗുണമുണ്ട്, ആരോഗ്യമുണ്ടാകും എന്നു പറഞ്ഞൊന്നും കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാന്‍ പറ്റില്ല. അവർക്ക് അത് മനസിലാക്കാനുള്ള പ്രായം ആയിട്ടില്ല എന്നതാണ് കാരണം.
കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കണമെങ്കിൽ അതിന് അല്‍പ്പം മെനക്കെടുകയും കുഞ്ഞുങ്ങളെ രസിപ്പിക്കുകയും ചെയ്യണം. ഇന്നത്തെ മാതാപിതാക്കൾക്ക് അതിനുള്ള സമയമില്ല എന്നതാണ് പ്രധാന കാര്യം. വീട്ടിലുണ്ടാക്കുന്നതൊന്നും മക്കള്‍ക്ക് കഴിക്കാന്‍ ഇഷ്ടമല്ലെന്നത് എല്ലാ അമ്മമാരുടെയും പരാതിയാണ്. എന്നു കരുതി അവർക്ക് ഇഷ്ടമുള്ള ജങ്ക്‌ഫുഡ് വാങ്ങി നൽകുന്നത് അവരുടെ ആരോഗ്യത്തിന് ദോഷവുമാണ്. ഭക്ഷണവും ഭക്ഷണശീലങ്ങളും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല, അപ്പോൾ ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യണം.
കളർ ഫുൾ ആകട്ടെ
കുഞ്ഞുങ്ങളുടെ ഭക്ഷണ രീതിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നിറമാണ്. വിവിധ നിറങ്ങളിലുള്ള ഭക്ഷണം അവർ ഏറെ ഇഷ്ടപ്പെടും. ചുവന്ന നിറം കിട്ടാൻ മുളക് പൊടി കൂടുതൽ ഇട്ടാൽ എരിവ് കൂടും. അപ്പോൾ കാശ്മീരി മുളക് പൊടി ചേർക്കുക, എരിയുകയുമില്ല, നിറവും കിട്ടും. ഇത്തരത്തിൽ നുറുങ് വിദ്യകൾ പ്രയോഗിച്ചു വേണം കുട്ടികൾക്ക് ഭക്ഷണമൊരുക്കാൻ. ഓരോ ദിവസവും വ്യത്യസ്തമായ ഫലങ്ങൾ നൽകുക, കളർ ഡേ എന്ന പേരിലും ഫ്രൂട്ട്സ് ഡേ എന്ന പേരിലും ദിവസങ്ങൾ തരം തിരിച്ച് വ്യത്യസ്തയിനം ഭക്ഷണം കഴിക്കുക.
കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക എന്നതാണ് അടുത്ത പടി. വർത്തമാനം പറഞ്ഞും മറ്റും കഴിക്കുമ്പോൾ ഭക്ഷണം കൂടുതൽ ആസ്വാദ്യകരമാകും. അത്താഴ സമയത്ത് എല്ലാ കറികളും കുറച്ചെങ്കിലും കഴിക്കണമെന്ന് കുട്ടികളോട് പറയുക. പച്ചക്കറികള്‍, പഴങ്ങൾ എന്നിവ കാണാന്‍ ആകര്‍ഷകമായ രീതിയില്‍ തയ്യാറാക്കി നല്‍കുക.
കുഞ്ഞു കുഞ്ഞു പാത്രങ്ങൾ
കുട്ടികള്‍ക്കുള്ള പഴങ്ങളും മറ്റു ആഹാരവസ്തുക്കളും അടുക്കളയുടെ മൂലയിലേക്ക് മാറ്റാതെ ഡൈനിങ് ടേബിളില്‍ വച്ചാല്‍ കുട്ടികള്‍ എളുപ്പം എടുത്തു കഴിക്കും. മാത്രമല്ല അവർക്കായി പ്രത്യേക രീതിയിലും വലുപ്പത്തിലുമുള്ള പ്ളേറ്റുകൾ നൽകാം. ഇപ്പോൾ കുട്ടികൾക്കായുള്ള പാത്രങ്ങൾ പല ഡിസൈനുകളിൽ ലഭ്യമാണ്. എന്നും ഒരേ ആഹാരം ബോറടിപ്പിക്കും. അതിനാൽ പാചകം ചെയ്യുമ്പോൾ വ്യത്യസ്തത പരീക്ഷിക്കാം.
നല്ല രീതിയിൽ ഭക്ഷണം കഴിച്ചാൽ അവരെ അഭിനന്ദിക്കുക. ഇടക്കിടയ്ക്ക് വിവിധ ഭക്ഷണ വസ്തുക്കളുടെ ഗുണങ്ങൾ പറഞ്ഞു മനസിലാക്കുക. കുഞ്ഞുങ്ങൾക്കായി കുഞ്ഞു ചപ്പാത്തി, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ചേർത്ത കളർഫുൾ ഇഡലികൾ, ദോശകൾ, പുട്ടുകൾ എന്നിവയൊക്കെ മാറി മാറി പരീക്ഷിക്കാം